ഒരു ദിവസം കൊണ്ട് വാച്ച് നിര്‍മാണം പഠിക്കാന്‍ അവസരം

Posted on: February 24, 2017 10:48 pm | Last updated: February 24, 2017 at 10:29 pm

ദോഹ: ലോകപ്രശസ്ത ബ്രാന്‍ഡായ ഒബ്ജക്ടിഫ്‌ഹോര്‍ലോഗറിയിലെ വിദഗ്ധരില്‍ നിന്ന് വാച്ചുനിര്‍മാണം പഠിക്കാന്‍ സന്ദര്‍ശകര്‍ക്ക് അപൂര്‍വ അവസരമൊരുക്കി ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്‌സിബിഷന്‍. ഫ്രഞ്ച് കമ്പനിയുടെ ഫസ്റ്റ് ടൈം എന്ന പേരിലുള്ള ക്ലാസുകളാണ് സന്ദര്‍ശകര്‍ക്ക് ഏറെ പ്രയോജനപ്രദമാകുക. കമ്പനിയുടെ സഹസ്ഥാപകരായ ജീന്‍ യെവ്‌സ് ഗോള്‍ഡ്മാന്‍, സമീര്‍ ഖെമിച്ചി എന്നിവരുടെ ക്ലാസുകള്‍ വാച്ചുനിര്‍മാണത്തില്‍ വേണ്ട അതിസൂക്ഷ്മതും സങ്കീര്‍ണതയും അറിയാന്‍ സാധിക്കുന്നു.

ഇത്തരം വിവരദായക വര്‍ക്‌ഷോപ്പുകള്‍ ഏറെ ജനകീയമാണെന്ന് സന്ദര്‍ശകരുടെ ആധിക്യവും താത്പര്യവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ക്ലാസുകള്‍ക്ക് നിരവധി ബുക്കിംഗും ലഭിച്ചു. ഇതുവരെ നാല്‍പ്പത് വാച്ച് വിദഗ്ധര്‍ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രദര്‍ശനം കഴിയുന്നതോടെ ഇത് നൂറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാച്ച് നിര്‍മാണത്തിന്റെ അത്ഭുതലോകം സന്ദര്‍ശകര്‍ക്ക് മുന്നില്‍ സന്തോഷത്തോടെ തുറന്നിടുമെന്ന് ഗോള്‍ഡ്മാന്‍ പറഞ്ഞു. പഠിക്കാന്‍ ഏറെ താത്പര്യമുള്ളവരാണവര്‍. ഇത്തരമൊരു വലിയ പ്രദര്‍ശനത്തില്‍ തന്നെ അടയാളപ്പെടുത്തുന്നതിലും സന്തോഷമുണ്ട്. പ്രദര്‍ശനത്തില്‍ വിശാലമായ സ്ഥലമാണ് ലഭിച്ചത്. അതിനനുസരിച്ച് ഗുണമേന്മയുള്ള സേവനം തിരികെ നല്‍കാന്‍ ബാധ്യസ്ഥനാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പുകളുടെ ചില്ലലമാരക്കുള്ളില്‍ എത്തുന്നതിന് മുമ്പ് വാച്ച് ഏതൊക്കെ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നതിന്റെ പൂര്‍ണകായ ചിത്രമാണ് വര്‍ക്ക്‌ഷോപ്പിലൂടെ ലഭിക്കുന്നത്. സാങ്കേതിക വശങ്ങളോടൊപ്പം കലാചാരുതയും ഓരോ വാച്ചിലും അടങ്ങിയിട്ടുണ്ട്. നാല് പേരടങ്ങിയ സംഘത്തിന് ഒരു ദിവസം നാലോ അഞ്ചോ ക്ലാസുകളാണ് നല്‍കുന്നത്.