യുവെന്റസ് ക്വാര്‍ട്ടറിനരികെ, ലെസ്റ്റര്‍ സിറ്റിക്ക് തോല്‍വി

Posted on: February 24, 2017 7:27 am | Last updated: February 24, 2017 at 12:29 am

പോര്‍ട്ടോ/ സെവിയ്യ: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ യുവെന്റസിനും സെവിയ്യക്കും ജയം. ഇറ്റാലിയന്‍ കരുത്തരായ യുവെന്റസ് എവേ മാച്ചില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ് സി പോര്‍ട്ടോയെ തകര്‍ത്തു. ഹോം ഗ്രൗണ്ടില്‍ സെവിയ്യയുടെ ജയം പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിക്കെതിരെ (2-1).
രണ്ട് എവേ ഗോളുകള്‍ നേടിയ യുവെന്റസിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തെളിഞ്ഞു നില്‍ക്കുന്നു.
അതേ സമയം സെവിയ്യക്ക് ഉറപ്പിക്കാനായിട്ടില്ല. ലെസ്റ്റര്‍ സിറ്റി ഒരു എവേ ഗോള്‍ നേടിയത് സ്പാനിഷ് ടീമിന്റെ ഉറക്കം കെടുത്തുന്നു.

ഇറ്റാലിയന്‍ സീരി എ ലീഗില്‍ തുടരെ ആറാം സീസണിലും കിരീടത്തിലേക്ക് കുതിക്കുന്ന യുവെന്റസിന് എഫ് സി പോര്‍ട്ടോക്കെതിരെ ജയം സാധ്യമായത് രണ്ടാം പകുതിയിലാണ്. എഴുപത്തിരണ്ടാം മിനുട്ടില്‍ പകരക്കാരന്‍ മാര്‍ക് യാകയും എഴുപത്തിനാലാം മിനുട്ടില്‍ ഡാനിയല്‍ ആല്‍വസുമാണ് ഗോളുകള്‍ നേടിയത്. ഇരുപത്തേഴാം മിനുട്ടില്‍ പത്ത് പേരായി ചുരുങ്ങിയ പോര്‍ട്ടോക്കെതിരെ ആധിപത്യം സ്ഥാപിക്കാന്‍ ഏറെ കഴിയേണ്ടി വന്നുവെന്നത് യുവെന്റസിന്റെ മുന്നേറ്റനിരയുടെ പരാജയമാണ്. ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലെസാണ് മത്സരം അരമണിക്കൂറിലെത്തും മുമ്പെ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട് പുറത്തായത്.

ഇതോടെ, പോര്‍ട്ടോ സ്വന്തം പകുതിയില്‍ കൂടുതല്‍ ഒതുങ്ങി. ആദ്യപകുതിയില്‍ പോളോ ഡിബാലയുടെ തകര്‍പ്പന്‍ ഷോട്ട് ഗോളാകാതെ രക്ഷപ്പെട്ടത് ആശ്വാസത്തോടെ നോക്കി നിന്നു പോര്‍ച്ചുഗീസ് ടീം. എഴുപത്തേഴ് ശതമാനം ബോള്‍ പൊസഷന്‍ യുവെന്റസിനായിരുന്നു.
ലെസ്റ്റര്‍ സിറ്റിക്കെതിരെ ഇരുപത്തഞ്ചാം മിനുട്ടില്‍ സറാബിയ നേടിയ ഗോളില്‍ സെവിയ്യ ലീഡെടുത്തു. അറുപത്തിരണ്ടാം മിനുട്ടില്‍ കോറിയ രണ്ടാം ഗോള്‍ നേടി. എഴുപത്തിമൂന്നാം മിനുട്ടിലാണ് ജാമി വര്‍ഡിയിലൂടെ ലെസ്റ്ററിന്റെ എവേ ഗോള്‍.