Connect with us

Kannur

മംഗളൂരു ഹര്‍ത്താലിനെ ന്യായീകരിച്ച് ബി ജെ പി

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ നാളെ മംഗളൂരുവില്‍ തടയാനുള്ള സംഘ്പരിവാര്‍ സംഘടനകളുടെ നീക്കത്തിന് ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിനും അനുകൂല നിലപാട്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങി ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പെയാണ് പിണറായി വിജയനെ തടയുന്ന കര്‍ണാടകത്തിലെ സംഘ്പരിവാര്‍ സംഘടനകളുടെ നിലപാടിന് ബി ജെ പി യുടെ സംസ്ഥാന സെക്രട്ടറി പച്ചക്കൊടി കാട്ടിയത്.

ജനാധിപത്യപരമായ രീതിയില്‍ എല്ലായിടത്തും പ്രതിഷേധങ്ങള്‍ നടക്കുമെന്നും മംഗലാപുരത്ത് സംഘ്പരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധം ജനാധിപത്യപരമാണെന്നുമുള്ള വാദവുമായി ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണനാണ് ഇന്നലെ രംഗത്തെത്തിയത്. സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെ കേരളത്തില്‍ സി പി എം അക്രമം തുടര്‍ന്നാല്‍ സംസ്ഥാനത്തിന് പുറത്ത് രാജ്യത്തൊരിടത്തും മുഖ്യമന്ത്രി പിണറായി വിജയന് കാലുകുത്താന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. അക്രമം തുടര്‍ന്നാല്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹി വാസം പോലും ബുദ്ധിമുട്ടാകുമെന്ന് കൂട്ടിച്ചേര്‍ത്ത ഗോപാലകൃഷ്ണന്‍ ഹര്‍ത്താല്‍ എന്നത് ജനാധിപത്യപരമായ പ്രതിഷേധ രീതിയാണെന്നും ഇന്നലെ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കണ്ണൂരില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സമാധാന യോഗത്തിന് ശേഷം ജില്ലയില്‍ കാര്യമായ പ്രകോപനമോ രാഷ്ട്രീയ സംഘര്‍ഷങ്ങളോ നടന്നിരുന്നില്ല. മാത്രമല്ല എവിടെയെങ്കിലും സംഘര്‍ഷമുണ്ടായാല്‍ എല്ലാ വിഭാഗത്തില്‍പ്പെടുന്ന ആളുകളും ജില്ലാ ഭരണകൂടവും അവിടെയെത്തിച്ചേര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ നേതൃത്വം നല്‍കണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു. ഈയൊരു പശ്ചാതലത്തില്‍ മംഗളൂരുവില്‍ മുഖ്യമന്ത്രിയെ തടയുന്ന നടപടി ശരിയല്ലെന്ന നിലപാട് ബി ജെ പിക്കുള്ളിലെ ഒരു വിഭാഗത്തിനിടയില്‍ ശക്തമാകുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് മംഗളൂരുവിലെ സംഘ്പരിവാര്‍ നിലപാടിനെ ന്യായീകരിച്ച് ബി ജെ പി നേതാവ് ഇപ്പോള്‍ രംഗത്തെത്തിയത്.

Latest