ആദ്യ ഹജ്ജ് വിമാനം ജൂലൈ 24ന്

Posted on: February 23, 2017 12:54 pm | Last updated: February 23, 2017 at 12:54 pm
SHARE

ദമ്മാം: ഈ വര്‍ഷത്തെ ഹജ്ജ് വിമാനങ്ങള്‍ ജൂലൈ 24 മുതല്‍ എത്തിത്തുടങ്ങുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അവസാന വിമാനം ആഗസ്റ്റ് 26ന് ആയിരിക്കുമെന്നും സഊദി പ്രസ്സ് ഏജന്‍സി റിപ്പ്‌പോര്‍ട്ട് ചെയ്തു. 260,000 അധിക തീര്‍ത്ഥാടകരെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട്. 2013ല്‍ ഹജ്ജ് കോട്ട കുറച്ചതിന് ശേഷം ഈ വര്‍ഷമാണ് കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിച്ചത്.

സഊദി സ്റ്റാറ്റ്സ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കനുസരിച്ച് 1,862,909 തീര്‍ത്ഥാടകരാണ് 2016 ലെ ഹജ്ജ് കര്‍മ്മത്തിനെത്തിയത്. ഇതില്‍ 169 വിദേശ രാജ്യങ്ങളില്‍ നിന്നായി 1,325,372 ഹാജിമാരും അഭ്യന്തര തീര്‍ത്ഥാടകര്‍ 537,537 ഉം ആയിരുന്നു. ഹറം വികസനവുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ഓരോ വിദേശ രാജ്യങ്ങളില്‍ നിന്നും 20 ശതമാനവും അഭ്യന്തര തീര്‍ത്ഥാടകരില്‍ നിന്ന് 50 ശതമാനവും ക്വോട്ട വെട്ടിക്കുറച്ചിരുന്നു.

ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാസംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ഏഅഇഅ ശില്‍പശാല സംഘടിപ്പിച്ചു. മക്ക മദീന പ്രവിശ്യകള്‍, ഹജ്ജ് ഉംറ മന്ത്രാലയം, ജിദ്ദ മദീന എയര്‍പോര്‍ട്ട് അധികൃതര്‍, മക്ക വികസന അതോറിറ്റി, സഊദി അറേബ്യന്‍ എയര്‍ലൈന്‍, മറ്റു വിമാന കമ്പനികള്‍ ഉള്‍പ്പെടെ ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ സര്‍ക്കാതേതര പ്രതിനിധികള്‍ പങ്കെടുത്തു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് തീര്‍ത്ഥാടകരായിരുന്നു 2016 ലേത്. ഈ വര്‍ഷം 80 രാജ്യങ്ങള്‍ക്ക് ഹജ്ജിന് ക്ഷണിച്ചു കൊണ്ടും ചര്‍ച്ചക്കായും സഊദി ഹജ്ജ് മന്ത്രാലയം കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹജ്ജ് ബഹിഷ്‌കരിച്ച ഇറാന്‍ അടക്കം ചര്‍ച്ചക്ക് വേണ്ടി റിയാദിലെത്തുന്നതായാണ് അവസാന വിവരം. ഈ വര്‍ഷം കെട്ടിടങ്ങളും ഹോട്ടലുകളും മശാഇറുകളും ഉള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപയുക്തമാകുന്ന രീതിയില്‍ വൈകല്യസൗഹൃദ സംവിധാനമാക്കി മാറ്റാനും ഹജ്ജ് ഉന്നതാധികാര സമിതി തീരുമാനമെടുത്തിരുന്നു.

ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായുള്ള വിഷന്‍ 2030 ല്‍ പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്താനുള്ള കടുത്ത ശ്രമത്തിന്റെ ഭാഗമായാണ് ശില്‍പശാല. ഇതനുസരിച്ച് 2020 ല്‍ 2.5 മില്യന്‍ തീര്‍ത്ഥാടകരെയും 2030 ആകുമ്പോഴേക്കും ഇത് 4 മില്യനായി വര്‍ദ്ധിപ്പിക്കാനാവുമെന്നും അധികൃതര്‍ പറഞ്ഞു. 2016 ലെ ഹജ്ജ് കര്‍മ്മത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 58 വിമാനക്കമ്പനികള്‍ക്കാണ് ജനറല്‍ അതോറിറ്റി ഓഫ് ഏവിയേഷന്‍ അനുമതി നല്‍കിയത്. ഈ വിമാനങ്ങള്‍ 1,246,660 വിദേശ തീര്‍ത്ഥാടകരെയാണ് ഹജ്ജിനെത്തിച്ചത്. ഇതില്‍ 694,171 ഹാജിമാര്‍ ജിദ്ദ എയര്‍പോര്‍ട്ട് വഴിയും 551,170 ഹാജിമാര്‍ മദീന എയര്‍പോര്‍ട്ട് വഴിയും ഹജ്ജിനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here