Connect with us

International

ഭിന്നലിംഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശൗചാലയം വേണ്ടെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: മുസ്‌ലിംകള്‍ക്കും അഭയാര്‍ഥികള്‍ക്കുമെതിരായ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭിന്നലിംഗക്കാര്‍ക്കെതിരെയും രംഗത്ത്. രാജ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശൗചാലയം പണിയണമെന്ന ഉത്തരവ് റദ്ദാക്കിയാണ് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ പുതിയ നടപടിയുമായി ട്രംപ് സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഇത്തരം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ വിവേചനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവാണ് ട്രംപ് റദ്ദാക്കിയത്.
പ്രത്യേക ശൗചാലയം ഒഴിവാക്കണമെന്ന ആവശ്യമടങ്ങിയ നിര്‍ദേശം അമേരിക്കയിലെ സ്‌കൂളുകളിലേക്ക് ട്രംപ് ഭരണകൂടം അയച്ചു. ഇതോടെയാണ് സംഭവം വിവാദമായത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി പ്രതിഷേധവുമായി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി.

ഇന്നലെ വൈറ്റ്ഹൗസിന് മുന്നിലും പ്രതിഷേധം നടന്നു. മഴവില്‍ നിറമുള്ള കൊടി വീശിയാണ് പ്രവര്‍ത്തകര്‍ വൈറ്റ് ഹൗസിനു മുന്നിലെത്തിയത്. വെറുപ്പും വിദ്വേഷവും വേണ്ടെന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിനു മുന്നില്‍ എത്തിയത്.
അതേസമയം, ഭരണകൂടത്തിന്റെ വിവാദ നടപടി റദ്ദാക്കി യു എസ് ഫെഡറല്‍ കോടതി രംഗത്തെത്തി. ഭിന്ന ലിംഗക്കാര്‍ക്ക് വിവേചനമില്ലാതെ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് സ്‌കൂള്‍ തലത്തില്‍ പുതിയ പരിഷ്‌കരണവുമായി ഒബാമ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നത്. വ്യാപകമായ സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഒബാമയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.
അതേസമയം, അമേരിക്കയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ട്രംപ്‌വിരുദ്ധ പ്രക്ഷോഭം വ്യാപിക്കാന്‍ പുതിയ വിവാദം കാരണമാകും. നിലവില്‍ മുസ്‌ലിം, അഭയാര്‍ഥി അനുകൂല സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ട്രംപിനെതിരെ പ്രക്ഷോഭം നടത്തുന്നത്.