പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Posted on: February 23, 2017 8:06 pm | Last updated: February 24, 2017 at 12:20 pm

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പള്‍സര്‍ സുനിയുടെ അറസ്റ്റ് പൊലീസിന് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് അഭിനന്ദനം അറിയിക്കുന്നതായി പിണറായി വിജയന്‍ പറഞ്ഞു. അറസ്റ്റിനെതിരായ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ആരുടെ താല്‍പര്യം സംരക്ഷിനാണെന്ന ചോദ്യവും പിണറായി ഉന്നയിച്ചു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയേയും കൂട്ടാളി വിജേഷിനേയും കോടതിയില്‍ നിന്ന് പിടികൂടിയ പൊലീസ് നടപടിയെ നാണക്കേടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ചത്. പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തില്‍ നിന്നും ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് വ്യക്തമായില്ലേ എന്നും പിണറായി ചോദിച്ചു.

കോടതിയില്‍ കയറിയുള്ള അറസ്റ്റ് പൊലീസിന് അഭിമാനമായ ഒന്നല്ലെന്നാണ് മുന്‍ ആഭ്യന്തരമന്ത്രി പറഞ്ഞത്. കോടതിക്കകത്തെ പൊലീസ് നടപടിയില്‍ അഭിഭാഷകരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.