Connect with us

Gulf

പ്രവാസി തൊഴിലാളികളുടെ ആരോഗ്യ സൗകര്യങ്ങളും കായിക പ്രവര്‍ത്തനങ്ങളും പഠനവിധേയമാക്കുന്നു

Published

|

Last Updated

ദോഹ: പ്രവാസി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആരോഗ്യ സൗകര്യങ്ങളെയും കായിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തത്തെയും കുറിച്ച് ഖത്വറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റി (എന്‍ യു- ക്യു) ഗവേഷണം നടത്തുന്നു. പ്രധാനമായും ബ്ലൂ കോളര്‍ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തുന്നത്.

പ്രവാസി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും അവര്‍ക്കായി നിര്‍മിച്ച വിഭവങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തും. വിശ്രമവേളകളിലെ ഏര്‍പ്പാടും പഠനവിധേയമാക്കും. ഖത്വര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ടിലെ അണ്ടര്‍ഗ്രാജ്വേറ്റ് റിസര്‍ച്ച് എക്‌സ്പീരിയന്‍സ് പ്രോഗ്രാമാണ് ഗ്രാന്റ് നല്‍കുന്നത്. അസി. പ്രോഫസര്‍ സൂസന്‍ ഡൂന്‍, അസോ. പ്രൊഫസര്‍ അമി സാന്‍ഡേഴ്‌സ്, എന്‍ യു ക്യുവിലെ ആറ് വിദ്യാര്‍ഥികള്‍ എന്നിവരാണ് ഗവേഷണം നടത്തുന്നത്. പ്രവാസി തൊഴിലാളികളുടെ ആരോഗ്യം, കായിക പ്രവര്‍ത്തനം, സ്‌പോര്‍ട്‌സ് പങ്കാളിത്തം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. തങ്ങള്‍ക്കായി രാജ്യം ഏര്‍പ്പെടുത്തിയ വിവിധ സൗകര്യങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് ബോധവാന്‍മാരാക്കുന്നതിന് പ്രവാസി തൊഴിലാളികളുമായി ആശയവിനിമയ പ്രചാരണം നടത്തും. ആരോഗ്യ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രവാസി തൊഴിലാളികള്‍ നേരിടുന്ന വിടവ് പദ്ധതി അഭിമുഖീകരിക്കും. ഇതിനായി അവരുടെ ജീവിത രീതി പ്രത്യേകം അന്വേഷിക്കും. പ്രവാസികളുമായി നടത്തുന്ന അഭിമുഖങ്ങള്‍ക്ക് ശേഷം രൂപപ്പെടുത്തുന്ന പദ്ധതിയനുസരിച്ച് പ്രാദേശിക കമ്പനിയുമായി ചേര്‍ന്ന് ആശയവിനിമയ പ്രചാരണമാണ് പഠനത്തിന്റെ രണ്ടാം ഘട്ടം.

2022 ഫിഫ ലോകകപ്പിന് വേദിയാകുന്നത് കാരണം ആരോഗ്യം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, സ്‌പോര്‍ട്‌സ് പങ്കാളിത്തം എന്നീ മേഖലകളില്‍ രാജ്യത്തുണ്ടാകുന്ന പ്രതിഫലനങ്ങള്‍ പരിശോധിക്കുന്ന ഗവേഷണവുമായി ബന്ധപ്പെട്ടതാണ് ഈ പ്രൊജക്‌ടെന്ന് ഡൂണ്‍ പറഞ്ഞു. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാകുന്നതിനും അവരെ ബോധവത്കരിക്കുന്നതിനും കഴിയുമെന്നതിനാല്‍ ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും സാമൂഹിക സേവനമാണെന്നും ഗവേഷണ സംഘത്തിലെ വിദ്യാര്‍ഥികളിലൊരാളായ അമല്‍ അലി പറഞ്ഞു. ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്വറിനെ ലോകം സസൂക്ഷ്മം വീക്ഷിക്കുന്നതിനാല്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഗവേഷണ ഫലം ഈ ആരോപണങ്ങളെ ഇല്ലാതാക്കുമെന്നും അലി ചൂണ്ടിക്കാട്ടി. ബിരുദ പഠനത്തിനിടെ തന്നെ ഗവേഷണ സംസ്‌കാരം വിദ്യാര്‍ഥികളില്‍ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് യുറിപ് ഫണ്ട്.

 

Latest