Connect with us

Gulf

ലോകത്തെ വിലയേറിയ ആഭരണപ്പെട്ടി ദോഹയില്‍

Published

|

Last Updated

വിലയേറിയ ആഭരണപ്പെട്ടി പ്രദര്‍ശനത്തില്‍

ദോഹ: ഇന്ദ്രനീലമുള്‍പ്പെടെ വര്‍ണ രത്‌നങ്ങള്‍ കൊണ്ട് അലങ്കരിച്ച ലോകത്തെ വിലയേറിയ സ്വര്‍ണപ്പെട്ടി ദോഹയില്‍ വില്‍പ്പനക്ക്. ഏതാണ്ട് 35 ലക്ഷം ഡോളര്‍ വില പ്രതീക്ഷിക്കുന്ന ആഭരണപ്പെട്ടി ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്‌സിബിഷനിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലോകത്ത വിലയേറിയ ആഭരണപ്പെട്ടി എന്ന നിലയില്‍ ലോക ഗിന്നസ് റെക്കോര്‍ഡില്‍ ഉള്‍പ്പെട്ട അമൂല്യ ശേഖരമാണിത്.
18 കാരറ്റ് സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് പെട്ടി നിര്‍മിച്ചതെന്ന് സ്വിസ് ഡയമണ്ട് സ്ഥാപനമായ മുആവാദ് പറഞ്ഞു. വെള്ള, മഞ്ഞ നിറത്തിലുള്ള ഡയമണ്ടുകള്‍, വെള്ള, പിങ്ക്, ഇന്ദ്രനില നിറങ്ങളിലുള്ള രത്‌നങ്ങള്‍, മൂന്നു ഹൃദയ ചിഹ്നങ്ങള്‍ തുടങ്ങിയ അലങ്കാരങ്ങളോടെയാണ് പെട്ടിയുടെ രൂപകല്പന. ഇതു കൂടാതെ ലോകത്തെ വിലയേറിയ നക്ലസ് (550 ലക്ഷം ഡോളര്‍), ഹാന്‍ഡ് ബേഗ് (38 ലക്ഷം ഡോളര്‍), സ്ത്രീകളുടെ നിശാവസ്ത്രം (110 ദശലക്ഷം ഡോളര്‍) എന്നിവ നിര്‍മിച്ച സ്ഥാപനമാണ് മുആവാദ്. എന്നാല്‍ ഇവ ദോഹയില്‍ പ്രദര്‍ശനത്തിനെത്തിയിയിട്ടില്ല.

50 ലക്ഷം ഡോളര്‍ വിലയുള്ള വാച്ചുകളും മേളയിലെത്തിയിട്ടുണ്ട്. പത്തു രാജ്യങ്ങളില്‍നിന്നായി 400 ലക്ഷ്വറി ബ്രാന്‍ഡുകളാണ് പ്രദര്‍ശനത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം 17 രാജ്യങ്ങളില്‍ നിന്നായി 500ലധികം പ്രദര്‍ശകര്‍ എത്തിയിരുന്നു. ഇതാദ്യമായി യുവ ഖത്വരി ഡിസൈനറുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാച്ച് മേകിംഗ് വര്‍ക്ക്‌ഷോപ്പും നടക്കുന്നു. ലോക പ്രശസ്ത ക്ലോക്ക് വിദഗ്ധനായ ഒബ്‌ജെക്ടിഫ് ഹോര്‍ലോഗറിയാണ് എല്ലാ ദിവലവും ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുന്നത്. ഉച്ച മുതല്‍ രാത്രി പത്തുവരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.