സമസ്ത ഉലമാ സമ്മേളനം: പതാകദിനം നാളെ

Posted on: February 23, 2017 8:50 am | Last updated: February 23, 2017 at 8:50 am

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ പണ്ഡിത സംഗമത്തിന് ഇനി ഒരാഴ്ച മാത്രം ബാക്കി. ആദര്‍ശസമൂഹം ഒന്നടങ്കം ആവേശപൂര്‍വം കാതോര്‍ക്കുന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും സജീവമായി. സമസ്തയുടെ പോഷക സംഘടനകള്‍ മുഴുവന്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി രംഗത്തിറങ്ങിയതോടെ സമ്മേളനാരവം ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ കീഴടക്കുകയാണ്. തൃശൂര്‍ താജുല്‍ ഉലമാ നഗറില്‍ സമ്മേളനപ്പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി. 15,000 പേര്‍ക്ക് ഒരേ സമയം പ്രഭാഷണങ്ങള്‍ കേള്‍ക്കാനുള്ള പടുകൂറ്റന്‍ പന്തലാണ് ഒരുങ്ങുന്നത്. കഴിഞ്ഞ 17ന് തുടങ്ങിയ പന്തല്‍ നിര്‍മാണം 28നകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് രാപകല്‍ ഭേദമില്ലാതെയാണ് പ്രവൃത്തി നടക്കുന്നത്. നിസ്‌കാരത്തിനും വിശ്രമത്തിനുമുള്ള ഹാള്‍ ഉള്‍പ്പടെ അര ഡസന്‍ അനുബന്ധ പന്തലുകളും തയ്യാറായിവരുന്നു. സമ്മേളനത്തിന്റെ പൊതുവിളംബരമായി നാളെ സംസ്ഥാന വ്യാപകമായി പതാകദിനം ആചരിക്കും. കവലകളിലും പാതയോരങ്ങളിലും സമസ്തയുടെ ത്രിവര്‍ണ പതാക ഉയരും. ഓഫീസുകളും സ്ഥാപനങ്ങളും അലങ്കരിക്കും. പള്ളികളില്‍ സമ്മേളന സന്ദേശം പകര്‍ന്ന് പ്രത്യേക പ്രഭാഷണം നടക്കും. പതാകദിനാചരണം വിജയിപ്പിക്കാന്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം നേതാക്കള്‍ അഭ്യര്‍ഥിച്ചു.