അര്‍ധരാത്രിയില്‍ തെളിവെടുപ്പ്; ഫോണ്‍ കണ്ടെത്താനായില്ല

Posted on: February 25, 2017 11:15 am | Last updated: February 25, 2017 at 11:06 am
പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നു

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ പിടിയിലായ ശേഷം തുടര്‍ച്ചയായ പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. ചോദ്യം ചെയ്ത ശേഷം ഇന്നലെ പുലര്‍ച്ചെ രണ്ടോടെ പ്രതികളെയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി.

ഫോണ്‍ പൊതിഞ്ഞ് ഓടയിലെറിഞ്ഞെന്നാണ് സുനി പോലീസിന് മൊഴി നല്‍കിയിരുന്നത്. സുനി പറഞ്ഞ പ്രദേശങ്ങളിലെ ഓടകളില്‍ പോലീസ് തിരച്ചില്‍ നടത്തി. എന്നാല്‍, ഫോണ്‍ കണ്ടെത്താനായില്ല.

നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെ നടന്ന തെളിവെടുപ്പ് രണ്ട് മണിക്കൂറോളം നീണ്ടു. മൊബൈല്‍ ഫോണ്‍ മറ്റാരെയെങ്കിലും ഏല്‍പ്പിച്ചിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. സുനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ത്രീയെ ചുറ്റിപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. ആലപ്പുഴ സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.