പാറ്റൂര്‍ കേസ്; ഉമ്മന്‍ ചാണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്‌

Posted on: February 24, 2017 8:10 am | Last updated: February 24, 2017 at 12:35 am
SHARE

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്. കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത എഫ് ഐ ആര്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ഫ്‌ളാറ്റ് കമ്പനിയെ സഹായിക്കാന്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി പുറമ്പോക്ക് ഭൂമിയല്ലെന്ന് കുറിച്ചത് ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷണാണെന്നും എഫ് ഐ ആറില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി ഇത് അംഗീകരിച്ചെന്നും വിജിലന്‍സ് എഫ് ഐ ആറില്‍ പറയുന്നു.

പാറ്റൂര്‍ ഭൂമിയിടപാടില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തുന്നതാണ് വിജിലന്‍സ് എഫ് ഐ ആര്‍.
ഫഌറ്റ് കമ്പനിയുടെ അപേക്ഷ പരിഗണിച്ച് പാറ്റൂരിലെ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് വാട്ടര്‍ അതോറിറ്റിയുടെ സിവേജ് പൈപ്പ് ലൈന്‍ മാറ്റാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറും കേസിലെ ഒന്നാം പ്രതിയുമായ സോമശേഖരന്‍ നായര്‍ നടപടികള്‍ ആരംഭിക്കുന്നതോടെയാണ് തുടക്കം. 14.80 ലക്ഷം രൂപ പിഴ വാങ്ങി പൈപ്പ് മാറ്റാനായിരുന്നു തീരുമാനം. വാട്ടര്‍ അതോറിറ്റി എം ഡി ഇടപെട്ടതിനെ തുടര്‍ന്ന് തീരുമാനം നടപ്പായില്ല. പുറമ്പോക്ക് ഭൂമി സംരക്ഷിക്കണമെന്ന് വിജിലന്‍സ് നിര്‍ദേശം നല്‍കിയതോടെ ഫഌറ്റ് കമ്പനി ഉടമ അനധികൃതമായ നീക്കങ്ങള്‍ നടത്തി. തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ചെയര്‍മാനായുള്ള നാലംഗ സമിതി പരിശോധനക്കായി രൂപവത്കരിച്ചു. 2014ല്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മധു, ഭൂമി ഫഌറ്റ് കമ്പനിയുടെ ഭൂമിയാണെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഭൂമി പരിശോധിച്ച നാലംഗ സമിതി 9.66 സെന്റ് ഭൂമി കമ്പനി കൈയേറിയെന്ന് കണ്ടെത്തി. ഈ കണ്ടെത്തല്‍ വാട്ടര്‍ അതോറിറ്റി എം ഡി ഫയലില്‍ ചേര്‍ത്തില്ല.
എം ഡിയുടെ അഭിപ്രായം ഫയലില്‍ ഇല്ലെന്നിരിക്കെ 2014 ഏപ്രില്‍ 29ന് ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷണ്‍ ഭൂമി പുറമ്പോക്കല്ലെന്നും പൈപ്പ് ലൈന്‍ മാറ്റാമെന്നും സ്വമേധയാ നിലപാടെടുത്തു. ജലവിഭവ വകുപ്പിന്റെ എതിര്‍പ്പ് ഉണ്ടായിരിക്കെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് 2014 ജൂണ്‍ മൂന്നിന് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ കേസ് പരിഗണിക്കവേ ആരോപണവിധേയരായ മറ്റുള്ളവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിക്കാരനായ വി എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ആരോപണവിധേയരായ മറ്റുള്ളവര്‍ക്കെതിരെയും അന്വേഷണം നടക്കുകയാണെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി.