താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

Posted on: February 23, 2017 9:40 pm | Last updated: February 23, 2017 at 9:27 pm

താമരശ്ശേരി: ചുരത്തില്‍ മരം കടപുഴകി വീണ് ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചുരം രണ്ടാം വളവിനും ചിപ്പിലിത്തോടിനും ഇടയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് കൂറ്റന്‍ ഞാവല്‍ മരം റോഡിനു കുറുകെ പതിച്ചത്. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോവുന്ന ചുരം റോഡിനു കുറുകെ കൂറ്റന്‍ മരം പതിച്ചതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വിനോദ സഞ്ചാര യാത്ര കഴിഞ്ഞ് താമരശ്ശേരിക്ക് മടങ്ങുകയായിരുന്ന സ്‌കൂള്‍ ബസ്സ് അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

താമരശ്ശേരി ട്രാഫിക് എസ് ഐ അബ്ദുല്‍ മജീദ് ചുഴലിക്കരയുടെ നേതൃത്വത്തിലുള്ള പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഇടപെട്ട് ചെറിയ വാഹനങ്ങള്‍ ചിപ്പിലിത്തോട് മരുതിലാവ് വഴി തിരിച്ചുവിട്ടു. മുക്കത്തുനിന്നും ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മരം മുറിച്ചു മാറ്റിയത്. വൈകിട്ട് ആറുമണിയോടെ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ചിരത്തിലെ ഗതാഗതക്കുരുക്കഴിഞ്ഞത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സേവനം ഗതാഗതക്കുരുക്കഴിക്കാന്‍ പോലീസിന് സഹായകമായി.