Connect with us

Editorial

കാറ്റില്‍ പറത്തുന്ന അഗ്നിസുരക്ഷാ ചട്ടങ്ങള്‍

Published

|

Last Updated

കോഴിക്കോട്ടെ പ്രമുഖ വ്യാപാര കേന്ദ്രമായ മിഠായിത്തെരുവില്‍ തീപ്പിടിത്തം പതിവ് സംഭവമായിരിക്കയാണ്. ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ 2007ല്‍ വിഷുക്കാലത്തെ ദുരന്തത്തിന് ശേഷം ആറ് തവണ പിന്നെയും ഇതേ തെരുവിലെ കടകള്‍ക്ക് തീപ്പിടിച്ചു വന്‍ നാശനഷ്ടങ്ങളുണ്ടായി. ഓരോ തീപിടിത്തമുണ്ടാകുമ്പോഴും അന്വേഷണം പ്രഖ്യാപിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചു കുറേ വാഗ്ദാനങ്ങളുണ്ടാകുകയും ചെയ്യുമെന്നല്ലാതെ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ല. സുരക്ഷക്കും സൗന്ദര്യവത്കരണത്തിനും പ്രാധാന്യം നല്‍കി മിഠായിത്തെരുവിനെ ഇന്ത്യയിലെ മറ്റു തെരുവുകള്‍ക്ക് മാതൃകയായി പൈതൃകത്തെരുവായി വികസിപ്പിക്കുന്ന പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതേക്കുറിച്ചൊന്നും പിന്നീട് കേള്‍ക്കാനില്ല. മിഠായിത്തെരുവിന്റെ സുരക്ഷ കണക്കിലെടുത്ത് വൈദ്യുതിവിതരണം കേബിള്‍ വഴിയാക്കുമെന്നും ഇവിടെ പ്രത്യേക ഫയര്‍ എന്‍ജിന്‍ സജ്ജമാക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. അഗ്നി ബാധയുള്‍പ്പെടെ ദുരന്തങ്ങള്‍ തടയുന്നതിന് അധികൃതര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളുമായി വ്യാപാരികള്‍ സഹകരിക്കുന്നില്ലെന്ന വാദവുമുണ്ട്.

പഴകി ദ്രവിച്ചതും തൊട്ടുതൊട്ടു നില്‍ക്കുന്നതുമായ കടകളാണ് മിഠായിത്തെരുവിലേറെയും. വൈദ്യുതി വിതരണ സംവിധാനങ്ങള്‍ ഇവിടെ അശാസ്ത്രീയവുമാണ്. ചെറിയ ഒരു തീപ്പൊരിയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ മതി എല്ലാം കത്തിനശിക്കാന്‍. 2007ല്‍ പടക്ക കടക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ 50ഓളം കടകളിലേക്കാണ് തീ പടര്‍ന്നത്. 2015ലെ അഗ്നിബാധ പത്തോളം കടകളിലേക്കും പടര്‍ന്നു. കടകള്‍ക്കിടയിലെ അകല്‍ച്ചയില്ലായ്മയും വഴികള്‍ ഇടുങ്ങിയതും തീപ്പിടിത്തമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരുപത് ഫയര്‍ ഫോഴ്‌സ് എന്‍ജിനുകള്‍ എത്തിയിട്ടും ബുധനാഴ്ചത്തെ അഗ്നി ബാധ നിയന്ത്രിക്കാന്‍ നാല് മണിക്കൂര്‍ സമയമെടുത്തത് തെരുവിന്റെ അസൗകര്യങ്ങളെ തുടര്‍ന്നാണ്.

