കടുത്ത വേനല്‍:സംസ്ഥാനത്ത് പാലുത്പാദനം 20 ശതമാനം കുറയും

Posted on: February 23, 2017 8:44 am | Last updated: February 23, 2017 at 12:36 pm

കണ്ണൂര്‍: കടുത്ത വേനല്‍ സംസ്ഥാനത്തെ ക്ഷീരമേഖലയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്നു. പാലുത്പാദനം വര്‍ധിപ്പിക്കുന്നതിനായി കോടികള്‍ മുടക്കി വന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് ഇത്തവണ നേരത്തെയെത്തിയ കൊടും ചൂട് ക്ഷീരമേഖലയെ കാര്യമയായി ബാധിച്ചു തുടങ്ങിയത്. പാലക്കാട്, വയനാട് ജില്ലകളിലെ നിരവധി പഞ്ചായത്തുകളില്‍ ഇതിനകം പാല്‍ ഉത്പാദനത്തില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ എന്‍ ശശി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാന വാരത്തിലും, ഏപ്രില്‍ മാസങ്ങളിലുണ്ടായ പാലിന്റെ കുറവാണ് ഇത്തവണ ഈ ജില്ലകളില്‍ ഫിബ്രവരി പകുതിയോടെ ഉണ്ടായത്. വരും ദിവസങ്ങളില്‍ ഇതിന്റെ അളവ് കൂടുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്ന മലബാറിലെ ജില്ലകളിലും പാല്‍ ഉത്പാദനത്തില്‍ വലിയ തോതിലുള്ള കുറവ് സംഭവിച്ചിട്ടുണ്ട്. ചൂട് കൂടുമ്പോള്‍ ശരീര താപനില വര്‍ധിക്കുന്നതിനാല്‍ കന്നുകാലികള്‍ക്ക് സംഭവിക്കുന്ന ‘തെര്‍മല്‍ സ്‌ട്രെസാ’ണ് പാലുത്പാദനം കുറക്കുന്നതെന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രത്യുത്പാദനം, ശരീരവളര്‍ച്ചാ നിരക്ക്, രോഗപ്രതിരോധ ശേഷി എന്നിവയെയും ചൂട് പ്രതികൂലമായി ബാധിക്കുന്നുണ്ട്. അന്തരീക്ഷ താപനില കുറയാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ കന്നുകാലികളുടെ ശരീര താപനില കുറയ്ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ അവലംബിക്കുക മാത്രമാണ് ഇതിനുള്ള ഏകമാര്‍ഗമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഇത്തവണ ഒരുക്കാനാകാത്തതാണ് നേരത്തെ തന്നെ പ്രശ്‌നങ്ങള്‍ക്കിടക്കായത്.
പച്ചപ്പുല്ല് ക്ഷാമവും ജലക്ഷാമവും ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഒരു പശുവിന് സാധാരണയായി പ്രതിദിനം 55-65 ലിറ്റര്‍ കുടിക്കാനുള്ള ജലം ആവശ്യമാണ്.എന്നാല്‍, ഉഷ്ണകാലത്ത് ഇത് ഇരട്ടിയാകുന്നു. വേനല്‍ കടുക്കുമ്പോള്‍ ഇത്തരത്തില്‍ ജല ലഭ്യത ഉറപ്പുവരുത്താനാകാത്താണ് പശുക്കളിലെ പാലുത്പാദനത്തെ ബാധിക്കുന്നത്. പച്ചപ്പുല്ലും വൈക്കോലും പലയിടങ്ങളിലും തീര്‍ത്തും ഇല്ലാതായി. വയനാട് ജില്ലയിലെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖകലകളിലടക്കം ക്ഷീര സംഘങ്ങളില്‍ നിന്നും ഏക്കര്‍ കണക്കിന് നിലങ്ങളില്‍ വാങ്ങിനട്ട പുല്ല് ഉണങ്ങി നശിച്ചു. പാല്‍ ഉത്പാദനം കുറഞ്ഞതിനാല്‍ വായ്പ യെടുത്ത് പശുക്കളെ വാങ്ങിയ കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് ആകെ 13 ലക്ഷം കന്നുകാലികള്‍ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ആടുകളുള്‍പ്പടെ 12 ലക്ഷം ചെറിയ വളര്‍ത്തു മൃഗങ്ങളുമുണ്ട്. പോത്തുകളുടെ എണ്ണം ഒരു ലക്ഷമുണ്ട്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ് വളര്‍ത്തു മൃഗങ്ങള്‍ ഏറെയുമുള്ളത്. വളര്‍ത്തുമൃഗങ്ങളില്‍ 94 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 32 ലക്ഷം കുടുംബങ്ങള്‍ വീട്ടുചെലവുകള്‍ക്കായി വളര്‍ത്തുമൃഗങ്ങളെ പൂര്‍ണമായോ ഭാഗികമായോ ആശ്രയിക്കുന്നവരാണ്. പശു, ആട്, എരുമ എന്നിവയെ പോറ്റുന്നവരില്‍ അറുപത് ശതമാനവും സ്ത്രീകളാണ്. ചെറുകര്‍ഷകര്‍, ഭൂരഹിതരായ തൊഴിലാളികള്‍, മറ്റു തൊഴിലുകള്‍ ഇല്ലാത്ത ദരിദ്രവിഭാഗങ്ങള്‍ എന്നിവരാണ് കാലിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ എണ്‍പത് ശതമാനവും.ഇവരെയെല്ലാം പ്രത്യക്ഷത്തില്‍ തന്നെ വേനല്‍ ബാധിക്കും. നിലവിലെ കാലാവസ്ഥ രീതി കണക്കിലെടുത്താല്‍ ചൂട് കാരണം ചാകുന്ന കന്നുകാലികളുടെ എണ്ണം ഇത്തവണയും കൂടിയേക്കും. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിനനുസരിച്ചു ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണു കാലികള്‍ ചാകാന്‍ കാരണമാകുക. കഴിഞ്ഞ തവണ പാലക്കാട്, എറണാകുളം ജില്ലകളില്‍ ഇത്തരത്തില്‍ പശുക്കള്‍ ചത്തൊടുങ്ങിയിരുന്നു. ഇതു തടയുന്നതിന് ഇത്തവണ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലെടുക്കും. വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ കണക്കാക്കി അവിടങ്ങളില്‍ പശുക്കള്‍ക്ക് വെള്ളം എത്തിക്കുന്നതിനുള്‍പ്പടെയുള്ള പരിപാടികളാണ് ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പാക്കുക. അതേസമയം വരള്‍ച്ചാ സഹായമായി ക്ഷീരകര്‍ഷകരുടെ കന്നുകാലികള്‍ക്ക് ഒരു ദിവസത്തെ ആഹാരത്തിനായി 70 രൂപയും കന്നുകുട്ടികള്‍ക്കു 35 രൂപയും നല്‍കാന്‍ പദ്ധതിയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ എന്‍ എന്‍ ശശി സിറാജിനോട് പറഞ്ഞു. കാലിത്തീറ്റയായാണ് മൃഗാശുപത്രികള്‍ വഴി ഇവ വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.