ജിദ്ദയിലെ സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Posted on: February 23, 2017 7:55 pm | Last updated: February 23, 2017 at 7:52 pm

ദമ്മാം: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഒരു വര്‍ഷത്തിനകം വാടകക്കെട്ടിടത്തില്‍ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറാത്ത 67% സ്വകാര്യ സ്‌കൂളുകളും അടച്ചു പൂട്ടല്‍ ഭീഷണിയില്‍. വിദ്യാഭ്യാസ മന്ത്രാലയം, വാണിജ്യ നിക്ഷേപക വിഭാഗം, നഗര ഗ്രാമ വികന കാര്യ വകുപ്പ്, ചെറുകിട ഇടത്തരം സംരംഭക അതോറിറ്റി എന്നീ വിഭാഗങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട പഠനത്തിലാണിതു പറയുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 279 സ്‌കൂളുകളുണ്ട്. ഇതില്‍ 106,000 വിദ്യാര്‍ത്ഥികളും 15,000 ജീവനക്കാരുമുള്ളതായി പഠന സംഘം സൂപര്‍വൈസര്‍ ദാഖില്‍ അല്‍ സുറൈസിരി പറഞ്ഞു.

ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇത്രയും സ്‌കൂളുകള്‍ നിലവിലെ കെട്ടിടത്തില്‍ നിന്ന് സ്വന്തം കാമ്പസിലേക്ക് മാറ്റുന്നതിലെ തടസ്സങ്ങളും പ്രശ്‌നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു പഠനമെന്ന് അല്‍ സുറൈസിരി പറഞ്ഞു. ഇത്തരം സ്‌കൂളുകള്‍ രണ്ട് പ്രശ്‌നങ്ങളാണ് പ്രധാനമായും നേരിടുന്നത്. മുനിസിപ്പാലിറ്റി നിബന്ധനകള്‍ക്കനുസരിച്ച സ്ഥലം കണ്ടെത്തല്‍ തന്നെ പ്രധാനം. രണ്ട് നിക്ഷേപകരുടെയും മുതല്‍മുടക്കിന്റെയും അഭാവവും.

മെഡിക്കല്‍, ഇന്റസ്ട്രിയല്‍ മേഖലയിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലീസ് കരാര്‍ അനുസരിച്ച് സ്ഥലം അനുവദിക്കുന്നത് പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട മന്ത്രാലയം സ്ഥലം അനുവദിക്കേണ്ടതുണ്ട്. ഈ അടിസ്ഥാനത്തില്‍ നല്‍കാന്‍ കഴിയുന്ന 1200 ഇടങ്ങളെങ്കിലും മന്ത്രാലയത്തിനു കീഴിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥകള്‍ പാലിക്കാനാവാതെ സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടിയാല്‍ ആ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കര്‍ സംവിധാനങ്ങള്‍ക്കാവില്ല. മാത്രമല്ല, വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 300 സര്‍ക്കാര്‍ സ്‌കൂളുകള്‍ ജിദ്ദയില്‍ മാത്രമുണ്ട്. ഇതിനു പുറമെ ഒട്ടുമിക്ക സര്‍ക്കാര്‍ സ്‌കൂളുകളും രണ്ട് ഷിഫ്റ്റായാണ് പ്രവര്‍ത്തിക്കുന്നത്.

416 സ്വകാര്യ സ്‌കൂളുകളാണ് ജിദ്ദയിലുള്ളത്. അന്താരാഷ്ട്ര സ്‌കൂളുകളില്‍ 30 ശതമാനം സ്വദേശി വല്‍കരണം നിര്‍ബന്ധമാണെന്നത് 10 നും 15 നും ഇടയിലാക്കി നല്‍കിയത് തൊഴില്‍ സാമൂഹ്യ വികസനം മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വലിയ ആനുകൂല്യമായി സ്‌കൂള്‍ അധികൃതര്‍ കാണുന്നു. അത് പോലെ സ്‌കൂളിനു സ്വന്തമായുള്ള രണ്ട് വാഹനങ്ങള്‍ക്ക് ഒരു െ്രെഡവര്‍ എന്ന തോതില്‍ വിസ അനുവദിച്ചതും വലിയ കാര്യമാണെന്ന് ജിദ്ദ സ്വകാര്യ സ്‌കൂള്‍ കമ്മിറ്റി തലവന്‍ മലിക് ബിന്‍ ത്വാലിബ് പറഞ്ഞു.