Connect with us

Kerala

ബിരുദതലം വരെയുള്ള പി എസ് സി പരീക്ഷകളില്‍ മലയാളം ഉള്‍പ്പെടുത്തും

Published

|

Last Updated

തിരുവനന്തപുരം: ബിരുദതലം വരെയുള്ള പരീക്ഷകളില്‍ മലയാളം വിഷയമായി ഉള്‍പ്പെടുത്താന്‍ പി എസ് സി തീരുമാനം. ചിങ്ങം ഒന്ന് മുതല്‍ നടക്കുന്ന ബിരുദതലം വരെയുള്ള പരീക്ഷകളിലാണ് മലയാളം ഉള്‍പ്പെടുത്തിയത്. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ മലയാളത്തിന് പകരം കന്നഡയിലോ തമിഴിലോ ചോദ്യങ്ങള്‍ ഉണ്ടാകും. തീരുമാനം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പി എസ് സി ആരംഭിച്ചതായി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ കാരണങ്ങളാല്‍ നടപടി വൈകുന്ന 2016 നവംബര്‍ ഒന്ന് വരെയുള്ള ഫയലുകള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് തീര്‍പ്പാക്കാനുള്ള കര്‍മപദ്ധതിയും പി എസ് സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. വ്യവഹാരം, സര്‍ക്കാര്‍ ഉത്തരവിന്റെയോ പ്രത്യേക ചട്ടങ്ങളുടെയോ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ നടപടി വൈകുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കും. ഈ സമിതി വിവരങ്ങള്‍ പരിശോധിച്ച് മുന്‍ഗണനാക്രമം അനുസരിച്ചാകും ഫയലുകള്‍ തീര്‍പ്പാക്കുക. ഫയല്‍തീര്‍പ്പാക്കല്‍ നടപടികള്‍ക്കായി എല്ലാ ജില്ലകളിലും പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കും.
പി എസ് സിയുടെ സേവനങ്ങള്‍ വേഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ ചെയ്യാന്‍ കഴിയും. നിലവിലെ ഔദ്യോഗിക വെബ്‌സൈറ്റ് മലയാള ഭാഷയിലും ലഭ്യമാക്കും. പി എസ് സി ഓണ്‍ലൈന്‍ പരീക്ഷ വ്യാപകമാക്കും. കൂടുതല്‍ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് പതിനായിരം വരെ അപേക്ഷകരുള്ള തസ്തികകളിലെ പരീക്ഷ ഓണ്‍ലൈന്‍ വഴിയാക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ രണ്ടായിരത്തില്‍ താഴെ അപേക്ഷകരുള്ളപ്പോള്‍ മാത്രമാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്.
വജ്രജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം 27ന് പി എസ് സി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.