കെട്ടിടങ്ങളിലെ അഗ്നിബാധ സംസ്ഥാനത്ത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. നിര്‍മിക്കുമ്പോള്‍ അഗ്നിബാധ പ്രതിരോധിക്കാനായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അവഗണിക്കുന്നതാണ് പ്രധാന കാരണം. ബഹുനില കെട്ടിടങ്ങള്‍, വന്‍കിട സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവയില്‍ പ്രതിരോധ മാര്‍ഗം ഘടിപ്പിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്. കെട്ടിടങ്ങളില്‍ ഉള്‍വശത്തെ കോണിപ്പടിക്ക് പുറമെ ലിഫ്റ്റ്, എമര്‍ജന്‍സി മാര്‍ഗമായി കെട്ടിടത്തിലേക്ക് പുറമെ നിന്ന് പ്രത്യേക കോണിപ്പടി, ഫയര്‍ അലാറം, ഫയര്‍ എക്സ്റ്റിഗ്വിഷര്‍ സാമഗ്രികള്‍, ജലസ്രോതസ്സ്, ഹോഴ്‌സുകള്‍, ഫയര്‍ ഹൈഡ്രന്റുകള്‍ തുടങ്ങിയ ഉപകരണങ്ങളും സൗകര്യങ്ങളും സജ്ജീകരിക്കേണ്ടതാണ്. എന്നാല്‍ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പല കെട്ടിട നിര്‍മാതാക്കളും ഇതെല്ലാം അവഗണിക്കുകയാണ്. നിബന്ധനകള്‍ പാലിക്കാതെ തന്നെ സ്വാധീനത്തിലൂടെ അനുമതി നേടിയെടുക്കുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാനും പിഴ ചുമത്താനും ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കുന്നുമില്ല. ചട്ടങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ കെട്ടിടങ്ങളിലെ അഗ്‌നിബാധകള്‍ ഏറെക്കുറെ തടയാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജേക്കബ് തോമസ് ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കെ സംസ്ഥാനത്തെ അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത 77 വന്‍കിട ഫഌറ്റുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. കെട്ടിട ഉടമകളുടെ സമ്മര്‍ദത്തിന് വഴങ്ങി സുരക്ഷാ സംവിധാനങ്ങളില്ലാതെ പണി തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണുണ്ടായത്. മാത്രമല്ല, ഉടമകളുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതിരുന്ന ജേക്കബ് തോമസിനെ അഗ്നിശമന മേധാവി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. നിയമം പാലിക്കേണ്ടവര്‍ തന്നെ ചട്ടലംഘനത്തിന് കൂട്ടുനില്‍ക്കുമ്പോള്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് സ്വാഭാവികം.

സംസ്ഥാന ഫയര്‍ഫോഴ്‌സിന്റെ പരിമിതികളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസവും കാലതാമസവും സൃഷ്ടിക്കുന്നുണ്ട്. ആധുനിക ഉപകരണങ്ങളുടെ അഭാവവും ജീവനക്കാരുടെ കുറവും വേണ്ടത്ര പരിശീലനമില്ലായ്മയുമെല്ലാം ഫയര്‍ ഫോഴ്‌സിന്റെ കാര്യക്ഷമതയെ ബാധിക്കുന്നു. മിക്ക സ്‌റ്റേഷനുകളിലും അഞ്ച് മുതല്‍ പത്തു വരെ ജീവനക്കാരുടെ കുറവുണ്ട്. നിലവില്‍ അഗ്‌നിരക്ഷാ സേന ഉപയോഗിക്കുന്ന ഫയര്‍ എന്‍ജിന്‍ ഉപയോഗിച്ച് കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങളിലെ തീ അണക്കാന്‍ സാധ്യമല്ല. അടിയന്തരഘട്ടങ്ങളില്‍ ചീറിപ്പാഞ്ഞെത്തേണ്ട സേനയുടെ വാഹനങ്ങളുടെ സ്ഥിതിയും ദയനീയമാണ്. മിക്കപ്പോഴും നാട്ടുകാരുടെ ശ്രമം മൂലം തീയണച്ച ശേഷമായിരിക്കും ഫയര്‍ ഫോഴ്‌സ് വാഹനം കിതച്ചെത്തുന്നത്. അല്ലെങ്കില്‍ അവരെത്തുമ്പോഴേക്ക് നാശനഷ്ടം ഏതാണ്ട് പൂര്‍ണമായിക്കഴിഞ്ഞിരിക്കും.

കാര്യമായ വരുമാനമില്ലാത്ത വകുപ്പായതിനാലാണ് ഫയര്‍ഫോഴ്‌സിന് സര്‍ക്കാറിന്റെ അവഗണന ഏറ്റവും കൂടുതല്‍ നേരിടുന്നതെന്നാണ് പറയപ്പെടുന്നത്. വര്‍ധിച്ചുവരുന്ന അപകടങ്ങളും ദുരന്തങ്ങളും കണക്കിലെടുത്ത് അഗ്‌നിരക്ഷാ സേനയെ ആധുനികവത്കരിക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും പരിശീലനം കാര്യക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്.

Latest