രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗം

Posted on: February 25, 2017 6:41 am | Last updated: February 24, 2017 at 11:44 pm
SHARE

കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിന്റെ ഭരണത്തെയും നടപടികളെയും പുറംലോകം എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ ചൂണ്ടുപലകയാണ് ആംനസ്റ്റി ഇന്റര്‍ നാഷനലിന്റെ പുതിയ റിപ്പോര്‍ട്ട്. തങ്ങളെ വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുകയാണ് സര്‍ക്കാറെന്നും ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതില്‍ ഏറ്റവും കിരാതമായ നിയമമാണ് രാജ്യദ്രോഹക്കുറ്റമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കൊളോണിയല്‍ കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ മറവില്‍ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കുനേരെ പ്രയോഗിക്കുന്നത്. ഇതുവഴി കിരാതമായ മനുഷ്യാവകാശധ്വംസനങ്ങളാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളും ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ജമ്മുകശ്മീരിലെ സൈനികാതിക്രമങ്ങളുമൊക്കെയാണ് ആംനസ്റ്റിയുടെ ഈ കാഴ്ചപ്പാടിന് നിദാനം. സംഘടനയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ രാജ്യദ്രോഹനിയമത്തെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും നിശിതമായി വിമര്‍ശിച്ചത്.
സര്‍ക്കാറിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടാനും അതിനെ വിമര്‍ശിക്കാനും സമാധാനപരമായ പ്രക്ഷോഭങ്ങളിലൂടെ ഭരണകൂടങ്ങളെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പൗരന്റെ അവകാശം മൗലികമാണ്. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള അക്രമ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുക, സാമൂഹിക സ്ഥിതിയെയും പൊതു സമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള അക്രമങ്ങള്‍ അഴിച്ചുവിടുകയും ആസൂത്രണം നടത്തുകയും ചെയ്യുക എന്നീ രണ്ട് അടിസ്ഥാന സാഹചര്യങ്ങള്‍ പരിഗണിച്ച് മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താനാകൂ എന്നും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് കൊണ്ടോ, വിമര്‍ശിച്ചതുകൊണ്ടോ രാജ്യദ്രോഹക്കുറ്റം ചുമത്താവതല്ലെന്നും സുപ്രീം കോടതി പല തവണ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ ഈ ഉത്തരവ് അവഗണിച്ചു സര്‍ക്കാറിനെ തുറന്നു വിമര്‍ശിച്ചതിന്റെ പേരില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ടിരിക്കയാണിപ്പോള്‍. നോട്ട് നിരോധനത്തെ എതിര്‍ത്തവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നു. ഇത് ജനങ്ങളിലുണ്ടാക്കിയ ദുരിതം ചൂണ്ടിക്കാട്ടുന്നവര്‍ കള്ളപ്പണക്കാരുടെ ആളുകളായി മുദ്രയടിക്കപ്പെടുന്നു.

ഭിന്നാഭിപ്രായങ്ങളെ നിര്‍ദയം അടിച്ചമര്‍ത്താനും സ്വാതന്ത്ര്യസമര പോരാളികളെ കല്‍തുറുങ്കിലടക്കാനും ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമത്തിന്റെ രൂപഭേദമാണ് രാജ്യദ്രോഹക്കുറ്റത്തിന് പ്രയോഗിക്കപ്പെടുന്ന ഐ പി സി 124 വകുപ്പ്. അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നതിനാല്‍ ഗാന്ധിയും നെഹ്‌റുവും അടക്കമുള്ള രാഷ്ട്ര നേതാക്കള്‍ ഇതിനെ ശക്തിയായി എതിര്‍ത്തിട്ടുണ്ട്. ‘എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിഷേധാത്മകവും നിന്ദ്യാര്‍ഹവുമാണ് ഐ പി സി 124. രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന ഒരു നിയമവ്യവസ്ഥയിലും ഇതിന് പ്രായോഗികമോ ചരിത്രപരമോ ആയ യാതൊരു പ്രാധാന്യവും കല്‍പ്പിക്കുകയില്ല. എത്രയും വേഗം അത് ഉപേക്ഷിക്കുന്നുവോ അത്രയും നല്ലതെ’ന്നാണ് നെഹ്‌റു ഐ പി സി 124നെക്കുറിച്ചു പറഞ്ഞത്. കൊളോണിയല്‍ ഭരണം അവസാനിച്ചു 70 വര്‍ഷം പിന്നിട്ടിട്ടും പ്രാകൃതമായ ഈ നിയമം തുടരുന്നുവെന്നത് അപഹാസ്യമാണ്. ഇത് പൗരന്റെ പല മൗലികാവകാശങ്ങളെയും ഹനിക്കുന്നുവെന്ന് മാത്രമല്ല, രാജ്യത്തെ പീനല്‍ നിയമസംവിധാനത്തിന് തന്നെ നാണക്കേട് സൃഷ്ടിക്കുന്നു. രാജ്യദ്രോഹമെന്നത് അവ്യക്തവും അനിശ്ചിതത്വവും നിറഞ്ഞ പദങ്ങളായി നിര്‍വചിക്കാവുന്നതാണെന്നതിനാല്‍ ഐ പി സി 124ന് സമാനമായ വകുപ്പ് ബ്രിട്ടനും അമേരിക്കയും റദ്ദാക്കിയിട്ടുണ്ട്. ഇവിടെ ഭരണകൂട ഭീകരതയെയും കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റും സൈന്യവും പോലീസും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ന്യായീകരിക്കാന്‍ നിയമം ഇന്നും നിലനിര്‍ത്തുകയാണ്.

രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗം നേരത്തെയുണ്ടെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് വര്‍ധിച്ചത്. ബി ജെ പി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ പ്രത്യയ ശാസ്ത്ര താത്പര്യങ്ങള്‍ക്കു നിരക്കാത്ത എല്ലാ ശബ്ദങ്ങളെയും നീക്കങ്ങളെയും രാജ്യദ്രോഹമായി മുദ്രകുത്തുകയാണ് സര്‍ക്കാര്‍. മാനേജ്‌മെന്റിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ മേല്‍ ചുമത്തിയത് രാജ്യദ്രോഹക്കുറ്റമായിരുന്നു. ഭരണകര്‍ത്താക്കളെ വിമര്‍ശിക്കുന്നതും ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാറിനെ താഴെയിറക്കുന്നതും ജനാധിപത്യ സംവിധാനത്തില്‍ അംഗീകൃതമാണ്. ചിലപ്പോള്‍ അനിവാര്യവുമാണ്. ജനാധിപത്യത്തെ അത് ശക്തിപ്പെടുത്തുകയേയുള്ളൂ. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഐ പി സി 124 എടുത്തുകളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.