ഖത്വറില്‍ വൃക്കരോഗികളുടെ എണ്ണം ഇരട്ടിയായി

Posted on: February 23, 2017 11:20 pm | Last updated: February 23, 2017 at 11:03 pm

ദോഹ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വൃക്കരോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. ഏകദേശം ആയിരത്തോളം വൃക്കരോഗികളാണ് ഡയാലിസിസ് നടത്തുന്നത്. ഓരോ വര്‍ഷവും രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നത് കിഡ്‌നി സംബന്ധമായ ഇരുനൂറ് കേസുകളാണ്. 140 ഓളം പേര്‍ വൃക്ക മാറ്റിവെക്കലിനായി കാത്തിരിക്കുകയാണ്. കൂടാതെ പത്തോളം കുട്ടികളില്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്കമാറ്റിവെക്കല്‍ ആവശ്യമായിട്ടുണ്ട്.

ലോകജനസംഖ്യയില്‍ എട്ട് മുതല്‍ പത്ത് ശതമാനം പേരില്‍ വൃക്കരോഗമുണ്ട്. ഖത്വറിലെ രോഗാധിക്യത്തിന്റെ തോത് ആഗോളാനുപാതത്തിന് തുല്യമായി വരും. പ്രതിവര്‍ഷം 4,500 നും 5,000ത്തിനും ഇടയിലാണ് എച്ച് എം സിയിലെ വൃക്കരോഗ ചികിത്സാ വിഭാഗത്തില്‍ അപ്പോയ്‌മെന്റുകള്‍ നടത്തുന്നത്. പ്രമേഹം, അമിത രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവ രാജ്യത്തെ വൃക്കരോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളാണ്. കിഡ്‌നി സംബന്ധമായ അസുഖങ്ങളുള്ളവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്നുണ്ട്. 2013 മുതല്‍ 2016 വരെയുള്ള വിവരങ്ങള്‍ പ്രകാരം രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാകുന്നുണ്ട്.

മൂന്നുവര്‍ഷം മുമ്പുവരെ പ്രതിവര്‍ഷം നൂറു കിഡ്‌നി രോഗികളാണ് പുതിയതായി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രതിവര്‍ഷം ഇരുനൂറ് ആയിട്ടുണ്ട്. ഡയാലിസിസ് ആവശ്യമാകുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്ന് എച്ച് എം സി വൃക്കരോഗ ചികിത്സാ വിഭാഗം മേധാവി ഡോ. ഹസന്‍ അല്‍ മാല്‍കി പറഞ്ഞു.
കുട്ടികളിലെ വൃക്കരോഗത്തിന്റെ പ്രധാന കാരണം ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങളാണെന്ന് (കോണ്‍ജെനീഷ്യല്‍ അബ്‌നോര്‍മാലിറ്റി) എച്ച് എംസിയിലെ ശിശുരോഗ ചികിത്സാ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബജെസ് വൈ ഹമദ് പറഞ്ഞു. ജനനത്തിന് മുമ്പ് തന്നെ കുട്ടികളിലെ വൃക്കരോഗം പരിശോധിക്കാറുണ്ട്. നിലവില്‍ ഹീമോഡയാലിസിസ് ചെയ്യുന്ന നാലും പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്ന ആറും കുട്ടികളാണുള്ളത്. കുട്ടികള്‍ക്ക് വൃക്ക ദാനം ചെയ്യാനായി കുടുംബങ്ങളെ പരമാവധി ബോധവത്കരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവും അമിതവണ്ണം, അമിത രക്തസമ്മര്‍ദം, പ്രമേഹം, വൃക്കരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും കൂടുതല്‍ വെളളം കുടിക്കേണ്ടതുണ്ടെന്നും എച്ച് എം സിയിലെ കണ്‍സള്‍ട്ടന്റ് ഡോ. ആദില്‍ അസീസ് പറഞ്ഞു.
ലോക വൃക്കദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് ഒമ്പതിന് വൃക്കരോഗത്തെക്കുറിച്ചുള്ള വിപുലമായ ബോധവത്കരണ പരിപാടികള്‍ എച്ച് എം സിയില്‍ നടക്കും. വൃക്കരോഗവും പൊണ്ണത്തടിയും, ആരോഗ്യകരമായ വൃക്കക്കായി ആരോഗ്യകരമായ ജീവിതശൈലി’ എന്ന ആശയത്തിലാണ് ഇത്തവണ പരിപാടികള്‍. ആശുപത്രികള്‍, സ്‌കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിപാടികള്‍.
ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാനായി മാര്‍ച്ച് പത്തിന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ വാക്കത്തോണും സംഘടിപ്പിച്ചിട്ടുണ്ട്.