Connect with us

Kozhikode

ശാഫിക്കും സാലിക്കും സ്വപ്നസാഫല്യം; നാളെ ഉംറക്ക്

Published

|

Last Updated

യാത്രയയപ്പ് ചടങ്ങില്‍ സാലി ഗാനമാലപിക്കുന്നു

പൂനൂര്‍: മക്കത്തെ കാറ്റിന്റെ ചുണ്ടത്തും ബൈത്തുണ്ടേ…. മുത്ത് റസൂലിന്റെ മദ്ഹിന്റെ പാട്ടുണ്ടേ… ഒരു പതിറ്റാണ്ടോളമായി ശാഫിയുടെയും സാലിയുടെയും ചുണ്ടില്‍ തത്തിക്കളിക്കുന്ന ആ ഗാനം വിശുദ്ധ നാട് കാണാനുള്ള അവരുടെ ആഗ്രഹം അലയടിക്കുന്നതായിരുന്നു. മാനസിക ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്ന ഈ ഇരട്ട സഹോദരന്മാരുടെ മനസ്സ് എന്നും മക്കയിലും മദീനയിലുമായിരുന്നു.

ഇമ്പമാര്‍ന്ന ഈരടികളോടെ തങ്ങളുടെ ആഗ്രഹം അവര്‍ പല സദസ്സുകളിലും ആലപിച്ചിട്ടുണ്ട്. ഒന്നാം നിര പാട്ടുകാരനല്ലെങ്കിലും സാലി ആലപിച്ച ഈ ഗാനങ്ങള്‍ പലരുടെയും മനസ്സലിയിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ സ്വപ്‌നം പൂവണിയുമ്പോള്‍ അവര്‍ ഹെല്‍ത്ത് കെയര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയാണ്.
മാനസിക ശാരീരിക വൈകല്യമുള്ള ശാഫിയും സാലിയും നാളെ വിശുദ്ധ ഭൂമിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോകുകയാണ്. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ സന്തോഷ നിമിഷങ്ങളാണ് അവര്‍ക്കിപ്പോള്‍. കാരക്കാട് പറശ്ശേരിമണ്ണില്‍ അബ്ദുര്‍റസാഖിന്റെയും സഫിയയുടെയും മക്കളായ ശാഫിയും സാലിയും ഹെല്‍ത്ത് കെയര്‍ സൊസൈറ്റി സ്‌പെഷ്യല്‍ സ്‌കൂളിലെ താരങ്ങളാണ്. തളര്‍ന്ന ശരീരവുമായി അവര്‍ നിശ്ചയദാര്‍ഢ്യത്തോടെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവങ്ങളിലും സ്‌പോര്‍ട്‌സ് മേളകളിലും നിരവധി മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

സ്‌പെഷ്യല്‍ സ്‌കൂള്‍ പത്ത് വര്‍ഷം മുമ്പ് ആരംഭിച്ചത് മുതല്‍ ഇവിടുത്തെ വിദ്യാര്‍ഥികളായ ഇരുവര്‍ക്കും ഹെല്‍ത്ത് കെയര്‍ സൊസൈറ്റിക്ക് കീഴിലാണ് ഉംറക്ക് അവസരമൊരുങ്ങിയത്. രണ്ട് സഹായികളും കൂടെയുണ്ട്. സ്‌പെഷ്യല്‍ സ്‌കൂളില്‍ ജനപ്രതിനിധികളും നാട്ടുകാരും രക്ഷിതാക്കളും നിറഞ്ഞു നിന്ന സദസ്സില്‍ ശാഫിക്കും സാലിക്കും നല്‍കിയ വികാര നിര്‍ഭരമായ യാത്രയയപ്പ് ചടങ്ങ് കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം മുഖ്യാതിഥിയായിരുന്നു. ഹെല്‍ത്ത് കെയര്‍ സൊസൈറ്റി പ്രസിഡന്റ് പി കെ അബ്ദുന്നാസര്‍ സഖാഫി അധ്യക്ഷത വഹിച്ചു. വി ബീരാന്‍ കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. താര അബ്ദുര്‍റഹ്മാന്‍ ഹാജി, സി കെ അസീസ് ഹാജി, വടക്കോത്ത് ബശീര്‍ മാസ്റ്റര്‍, കെ ടി റസാഖ്, കെ എം അബ്ദുല്‍ ഖാദര്‍, ഹുമൈദ് മങ്ങാട് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശഫീഖ് കാന്തപുരം സ്വാഗതവും അജ്‌നാസ് ഇ നന്ദിയും പറഞ്ഞു.
ശാഫിക്കും സാലിക്കും കാരാട്ട് റസാഖ് എം എല്‍ എ ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയുടെ ഉപഹാരങ്ങള്‍ നല്‍കി.

 

Latest