വെല്ലുവിളികളുണ്ട്; എന്നാല്‍ പേടിപ്പെടുത്തുന്നില്ല

എന്റെ മുന്നിലെ വെല്ലുവിളികളെകുറിച്ച് നല്ല ബോധ്യമുണ്ട്. റീസര്‍വേയുടെ പൂര്‍ത്തീകരണം, കുറ്റമറ്റ ഭൂരേഖാ പരിപാലനം, സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണം, കാലഹരണപ്പെട്ട നിയമങ്ങളുടെ പൊളിച്ചെഴുത്ത്, പട്ടയ വിതരണം, വകുപ്പിന്റെ ആധുനിക വത്കരണം തുടങ്ങി എണ്ണിയാല്‍ തീരാത്ത, പരിഹരിക്കാന്‍ കുറുക്കുവഴികളില്ലാത്ത പ്രശ്‌നങ്ങളുടെ ബാഹുല്യം എന്നെ പേടിപ്പെടുത്തുന്നില്ല. പരാതികളുടെ പ്രളയത്തില്‍ ഭയന്ന് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പുനരാരംഭിച്ചു കഴിഞ്ഞു. മറ്റു പല കാര്യങ്ങളിലെയുംóപോലെ റീസര്‍വേയിലും ഏറെ പിന്നിലായ കാസര്‍കോടും ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയുമാണ് ആദ്യഘട്ടത്തിലേക്ക് നിശ്ചയിച്ചിട്ടുള്ളത്.
Posted on: February 24, 2017 6:11 am | Last updated: February 24, 2017 at 12:15 am

1947ല്‍ ഇന്ത്യ സ്വതന്ത്രമായതിന് ശേഷവും 1956ല്‍ ഐക്യകേരളം രൂപപ്പെട്ടതിനു ശേഷവും സമഗ്രമായ ഭൂപരിഷ്‌കരണ നടപടികള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുകയുണ്ടായി. 1957ലെ ഇ എം എസ് ഗവണ്‍മെന്റും 1970കളിലെ അച്യുത മേനോന്‍ ഗവണ്‍മെന്റുമാണ് ഏറ്റവും മൗലികമായ ഭൂപരിഷ്‌കരണ നടപടികള്‍ കേരളത്തില്‍ നടപ്പാക്കിയത്. ഇപ്പോഴത്തെ കേരള സര്‍ക്കാറും റവന്യൂ വകുപ്പും രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ ഭൂപരിഷ്‌കരണ നടപടികളുടെ തിളക്കമാര്‍ന്ന തുടര്‍ച്ച ഉറപ്പു വരുത്താന്‍ ബാധ്യസ്ഥരാണ്.

ജനങ്ങളെയും പ്രകൃതിയേയും വിസ്മരിക്കാത്ത സുതാര്യമായ വികസനമാണ് ഇടതു സര്‍ക്കാറിന്റെ ലക്ഷ്യം. അതിന് അനുസൃതമായ കര്‍മപരിപാടിയും പ്രവര്‍ത്തന വഴിയുമാണ് പിന്തുടരുക. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് കൂടി ഇതിനൊപ്പം ലയിക്കുമ്പോള്‍ അസാധ്യമായതൊന്നുമില്ലെന്നാണ് വിശ്വാസം. ഒമ്പതു മാസത്തെ പ്രവര്‍ത്തനം ഈ വിശ്വാസത്തിന് കൂടുതല്‍ ബലം നല്‍കുന്നു.
ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ചെറുതും വലുതുമായ ഇടപെടലുകള്‍ നടത്തുന്ന റവന്യൂ വകുപ്പ് പുതിയ ദിശാബോധത്തോടെയാണ് ചുവടുവെക്കുന്നത്. കോലാഹലങ്ങളില്ലാതെ ശ്രദ്ധാപൂര്‍വമുളള ഈ യാത്ര ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. എന്റെ മുന്നിലെ വെല്ലുവിളികളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. റീസര്‍വേയുടെ പൂര്‍ത്തീകരണം, കുറ്റമറ്റ ഭൂരേഖാ പരിപാലനം, സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണം, കാലഹരണപ്പെട്ട നിയമങ്ങളുടെ പൊളിച്ചെഴുത്ത്, പട്ടയ വിതരണം, വകുപ്പിന്റെ ആധുനിക വത്കരണം തുടങ്ങി എണ്ണിയാല്‍ തീരാത്ത, പരിഹരിക്കാന്‍ കുറുക്കു വഴികളില്ലാത്ത പ്രശ്‌നങ്ങളുടെ ബാഹുല്യം എന്നെ പേടിപ്പെടുത്തുന്നില്ല.

