Connect with us

Gulf

ഇതിഹാസ കലാ സൃഷ്ടികളുടെ സമാനതകളിലേക്ക് വെളിച്ചം വീശി പ്രദര്‍ശനം

Published

|

Last Updated

ദോഹ ഫയര്‍ സ്റ്റേഷനില്‍ ആരംഭിച്ച പിക്കാസോ- ജിയോകോമെച്ചി പ്രദര്‍ശനം

ദോഹ: ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ഇതിഹാസ കലാകാരന്മാരുടെ സൃഷ്ടികളുടെ അപൂര്‍വ കൂടിച്ചേരലിന് വേദിയായ ദോഹ ഫയര്‍ സ്റ്റേഷനിലെ ഗാരേജ് ഗാലറി. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന പാബ്ലോ പിക്കാസോയുടെയും ആല്‍ബര്‍ട്ടോ ജിയോകോമെച്ചിയുടെയും വിസ്മയിപ്പിക്കുന്ന കലാരൂപങ്ങളുടെ പ്രദര്‍ശനം കഴിഞ്ഞ ദിവസം ഖത്വര്‍ മ്യൂസിയം ചെയര്‍ പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു. മെയ് 21 വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.

പാരീസിലെ മ്യൂസീ നാഷനല്‍ പിക്കാസോ, ഫൗണ്ടേഷന്‍ ജിയോകോമെച്ചി എന്നിവയിലുള്ള 120ലേറെ ശ്രദ്ധേയ ശേഖരങ്ങളാണ് ദോഹയിലെത്തിയത്. പെയിന്റിംഗ്, ശില്‍പ്പങ്ങള്‍, രേഖാചിത്രങ്ങള്‍, ഫോട്ടോകള്‍, കലാകാരന്മാരുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണിത്. ഫൗണ്ടേഷന്‍ ജിയോകോമെച്ചി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ രൂപകല്പന ഡയറക്ടര്‍ കാതറിന്‍ ഗ്രീനറിന്റെതാണ്. ആറ് വിഭാഗങ്ങളായാണ് പ്രദര്‍ശനം. ഓരോ കലാകാരന്റെയും സൃഷ്ടിയുടെ വിവിധ വശങ്ങള്‍ പ്രദര്‍ശനം അനാവരണം ചെയ്യുന്നു. ചെറുപ്പം മുതല്‍ ആധുനിക സൃഷ്ടികള്‍ വരെയുള്ള കലാജീവിതത്തിലെ മാറ്റങ്ങളും വികസനങ്ങളും മറ്റും പ്രദര്‍ശനം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും സൃഷ്ടികളുടെ സാദൃശ്യവും സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനവും ലോകമഹായുദ്ധത്തിന് ശേഷം റിയലിസത്തിലേക്ക് തിരിച്ചുവന്നതുമെല്ലാം പ്രദര്‍ശനം തുറന്നുകാണിക്കുന്നു.

പിക്കാസോയുടെ ഇതിഹാസ സൃഷ്ടികളായ ആത്മചിത്രം (1901), സ്ത്രീ ഒരു കല്ലെറിയുന്നു (1931), പെണ്ണാട് (1950) ജിയോകോമെച്ചിയുടെ പുഷ്പം അപകടത്തില്‍ (1932), ഉയരമുള്ള സ്ത്രീ (1960), നടക്കുന്ന പുരുഷന്‍ (1960) തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ അപൂര്‍വ സൃഷ്ടികളും പുതുതായി കണ്ടെത്തിയ വരകളും ഫോട്ടോകളുമുണ്ട്.
രണ്ട് കലാകാരന്മാരുടെ വ്യത്യസ്തവും സമാനതകളില്ലാത്തതുമായ വ്യക്തിത്വും ഒപ്പം അവരുടെ സൃഷ്ടികള്‍ പങ്കുവെക്കുന്ന സ്വാതന്ത്ര്യവും നൂതനത്വവും ഓര്‍മിപ്പിക്കുന്നതാണ് പ്രദര്‍ശനമെന്ന് ശൈഖ് മയാസ പറഞ്ഞു. കലയിലേക്ക് ഭാവി തലമുറയെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയുമാണ് ലോകോത്തര സൃഷ്ടികള്‍ ദോഹയില്‍ എത്തിക്കുക വഴി ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

പിക്കാസോയും ജിയോകോമെച്ചിയും തമ്മിലുള്ള കലാബന്ധം ഇതിന് മുമ്പ് ഒരു പ്രദര്‍ശനത്തിലും വിഷയീഭവിച്ചിട്ടില്ലെന്ന് ഗ്രീനര്‍ പറഞ്ഞു. ആധുനിക കലയിലെ രണ്ട് അതുല്യ കലാകാരന്മാരുടെ സൃഷ്ടികള്‍ ആസ്വദിക്കാനാണ് ഖത്വറിലെ ജനങ്ങള്‍ക്ക് അവസരം വന്നിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി വിനോദ- വിജ്ഞാന, വിദ്യാഭ്യാസ പരിപാടികളും പ്രദര്‍ശനത്തിനൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ സ്വന്തമായി നയിച്ച് ടൂര്‍ നടത്താന്‍ പര്യാപ്തമാക്കുന്നതിന് മൂന്ന് മണിക്കൂര്‍ അധ്യാപകര്‍ക്ക് പരിശീലനം, പ്രദര്‍ശനത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ വര്‍ക്‌ഷോപ്പുകള്‍ തുടങ്ങിയവയുണ്ടാകും.

 

Latest