Connect with us

Eranakulam

നടിയെ ആക്രമിച്ച കേസ്: ഒപ്പം നിന്നവരെ ക്രൂശിക്കരുത്: ലാല്‍

Published

|

Last Updated

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ തനിക്കും നടിക്കും ഒപ്പം നിന്നവര്‍ ക്രൂശിക്കപ്പെട്ടത് ഏറെ വേദനിപ്പിച്ചെന്ന് നടന്‍ ലാല്‍. ആക്രമണത്തിനിരയായി നടി തന്റെ വീട്ടിലെത്തിയപ്പോള്‍ സഹായത്തിനായി താനാണ് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ചുവരുത്തിയത്. ആദ്യം ആന്റോയെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് താന്‍ മറ്റൊരു സംവിധായകനെ വിളിച്ചെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നല്ല. അതിന് ശേഷമാണ് പിന്നെയും ആന്റോയെ വിളിച്ചതും അദ്ദേഹം ഓടിയെത്തിയതും. പിറ്റേ ദിവസം വരെ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആന്റോ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സംഭവത്തിന് പിന്നില്‍ ആന്റോയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത് തന്നെ ഏറെ വേദനിപ്പിച്ചു. ഇത്തരത്തില്‍ ആളുകള്‍ ക്രൂശിക്കപ്പെടുന്നത് ശരിയല്ല.

നടി ആക്രമിക്കപ്പെട്ട ദിവസം പൊലീസ് സഹായത്തിനായി താനാണ് രാത്രി 11 മണിക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചത്. പേടിക്കേണ്ടെന്നും ഉടന്‍ ഇവിടെ ആളെത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മിനിറ്റിനുള്ളില്‍ കൊച്ചിയില്‍ നിന്ന് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ വിളിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ ഉന്നത ഉദ്ദ്യോഗസ്ഥരടക്കം പൊലീസുകാരെത്തി. ഫോറന്‍സിക് വിദഗ്ദരടക്കം വളരെ വേഗത്തിലും കാര്യക്ഷമമായുമാണ് പ്രവര്‍ത്തിച്ചത്. ഇത്ര വേഗത്തില്‍ പൊലീസ് പ്രവര്‍ത്തിക്കുന്നത് സിനിമയില്‍ മാത്രമാണ് താന്‍ കണ്ടിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ പ്രതിയെ കണ്ടെത്തിയത് വലിയ കാര്യമാണ്. ഇത്ര വേഗം പ്രതിയെ പിടിക്കാനായതും വലിയ നേട്ടമാണ്. മനഃപൂര്‍വ്വം ഒളിച്ചിരിക്കാന്‍ ശ്രമിച്ച കൊടും ക്രിമിനലിനെ പിടികൂടുക എളുപ്പമല്ല.

പിടിക്കപ്പെട്ടവര്‍ ഇനി വെറുതെയെങ്കിലും പ്രതികളല്ലാത്ത ആരുടെയെങ്കിലും പേര് പറഞ്ഞാല്‍ അയാളുടെ ജീവിതം തകരുമെന്നതാണ് അവസ്ഥ. ഔഹാപോഹങ്ങള്‍ വെച്ച് കഥകളുണ്ടാക്കുന്നത് നിരവധി പേരുടെ ജീവിതം ഇല്ലാതാക്കും. പ്രതിയെ കോടതിയില്‍ കയറി പിടിച്ചതിന് ബഹളമുണ്ടാക്കുന്നത് ശരിയല്ല. പ്രതിക്ക് വേണ്ടിയല്ല ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പമാണ് എല്ലാവരും നില്‍ക്കേണ്ടത്. താനും ആക്രമിക്കപ്പെട്ട നടിയുമെല്ലാം ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്. തെറ്റായ വാര്‍ത്തകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഇരയാക്കപ്പെട്ട നടിയുടെ മാനസിക നിലയാണ് തെറ്റിക്കുന്നതെന്നും ലാല്‍ പറഞ്ഞു. ന്യൂജെനറേഷന്‍ സിനിമകളോടുള്ള അതൃപ്തിയാണ് ചിലരുടെ പ്രശ്‌നം. ന്യൂ ജനറേഷന്‍ സിനിമകളിലെല്ലാം കഞ്ചാവും മയക്കുമരുന്നുമാണെന്ന ആരോപണത്തിന് പിന്നില്‍ ഇത്തരക്കാരാണ്. കഞ്ചാവടിച്ച് സിനിമയുണ്ടാക്കിയാല്‍ മാത്രം അത് ഓടില്ലെന്നും ലാല്‍ പറഞ്ഞു.

Latest