ഒരു മാസം നീളുന്ന സല്‍മാന്‍ രാജാവിന്റെ ഏഷ്യന്‍ ടൂര്‍

Posted on: February 23, 2017 12:56 pm | Last updated: February 23, 2017 at 12:56 pm

ദമ്മാം: ഇരുഗേഹങ്ങളുടെ സംരക്ഷകനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെ ഏഷ്യന്‍ ടൂര്‍ അടുത്ത ആഴ്ച ആരംഭിക്കും. 5 ഏഷ്യന്‍ രാജ്യങ്ങളിലൂടെ 31 ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ധാരാളം വിവിധോദ്ദേശ്യ കരാറുകളിലും ധാരണകളിലും ഒപ്പുവെക്കും. സഊദി രാജചരിത്രത്തില്‍ ഇദംപ്രഥമമായി നടക്കുന്ന ഇത്തരം നീണ്ടതും പ്രാധാന്യമര്‍ഹിക്കുന്നതുമായ സന്ദര്‍ശനം രാജ്യ രാജ്യാന്തര ബന്ധങ്ങളിലും നയതന്ത്ര ഇടപാടുകളിലും കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ പുതിയ അധ്യായങ്ങള്‍ രചിക്കും.

ശക്തമായ സൈനിക വ്യൂഹത്തിന്റെയും വിവിധ മന്ത്രിമാരുടെയും ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യം കോലാലംപൂരില്‍ എത്തും. തുടര്‍ന്ന് മലേഷ്യയില്‍ മൂന്നുദിവസം ചിലവഴിച്ചതിനു ശേഷം 12 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഇന്തോനേഷ്യയിലേക്ക് തിരിക്കും. 46 വര്‍ഷം മുമ്പ് കിങ് ഫൈസല്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം ഇതാദ്യമായാണ് ഒരു സഊദി ഭരണാധികാരി ഇന്തോനേഷ്യയില്‍ എത്തുന്നത്. അതിനു ശേഷം ചൈനയില്‍ നാലു ദിവസം തങ്ങും.

പിന്നീട് ചരിത്രത്തിലാദ്യമായി ഒരു സഊദി ഭരണാധികാരി ജപ്പാനിലെത്തുക എന്ന ചരിത്രവും സല്‍മാന്‍ രാജാവ് സൃഷ്ടിക്കും. മൂന്നുദിവസമാണ് ജപ്പാനിലെ സന്ദര്‍ശന സമയം. മാലദ്വീപാണ് ഏഷ്യന്‍ ടൂടിന്റെ സമാപന കേന്ദ്രം. തുടര്‍ന്ന് മാര്‍ച്ച് 27 ന് അറബ് ലീഗ് സമ്മിറ്റില്‍ സംബന്ധിക്കുന്നതിനായി രാജാവ് ജോര്‍ദ്ദാനിലേക്ക് തിരിക്കും.