പ്രവാസികള്‍ക്കായി നിയമസഹായ സെല്‍

Posted on: February 24, 2017 11:15 am | Last updated: February 24, 2017 at 10:53 am

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ കേരളീയരെ സഹായിക്കുന്നതിനായി അതാത് രാജ്യങ്ങളുടെ നിയമപരിധിക്കുള്ളില്‍നിന്ന് നിയമസഹായസെല്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.

മടങ്ങിവരുന്ന പ്രവാസി കേരളീയര്‍ക്കും തദ്ദേശ നിവാസികളായ മലയാളികള്‍ക്കും നിക്ഷേപവും തൊഴിലും ആവിഷ്‌കരിക്കുന്നതിന് പ്രമുഖവ്യവസായികളുടെയും പ്രവാസിമലയാളികളുടെയും തദ്ദേശിയരുടെയും സഹായത്തോടെ പ്രവാസികേരളീയ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ സെല്‍ രൂവത്കരിക്കുന്നതാണ്.
ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചേര്‍ന്ന് എല്ലാ പ്രവാസികേരളീയര്‍ക്കുമായി ഒരു പ്രത്യേക അപകട ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുവാന്‍ പദ്ധതിയിടുന്നു. അപകടങ്ങളിലും അത്യാഹിതങ്ങളിലും പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനും ചികിത്സക്കുമായി ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് മാറ്റുകയും മെച്ചപ്പെട്ട ചികിത്സസ ലഭിക്കുന്നതിനായി ഭാരതത്തിലേക്ക് കൊണ്ടുവരുന്നതുവരെ അടിയന്തിരശുശ്രൂഷ നല്‍കുന്നതുമാണ് പദ്ധതി.
ഒരു വിദേശരാജ്യത്ത് വച്ച് ഒരുകേരളീയന്‍ മരിച്ചാല്‍ മൃതദേഹം ഭാരതത്തില്‍ എത്തിക്കുന്നതിന് ഏര്‍പ്പാട് ചെയ്യുന്ന സംഘടനക്ക് പ്രത്യേകസഹായം നല്‍കുന്നതാണ്.

ഔപചാരിതകള്‍ പൂര്‍ത്തികരിക്കുന്നതിനുള്ള സഹായം. വിമാനത്തില്‍ സ്ഥലം ഏര്‍പ്പെടുത്തുന്നതിനും വിമാനത്താവളത്തിലേയ്ക്കും വിമാനത്താവളത്തില്‍നിന്നും അവരുടെ വീടുകളിലേക്കും മൃതദേഹം കൊണ്ടുപോകുന്നതിന് സഹായം നല്‍കും. ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തുന്നതിന് പുറമെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതിനും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് സാമ്പത്തിക സഹായം നല്‍കും.
വിദേശത്ത് തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ കാംക്ഷിക്കുന്നവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും തൊഴില്‍ ഉടമ, ഏജന്റുമാരില്‍നിന്നും ചൂഷണത്തിന് വിധേയരാകാതിരിക്കാന്‍വേണ്ട മുന്‍കരുതല്‍ എടുക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി ഒരു പദ്ധതിയുണ്ടാക്കും. തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും കൃത്യമായ വിവരം പ്രാപ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഓണ്‍ലൈന്‍ജോബ് പോര്‍ട്ടല്‍ സൃഷ്ടിക്കപ്പെടും. വിദ്യാഭ്യാസയോഗ്യത, നേടിയ വൈദഗ്ധ്യം, തൊഴില്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ തൊഴില്‍ ആഗ്രഹിക്കുന്നവരുടെ പേരും മറ്റുവിവരങ്ങളും പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്.

തൊഴിലാളികളെ ആവശ്യമുള്ള എല്ലാ കമ്പനികളോടും അവരുടെ വാഗ്ദാനങ്ങള്‍ പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. വിദേശങ്ങളില്‍ പോകുന്നവര്‍ക്കായി അത്യാവശ്യമാര്‍ക്ഷരേഖകള്‍ അടങ്ങിയ ഒരു ബേസിക് ഹാന്റ്ബുക്ക് പ്രസിദ്ധീകരിക്കുന്നതാണ്- ഗവര്‍ണര്‍ പറഞ്ഞു.