പള്‍സര്‍ സുനിയുടെ അറസ്റ്റ്: പോലീസ് നീക്കം അഭിഭാഷകനെ പിന്തുടര്‍ന്ന്

Posted on: February 24, 2017 11:52 am | Last updated: February 24, 2017 at 11:52 am

കൊച്ചി: ആറ് ദിവസം പോലീസിനും സംസ്ഥാന സര്‍ക്കാറിനും തലവേദന സൃഷ്ടിച്ച പള്‍സര്‍ സുനിയെ പിടികൂടാന്‍ പോലീസ് നീക്കം നടത്തിയത് അഭിഭാഷകനെ പിന്തുടര്‍ന്ന്. സംഭവത്തിന് ശേഷം പ്രതികള്‍ വക്കാലത്ത് നല്‍കിയ അഭിഭാഷകനെ നിരീക്ഷിച്ചാണ് പ്രതികളുടെ നീക്കം പോലീസ് മനസ്സിലാക്കിയത്.
ഇന്നലെ ഉച്ചയോടെ അഭിഭാഷകന്റെ വാഹനത്തില്‍ പ്രതികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഭിഭാഷകന്റെ വാഹനത്തെ പിന്തുടര്‍ന്നു. അഭിഭാഷകന്‍ 12.52ന് വാഹനം ജോസ് ജംഗ്ഷനിലെത്തിയെന്ന് ഉറപ്പാക്കിയ പോലീസ് പിന്തുടര്‍ന്നെങ്കിലും നഗരത്തിലെ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ട തടസ്സത്തെ തുടര്‍ന്ന് മുന്നോട്ടു പോകാനായില്ല. പിന്നീട് പള്‍സര്‍ ബൈക്കില്‍ കോടതിയിലെത്തിയ പ്രതികള്‍ മതില്‍ ചാടി കോടതിയിലേക്ക് പ്രവേശിക്കുകയായിരുന്നു ഇതിനിടെ സുനിലിനെ കോടതിമുറിയില്‍ കയറി അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ ശ്രമം തടയാന്‍ ഒരു വിഭാഗം അഭിഭാഷകര്‍ ശ്രമിച്ചിരുന്നു.

ഇതിന് പുറമെ പോലീസ് ജീപ്പിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ഇതിനിടെ തിരുവനന്തപുരത്തുള്ള കോടതിയില്‍ പ്രതികള്‍ക്ക് കീഴടങ്ങാന്‍ അവസരമൊരുക്കുമെന്ന് വിവരം ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം അഭിഭാഷകന്‍ തിരുവനന്തപുരത്തേക്ക് പോയതും പോലീസ് നിരീക്ഷിച്ചിരുന്നു. അവര്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ വരെ പോലീസെത്തിയെങ്കിലും പ്രതികള്‍ അവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം പദ്ധതി ഉപേക്ഷിച്ച് അഭിഭാഷകന്‍ കൊച്ചിയിലേക്ക് തിരിച്ചുവന്നു.