പരാതികളുടെ പ്രളയത്തില്‍ ഭയന്ന് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പുനരാരംഭിച്ചു കഴിഞ്ഞു. മറ്റു പല കാര്യങ്ങളിലെóപോലെ റീസര്‍വേയിലും ഏറെ പിന്നിലായ കാസര്‍കോടും ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ð ഇടുക്കിയുമാണ് ആദ്യഘട്ടത്തിലേക്ക് നിശ്ചയിച്ചിട്ടുളളത്. ജനുവരി 26ന് കാസര്‍കോട് ജില്ലയില്‍ð ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഇടുക്കിയിലെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റിനു മുമ്പ് പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ജനകീയ പങ്കാളിത്തത്തോടെയാണ് റീസര്‍വേ വിഭാവനം ചെയ്തിട്ടുളളത്. ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പ്രകിയയാണ് റീസര്‍വേയെന്ന ചിന്ത വിവിധ മാര്‍ഗങ്ങളിലൂടെ വളര്‍ത്തിയെടുത്തും ജനങ്ങളെ ബോധവത്കരിച്ചും ഉത്സവ പ്രതീതിയില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ‘ഭൂസാക്ഷരതാ പരിപാടി’ സംഘടിപ്പിക്കാനും ആലോചിക്കുന്നു.

ഭൂ ഉടമസ്ഥാവകാശം സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുമെന്ന ആശങ്കയാണ് റീസര്‍വേയെന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഭയന്നോടാന്‍ കാരണം. മുന്‍ അനുഭവങ്ങള്‍ ഈ ആശങ്ക ഒരു പരിധി വരെ ശരിവെക്കുന്നുമുണ്ട്. എന്നാല്‍, ഈ പുതിയ തുടക്കം അത്തരം ആശങ്കകള്‍ക്കിടമില്ലാത്ത വിധം നൂതന അനുഭവമാക്കി മാറണമെന്നാണ് ആഗ്രഹം. ഇതിനു ജനങ്ങളുടെ പരിധിയില്ലാത്ത പിന്തുണ പ്രതീക്ഷിക്കുന്നു.
അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്നാണ് ഗവണ്‍മെന്റ് നയം. അനാവശ്യ കുരുക്കുകള്‍ ഒഴിവാക്കി സുഗമമായ നടപടി ക്രമങ്ങളിലൂടെ ഇതു സാധ്യമാക്കും. ഇടുക്കിയില്‍ ഇതിനുളള പ്രഥമ ചുവട് വച്ചു കഴിഞ്ഞു. ഏപ്രില്‍ 30നകം പതിനായിരം കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുകയാണ്. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശമുണ്ടായിരുന്നവരും തലമുറകളായി കൃഷി ചെയ്തു വരുന്നവരുമായ കര്‍ഷകര്‍ക്ക് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംയുക്ത പരിശോധന നടത്തി സമയബന്ധിതമായി പട്ടയം നല്‍കി കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യം പരിഹരിക്കും.
ലാന്റ് ട്രൈബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ഗവണ്‍മെന്റിന്റെ ആശങ്കയാണ്. കൈവശത്തിലുളള ഭൂമിയുടെ പട്ടയത്തിനായി വര്‍ഷങ്ങളായി ട്രൈബ്യൂണലുകള്‍ കയറിയിറങ്ങുന്ന ഭൂവുടമകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു. ഫയലുകളില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതു മൂലം ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തഃസത്ത തന്നെ ചോര്‍ന്നുപോകുന്ന സ്ഥിതിയാണ്. ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതില്‍ ഗവണ്‍മെന്റിന് പരിമിതികളുണ്ടെങ്കിലും മനുഷ്യമുഖം നല്‍കി നിയമം വ്യാഖ്യാനിക്കണമെന്ന നിര്‍ബന്ധം ബന്ധപ്പെട്ടവര്‍ക്കുണ്ടായാല്‍ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹൃതമാകും. ട്രൈബ്യൂണലുകള്‍ വില്ലേജുകളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തി കേസുകള്‍ തീര്‍പ്പാക്കാനുളള സാധ്യത ആരായുന്നതാണ്.

