Connect with us

Kerala

താമരശ്ശേരി കയ്യേലിക്കലില്‍ സി പി എം പ്രവര്‍ത്തകന്റെ പെട്ടിക്കട അഗ്നിക്കിരയാക്കി

Published

|

Last Updated

കയ്യേലിക്കല്‍ രാരുക്കുട്ടിയുടെ കട അഗ്നിക്കിരയാക്കിയ നിലയില്‍.

താമരശ്ശേരി: സി പി എം പ്രവര്‍ത്തകന്റെ പെട്ടിക്കട അഗ്നിക്കിരയാക്കി. താമരശ്ശേരി കയ്യേലിക്കല്‍ ബ്രാഞ്ച് അംഗം രാരുക്കുട്ടിയുടെ കടയാണ് ഇന്ന്‌ പുലര്‍ച്ചെ രണ്ടരയോടെ പത്തോളം വരുന്ന സംഘം അഗ്നിക്കിരയാക്കിയത്. വീടിനു മുന്‍വശത്തുള്ള കടയിലെ ബെഞ്ചില്‍ ഉറങ്ങുകയായിരുന്ന രാരുക്കുട്ടി അസഹ്യമായ ചൂടുകാരണം ഞെട്ടി ഉണര്‍ന്നപ്പോഴാണ് തീ ആളിപടരുന്നത് കണ്ടത്. മുക്കത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. കടയോടു ചേര്‍ന്നുള്ള പ്ലാവ് കത്തിക്കരിഞ്ഞ നിലയിലാണ്. കടയിലുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞു. ക്ഷേത്രോത്സവത്തിനായി പിരിച്ചെടുത്ത പണം ഉള്‍പ്പെടെ അഗ്നിക്കിരയായതായി രാരുക്കുട്ടി പറഞ്ഞു. പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ള പത്തോളംപേര്‍ ഓടിപ്പോവുന്നത് കണ്ടതായും രാരുക്കുട്ടി പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം ആളുകള്‍ക്കെതിരെ താമരശ്ശേരി താമരശ്ശേരി പോലീസ് കേസെടുത്തു. ഇതില്‍ ഏതാനും പേരെകുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പ്രദേശത്തെ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സി പി എം ആരോപിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ബി ജെ പി വത്കരിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഒരു പാര്‍ട്ടിയുടേതുമല്ലാത്ത പെയിന്റടിക്കാന്‍ പോലീസ് നിര്‍ദ്ധേശിച്ചിരുന്നു. ഇത് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് കറുത്ത പെയിന്റടിക്കുകയും പോലീസ് ബുക്കിംഗ് എന്ന് എഴുതുകയും ചെയ്തു. ഇതോടെ സമീപത്തെ മറ്റൊരു കാത്തിരിപ്പു കേന്ദ്രത്തിന് ബി ജെ പി യുടെ നിറം നല്‍കുകയും കൊടിസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ജെ സി ബി യുമായെത്തിയ പോലീസ് രണ്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും കൊടിമരങ്ങളും പൊളിച്ചുമാറ്റി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.

കട അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് സി പി ഐ എം കയ്യേലിക്കലില്‍ പൊതുയോഗം സംഘടിപ്പിച്ചു. സിപിഐഎംമിന്റെ നേതൃത്വത്തില്‍ കയ്യേലിക്കലില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കെ സെയ്തലവി അധ്യക്ഷത വഹിച്ചു. കെ കെ അപ്പുക്കുട്ടി, വി കുഞ്ഞിരാമന്‍, സി കെ വേണുഗോപാല്‍, പിസി അബ്ദുള്‍ അസീസ്, എ പി മുസ്തഫ, കെ മോഹനന്‍ പ്രസംഗിച്ചു.

 

Latest