യൂറോപ ലീഗ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീക്വാര്‍ട്ടറില്‍

Posted on: February 24, 2017 6:52 am | Last updated: February 24, 2017 at 12:30 am

പാരിസ്: യൂറോപ ലീഗ് ഫുട്‌ബോൡ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീക്വാര്‍ട്ടറില്‍. ഫ്രഞ്ച് ക്ലബ്ബ് സെയിന്റ് എറ്റീനെ റൗണ്ട് 32 ലെ രണ്ടാം പാദത്തിലും തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ ക്ലബ്ബിന്റെ കുതിപ്പ്. സെയിന്റ് എറ്റീനയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദം 1-0നാണ് ജയിച്ചത്.

ഇതോടെ ഇരുപാദത്തിലുമായ 4-0ന് ഹൊസെ മൗറിഞ്ഞോയുടെ ടീം മുന്നിലെത്തി. ഹോംഗ്രൗണ്ടിലെ ആദ്യ പാദത്തില്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിന്റെ ഹാട്രിക്കായിരുന്നു ഓള്‍ഡ്ട്രഫോഡ് ക്ലബ്ബിന് തകര്‍പ്പന്‍ ജയമൊരുക്കിയതെങ്കില്‍ ഫ്രാന്‍സില്‍ അര്‍മേനിയന്‍ താരം മഹിതരിയനാണ് ഗോള്‍ നേടിയത്. പരുക്കേറ്റ് മഹിതരിയന്‍ കളം വിട്ടത് മാഞ്ചസ്റ്ററിന് വിജയമധുരത്തിലും തിരിച്ചടിയായി. ഞായറാഴ്ച നടക്കുന്ന ഇ എഫ് എല്‍ കപ്പ് ഫൈനലില്‍ മഹിതരിയന് കളിക്കാന്‍ സാധിക്കില്ല.
കളം നിറഞ്ഞു കളിച്ച പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ നിരയില്‍ തിളങ്ങി. എതിര്‍ നിരയില്‍ പോളിന്റെ മൂത്ത സഹോദരന്‍ ഫ്‌ളോറന്റ് പോഗ്ബയുണ്ടായിരുന്നു.

ഇവര്‍ തമ്മില്‍ പന്തിനായി പടവെട്ടിയത് ഫുട്‌ബോളിലെ വേറിട്ട കുടുംബകാഴ്ചയായി. ഗ്യാലറിയില്‍ രണ്ട് പേര്‍ക്കും പ്രോത്സാഹനം നല്‍കാന്‍ കുടുംബം എത്തിയിരുന്നു. മാതാവ് രണ്ട് ക്ലബ്ബിന്റെയും ജഴ്‌സിയുടെ പകുതി ചേര്‍ത്തുള്ള വസ്ത്രമാണ് ധരിച്ചത്. സപ്പോര്‍ട്ട് രണ്ട് പേര്‍ക്കും തുല്യം !
2013 ഡിസംബറിന് ശേഷം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടരെ നാല് മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്ഥിരത കൈവരിച്ചതും ശ്രദ്ധേയം.