രോഗാതുരര്‍ക്ക് ആശ്വാസമേകാന്‍ കുട്ടികളുടെ പെട്ടിപ്പീടിക

Posted on: February 24, 2017 10:15 pm | Last updated: February 24, 2017 at 10:06 pm
കച്ചവടം നടത്തുന്ന കുട്ടികള്‍

ദോഹ: രോഗം കൊണ്ട് ദുരിതം പേറുന്ന മനുഷ്യര്‍ക്ക് തങ്ങളാലാകുന്ന സഹായം നല്‍കാന്‍ പെട്ടിപ്പീടിക നടത്തി മാതൃകയാകുകയാണ് ഈ കുരുന്നുകള്‍. ലോകവ്യാപകമായി അശരണര്‍ക്ക് ആശ്വാസമെത്തിക്കുന്ന ഖത്വറിന്റെ സഹായ മനസ്സിനൊപ്പം ചേര്‍ന്നാണ് ദോഹ ഇംഗ്ലീസ് സ്പീക്കിംഗ് സ്‌കൂളിലെ രണ്ടു കുട്ടികള്‍ തങ്ങളുടെ ഇഷ്ട സമ്മാനങ്ങളുടെ ശേഖരവും വീട്ടിലുണ്ടാക്കുന്ന ഭക്ഷ്യ വിഭവങ്ങളും വില്‍പ്പനക്കു വെച്ച് ധനസമാഹരണം നടത്തുന്നത്. ഒര്‍ബിസും ഖത്വര്‍ ചാരിറ്റിയും ചേര്‍ന്ന് നടത്തുന്ന ധന സമാഹരണ കാംപയിനൊപ്പം ചേര്‍ന്നാണ് ഈ കുട്ടികളുടെ ശ്രദ്ധേയമായ യത്‌നം.

ഇമോജിന്‍, റോറി എന്നീ രണ്ടു കുട്ടികളാണ് രോഗബാധിതരായവരെ സഹായിക്കുന്നതിനായി തങ്ങളുടെ വ ്‌സ്ത്രങ്ങള്‍, കേക്കുകള്‍, ബിസ്‌ക്കറ്റുകള്‍, വീട്ടിലുണ്ടാക്കിയ പാനീയങ്ങള്‍ എന്നിവ വീടിന്റെ പരിസരങ്ങളില്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്. സ്‌കൂളില്‍ നിന്നുള്ള പ്രേരണ കൂടിയിയായിരുന്നു ഈ കുട്ടികളുടെ സന്നദ്ധതക്ക് വഴി തുറന്നത്. ഞങ്ങള്‍ കണ്ടിട്ടില്ലാത്ത ആളുകളെ സഹിയാക്കാനായാണ് കേക്കുകളും പാനീയവും വില്‍ക്കുന്നതെന്ന് റോറി പറഞ്ഞു. തങ്ങള്‍ക്ക് നിരവധി പോക്കറ്റ് മണി കിട്ടുന്നുവെന്നും അവയെല്ലാം മറ്റുള്ളവരെ സഹായിക്കാനായി നല്‍കുകയാണെന്നും ഇമോജിന്‍ പറഞ്ഞു. ദി പെനിന്‍സുല പത്രമാണ് കുട്ടികളുടെ പ്രവര്‍ത്തനം പുറംലോകത്തെത്തിച്ചത്.

തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി കൂടുതല്‍ പേരെ പങ്കാളിളാക്കുന്നതിനുള്ള ശ്രമത്തിലാണ് രണ്ടു കുട്ടികളും. വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ പ്രൈസ് ലിസ്റ്റ് തയാറാക്കിയും അയല്‍ക്കാര്‍ക്ക് സന്ദേശം അയച്ചുമാണ് പ്രചാരം നടത്തുന്നത്. കച്ചവടം വിജയകരമായിരുന്നുവെന്നും തയാറാക്കിയ ഉത്പന്നങ്ങളെല്ലാം വിറ്റു പോയെന്നും റോറി പറഞ്ഞു.

ആള്‍ക്കാര്‍ നല്ല രീതിയില്‍ സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രോഗം കൊണ്ട് വിഷമിക്കുന്നവര്‍ക്കു വേണ്ടി സഹായിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കു ചേരാനുള്ള നിര്‍ദേശം സ്വീകരിച്ച് കുട്ടികള്‍ നടത്തിയ പരിശ്രമത്തെ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ സീന്‍ സിബ്ലി അഭിനന്ദിച്ചു. കുട്ടികള്‍ നടത്തുന്ന ഇത്തരം പ്രയത്‌നങ്ങള്‍ നല്ല മാതൃകകളാണ്. ധനസമാഹരണം നടത്താന്‍ അവര്‍ അധ്വാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കാഴ്ച ശക്തിയില്ലാത്ത 55 ലക്ഷം പേര്‍ക്ക് ചികിത്സ നല്‍കുന്നതിനും ഓര്‍ബിസ്, ഖത്വര്‍ ചാരിറ്റി പദ്ധതി ലക്ഷ്യം വെക്കുന്നത്. 2020നുള്ളിലാണ് ഈ ദൗത്യം പൂര്‍ത്തിയാക്കുക.