നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പിന്നിലുള്ള ഉന്നതരെല്ലാം സര്‍ക്കാരിനും പാര്‍ട്ടിക്കും വേണ്ടപ്പെട്ടവര്‍: കെ സുരേന്ദ്രന്‍

Posted on: February 23, 2017 8:46 pm | Last updated: February 23, 2017 at 8:46 pm
SHARE

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ബിജെപി നേതാവ് കെ. സുരേന്ദന്ദ്രന്‍ രംഗത്ത്. ഇതിനു പിന്നിലുള്ള ഉന്നതരെല്ലാം സര്‍ക്കാരിനും പാര്‍ട്ടിക്കും വേണ്ടപ്പെട്ടവരാണെന്നും ആലുവയിലും പരിസരത്തുമുള്ള കോണ്‍ഗ്രസ്സ് എം. എല്‍. എ മാരും ഈ കാര്യത്തില്‍ മിണ്ടില്ലെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

പറഞ്ഞത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. നടിയെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ കേസ്സ് ഈ സര്‍ക്കാര്‍ തെളിയിക്കാന്‍ പോകുന്നില്ല. ആരാണ് ഇതിനു പിന്നില്‍? ആര്‍ക്കുവേണ്ടിയാണ് ഇതു ചെയ്തത്? എന്തിനുവേണ്ടി? ആരാണ് ക്വട്ടേഷന്‍ നല്‍കിയത്? ആറുദിവസം പ്രതികള്‍ ആരുടെ സംരക്ഷണയിലായിരുന്നു? മഞ്ജു വാര്യര്‍ ആവര്‍ത്തിച്ചു പറയുന്ന ക്രിമിനല്‍ ഗൂഡാലോചന ആരാണ് നടത്തിയത്? ഇതിനെല്ലാം ഉത്തരം സര്‍ക്കാര്‍ പറയുമോ? ഇനി സംഭവിക്കാന്‍ പോകുന്നത്ഃ പോലീസ്സും ഗുണ്ടകളും തമ്മില്‍ ഒരു കഥ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കും. കുറച്ചുകാലം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് പതിവുപോലെ ഇതും അവസാനിക്കും. ഇതിനു പിന്നിലുള്ള ഉന്നതരെല്ലാം സര്‍ക്കാരിനും പാര്‍ട്ടിക്കും വേണ്ടപ്പെട്ടവരാണ്. ആലുവയിലും പരിസരത്തുമുള്ള കോണ്‍ഗ്രസ്സ് എം. എല്‍. എ മാരും ഈ കാര്യത്തില്‍ മിണ്ടില്ല. പലരും ഈ സിനിമാ രാഷ്ട്രീയ ഗുണ്ടാ സംഘത്തിനു വേണ്ടപ്പെട്ടവരാണ്. പി. ടി. തോമസ്സ് ആ ഗണത്തില്‍പ്പെടില്ല. നമുക്ക് കാത്തിരുന്നു കാണാം.