Connect with us

Gulf

റൊട്ടിയുടെ തൂക്കം കുറച്ച് വില്‍പ്പന നടത്തുന്ന ബേക്കറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി വാണിജ്യ മന്ത്രാലയം

Published

|

Last Updated

ദമ്മാം : സഊദിയില്‍ റൊട്ടിയുടെ വിലയിലോ ഗുണനിലവാരത്തിലോ തൂക്കത്തിലോ കുറവ് വരുത്തുന്ന ബേക്കറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സഊദി വാണിജ്യ മന്ത്രാലയം.

ഇത്തരം കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ മൂവായിരം റിയാല്‍ പിഴ ഈടാക്കും. എംസിഐ പരിശോധന സംഘങ്ങള്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ കഴിഞ്ഞ ദിവസങ്ങളില്‍ 730 ബേക്കറികളിലായി നടത്തിയ പരിശോധനയില്‍ 128 നിയമലംഘനങ്ങള്‍ കണ്ടെത്തി. തൂക്കം കുറച്ച് റൊട്ടി വിറ്റ സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതല്‍ പിടിയിലായത്.

നിലവില്‍ ഒരു റിയാലിന് വില്‍ക്കുന്ന റൊട്ടിയുടെ തൂക്കം ഏറ്റവും ചുരുങ്ങിയത് 510 ഗ്രാം വേണമെന്നാണ് നിര്‍ദേശം. സഊദിയില്‍ മൈദ സബ്‌സിഡി എടുത്തുകളയുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മൈദയുമായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ചില ബേക്കറികള്‍ റൊട്ടിയുടെ തൂക്കം കുറയ്ക്കുകയായിരുന്നു.

മൈദ സബ്‌സിഡി എടുത്ത് കളഞ്ഞിട്ടില്ലെന്നും പഴയ നിരക്കില്‍ തന്നെയാണ് മൈദ വിതരണം ചെയ്യുന്നതെന്നും കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി.

റൊട്ടിയുടെ തൂക്കത്തിലോ ഗുണനിലവാരത്തിലോ കുറവ് കണ്ടെത്തിയാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. 1900 എന്ന നമ്പരില്‍ പരാതിപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

സിറാജ് പ്രതിനിധി, ദമാം