മാഹിയില്‍നിന്നും വിദേശ മദ്യം കടത്തി വില്‍പ്പന നടത്തുന്നയാളെ താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തു

Posted on: February 24, 2017 9:35 pm | Last updated: February 24, 2017 at 9:14 pm

താമരശ്ശേരി: മാഹിയില്‍നിന്നും വിദേശ മദ്യം കടത്തി വില്‍പ്പന നടത്തുന്നയാളെ താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കൊട്ടാരക്കോത്ത് കവുങ്ങുള്ളകുന്ന് പുല്‍ക്കുഴി രഘു(44)വിനെയാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊട്ടാരക്കോത്തും പരിസര പ്രദേശങ്ങളിലും വിദേശമദ്യ വില്‍പ്പന വ്യാപകമാണെന്ന പരാതിയെതുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ നിരീക്ഷണത്തിലാണ് രഘു പിടിയിലായത്. വളഞ്ഞപാറ ഭാഗത്ത് വിദേശമദ്യം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് രഘുവിനെ എക്‌സൈസ് സംഘം പിടികൂടിയത്.

മാഹിയില്‍നിന്നും കടത്തിയ നാലുകുപ്പി വിദേശ മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു. മദ്യം കടത്താനുപയോഗിച്ച കെ എല്‍ 57 ബി 3212 നമ്പര്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മാഹിയില്‍ 80 രൂപ വിലയുള്ള മദ്യം നാനൂറ് രൂപയോളം ഈടാക്കിയാണ് വില്‍പ്പന നടത്തുന്നത്. ചാരായ വില്‍പ്പനക്കുള്‍പ്പെടെ രഘുവിന്റെ പേരില്‍ നേരത്തെ താമരശ്ശേരി എക്‌സൈസ് കേസെടുത്തിരുന്നു. പ്രിവന്റീവ് ഓഫീസര്‍ കെ ഗിരീഷ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരാ വസന്തന്‍, ടി നൗഫല്‍, ഷാജു, സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.