Connect with us

Kerala

നടിക്കെതിരായ അക്രമം: മുഖ്യ പ്രതി സംസ്ഥാനം വിട്ടതായി പോലീസ്

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയും വിജേഷും സംസ്ഥാനം വിട്ടതായി സൂചന. തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും കര്‍ണാടകയിലും തിരച്ചില്‍ നടത്തുന്നുണ്ട്. പന്ത്രണ്ട് സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. മൂന്ന് സംഘമാണ് അയല്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തുന്നത്.
പോലീസ് പിടിയിലാകാതിരിക്കാന്‍ ഹോട്ടലുകളിലും ലോഡ്ജുകളിലുമുള്ള താമസം ഒഴിവാക്കി രാത്രി കടത്തിണ്ണകളില്‍ കിടന്നുറങ്ങാനുള്ള സാധ്യത പരിഗണിച്ച് ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. സുനിയും വിജീഷും ഒന്നിച്ചുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസിന്റെ നീക്കങ്ങള്‍. ഇതിനിടെ സഹോദരിയെക്കൊണ്ട് വിളിപ്പിച്ച് കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികള്‍ കീഴടങ്ങുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് വിവിധ കോടതികളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നുവെങ്കിലും മണികണ്ഠനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുനിയും വിജേഷും തമിഴ്‌നാട്ടിലേക്ക് കടന്നതായി നിഗമനത്തിലെത്തിയത്. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് സുനിയുമായി തര്‍ക്കമുണ്ടായെന്നും സംഭവസമയത്ത് കാര്‍ ഓടിച്ചത് താനാണെന്നും പിടിയിലായ മണികണ്ഠന്‍ മൊഴി നല്‍കിയിട്ടുണ്ട്. കീഴടങ്ങാമെന്ന് പറഞ്ഞതോടെയാണ് സുനി തന്നോട് തെറ്റിയത്. പോലീസില്‍ കീഴടങ്ങരുതെന്നും കോടതിയില്‍ കീഴടങ്ങുന്നതാണ് ഉചിതമെന്നും പറഞ്ഞ ശേഷം സുനിയും വിജേഷും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. അത്താണിയില്‍ വെച്ച് നടിയുടെ വാഹനത്തില്‍ ട്രാവലര്‍ ഇടിപ്പിച്ചത് സുനിയാണ്. എന്നാല്‍, താനാണ് ആദ്യം കാറില്‍ കയറിയത്. പിന്നീട് പാലാരിവട്ടത്ത് വെച്ച് സുനിയും കാറിലേക്ക് കയറി. നടിക്ക് നേരെ ആക്രമണം നടത്തുമ്പോള്‍ കാറോടിച്ചിരുന്നത് താനാണെന്നും മണികണ്ഠന്‍ മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ മണികണ്ഠന് വ്യക്തമായ പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, ആലുവയിലെ ഒരു പ്രമുഖ നടനെ ചോദ്യം ചെയ്‌തെന്ന വാര്‍ത്ത പോലീസ് നിഷേധിച്ചു. സംഭവം നടന്ന് ആറ് ദിവസമായിട്ടും മുഖ്യ പ്രതികളെ പിടികൂടാനാകാത്തത് പോലീസിനും സര്‍ക്കാറിനും വന്‍ തിരിച്ചടിയായിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിനും പോലീസിനുമെതിരെ പരസ്യമായി രംഗത്തുവന്നു. പ്രതിക്ക് സി പി എം ബന്ധമുണ്ടെന്ന് ആരോപിച്ച് ബി ജെ പി നേതാക്കളും അന്വേഷണത്തില്‍ വീഴ്ചയാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതം മാത്രമെന്ന മറുപടിയാണ് സി പി എം നല്‍കുന്നത്.
നഗരത്തിലെ ഒരു യുവനടന്റെ ഫഌറ്റില്‍ നിന്ന് സിനിമാ ബന്ധമുള്ളയാള്‍ പിടിയിലായെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും അന്വേഷണ സംഘം നല്‍കിയിട്ടില്ല. പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച ആളാണ് കസ്റ്റഡിയിലായതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണത്തിന് പിന്നിലെ സിനിമാ ബന്ധം വ്യക്തമാകുമെന്നാണ് പോലീസിന്റെ നിഗമനം.

Latest