കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

Posted on: February 23, 2017 9:40 am | Last updated: February 23, 2017 at 1:39 pm

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. നേട്ട് നിരോധന വിഷയത്തില്‍ കേന്ദ്രത്തെ ഗവര്‍ണര്‍ വിമര്‍ശിച്ചു. നോട്ട് നിരോധനം കേരളത്തേയും ജനങ്ങളേയും ഗുരുതരമായി ബാധിച്ചുവെന്ന് പ്രസംഗത്തില്‍ പറഞ്ഞു. റവന്യൂ വരുമാനം കുറയാനും സഹകരണമേഖല സ്തംഭിക്കാനും നോട്ട് നിരോധനം കാരണമായെന്ന് പ്രസംഗത്തില്‍ വിമര്‍ശനമുണ്ടായി. നീതി ആയോഗിനോട് നയപ്രഖ്യാപനത്തില്‍ വിയോജിപ്പുണ്ടായി. സംസ്ഥാനം പഞ്ചവത്സര പദ്ധതികള്‍ തുടരുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത് നേരിടാന്‍ ഊര്‍ജിത നടപടികള്‍ തുടങ്ങി. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം ഉറപ്പാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കും. മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും. ആറ് മേഖലകളെ ലക്ഷ്യമിട്ട് നവകേരള വികസന പദ്ധതി കൊണ്ടുവരും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തത നേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.