പതിച്ചുനല്‍കാന്‍ കഴിയുന്ന സര്‍ക്കാര്‍ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കും ഇതിനകം തുടക്കമായി. പട്ടികജാതിവര്‍ഗ ക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച് വനാവകാശ നിയമ പ്രകാരം 4500 പേര്‍ക്ക് ഭൂമിക്ക് അവകാശമുളളതായി കാണുന്നുണ്ട്. ഇതില്‍ð കുറേപേര്‍ക്ക് ഭൂമി ലഭിച്ചു. ബാക്കിയുളളവര്‍ക്ക് വൈകാതെ നല്‍കും. ‘ഭൂരഹിതരില്ലാത്ത കേരളം’ മഹത്തായ ഒരു സ്വപ്‌നമാണ്. പക്ഷേ, പ്രായോഗികത ആഴത്തിലുളള വിശകലനത്തിനു വിധേയമാകണം. വാസയോഗ്യമായ ഭൂമിയാണ് ഭൂരഹിതര്‍ക്ക് നല്‍കേണ്ടതെങ്കിലും അനുഭവം മറിച്ചാണ്. എണ്ണം തികക്കുന്നതിനു വേണ്ടി എവിടെയെങ്കിലും ഭൂമി കണ്ടെത്തി നല്‍കുകയായിരുന്നു. തീര ദേശത്തു ജനിച്ചുവളര്‍ന്നവര്‍ക്ക് അന്യ ജില്ലകളിലെ മലമുകളില്‍ ഭൂമി നല്‍കിയാലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുളളൂ. പട്ടയം നല്‍കിയവര്‍ക്ക് ഭൂമി കിട്ടാത്ത അനുഭവവും വിരളമല്ല.
ലക്ഷ്യം തെറ്റിയ ഈ പദ്ധതി ശരിയായ ദിശയിലേക്കും പ്രായോഗിക പൂര്‍ണതയിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം, ഭൂമിക്ക് വിലയേറെയുളള നഗരപ്രദേശങ്ങളില്‍ ഭൂമി കണ്ടെത്തി ഭൂരഹിതഭവന രഹിതര്‍ക്ക് ആശ്വാസമായി ‘വാസ സമുച്ചയങ്ങള്‍’ നിര്‍മിക്കുകയും ഗവണ്‍മെന്റിന്റെ പരിപാടിയാണ്. താമസിക്കാന്‍ ഒരു മേല്‍ക്കൂര എന്നതിനപ്പുറം അന്തേവാസികളുടെ സാമ്പത്തിക വികാസത്തിനും കൂടി അനുഗുണമായ രീതിയില്‍ ഈ സംവിധാനത്തെ പരിവര്‍ത്തനപ്പെടുത്തണം. ഇല്ലെങ്കില്‍ പദ്ധതിയുടെ ഉദ്ദേശ്യം പൂര്‍ണമാകില്ല. റവന്യൂ ഓഫീസുകളുടെ നവീകരണവും കാലത്തിന് അനുസൃതമായ സാങ്കേതിക സംവിധാന വികസനവും ഇനിയും വൈകിക്കാന്‍ കഴിയില്ല. തുടങ്ങിവെച്ച ആധുനികവല്‍കരണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. അപാകതകള്‍ക്ക് ക്രിയാത്മക പരിഹാരം വേണം. ജീവനക്കാരെ വിശ്വാസത്തിലെടുത്തായിരിക്കും ഏതു നവീകരണവും നടത്തുക.

കാലഹരണപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പൊളിച്ചെഴുത്തും മുഖ്യ അജന്‍ഡയില്‍പ്പെടുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാനുളള തീരുമാനം ഇതിന്റെ ഭാഗമാണ്. ഗ്രൂപ്പ് വില്ലേജുകളുടെ വിഭജനവും റവന്യൂ ഡിവിഷനുകളുടെ വിഭജനവും അടിയന്തര പ്രാധാന്യത്തോടെ നടത്തണമെന്ന് ആഗ്രഹിക്കുന്നു.
അഴിമതിരഹിത റവന്യൂ ഓഫീസുകള്‍ വെറും സ്വപ്‌നം മാത്രമായി ഇനി തുടരാനാവില്ല. യാഥാര്‍ഥ്യമായേ തീരൂ. ജനങ്ങളുടെ അവകാശമാണത്. അതിനായി ഏതറ്റംവരെയും പോകും. അഴിമതിയെന്നാല്‍ കൈക്കൂലി മാത്രമാണെന്ന ധാരണ ശരിയല്ല. സന്മാര്‍ഗികതയുടെ വഴിയില്‍ നിന്നുളള ഏതു വ്യതിചലനവും അഴിമതി തന്നെയാണ്. ആശയ വിനിമയത്തിലെ അപാകതയും വ്യക്തതയില്ലായ്മയും ധിക്കാരപൂര്‍ണമായ പെരുമാറ്റവും ധാര്‍ഷ്ട്യവുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നു.

എല്ലാ ജീവനക്കാരും ജനവിരുദ്ധരാണെന്ന അഭിപ്രായമില്ല. പരിമിതികള്‍ക്കിടയിലും ഏറെ കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന അസംഖ്യം ജീവനക്കാരുണ്ട്. അവരുടെ സേവന മനസിനെ അംഗീകരിക്കുന്നു. എന്നാല്‍ ഒരു ന്യൂനപക്ഷം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നിയമത്തിനും ജനങ്ങള്‍ക്കും അതീതരായി അവര്‍ വിലസുകയാണ്. ഇക്കൂട്ടരെ നേര്‍വഴിയിലേക്ക് എത്തിക്കണം. അല്ലെങ്കില്‍ അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. അഴിമതിക്കാരായ ജീവനക്കാരെ ഒരു സാഹചര്യത്തിലും സംരക്ഷിക്കില്ല. റവന്യൂ വകുപ്പിലെ നവീകരണത്തിനും ശുദ്ധികലശത്തിനും ജീവനക്കാരുടെയും അവരുടെ സംഘടനകളുടെയും സഹകരണം അത്യന്താപേക്ഷിതമാണ്. ഞാനത് പ്രതീക്ഷിക്കുന്നു.