Connect with us

Articles

എങ്ങനെയാണ് മുസ്‌ലിം വിലക്കിന് യു എസ് മാധ്യമങ്ങള്‍ വഴിയൊരുക്കിയത്?

Published

|

Last Updated

ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശനാനുമതി നിരസിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറിനെതിരെ ലോകരാജ്യങ്ങളിലെ രാഷ്ട്രീയ പ്രമുഖരും ആക്ടിവിസ്റ്റുകളും പരസ്യമായി രംഗത്ത് വരികയുണ്ടായി. ട്രംപിന്റെ നീക്കം വ്യാപകമായ വംശീയവിരുദ്ധതക്ക് കാരണമാകും എന്ന് വിലയിരുത്തി യു എസ് ഫെഡറല്‍ കോടതി ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. എന്നാല്‍, കൂടുതല്‍ കടുത്ത തീരുമാനങ്ങളുമായി അമേരിക്കന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. ട്രംപിന്റെ ഉത്തരവിന് അമേരിക്കന്‍ ജനതയുടെ 40 ശതമാനം പിന്തുണയുണ്ടെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അവകാശപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക വസതികള്‍ക്ക് മുന്‍പിലും പൊതുസ്ഥലങ്ങളിലും അനുദിനം പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. അമേരിക്കയിലേക്ക് അഭയാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രകടനങ്ങളും വ്യാപകമാണ്. അതിനിടെ, മുസ്‌ലിംകള്‍ക്ക് സന്ദര്‍ശനാനുമതി നിരസിച്ച പ്രസിഡന്റിന്റെ നീക്കത്തിന് പിന്നില്‍ അമേരിക്കയിലുടനീളം ഇസ്‌ലാം ഭീതി പടര്‍ത്താന്‍ വര്‍ഷങ്ങളോളം പണിയെടുത്ത യു എസ് മാധ്യമങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന പഠനങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ മുസ്‌ലിംകളെക്കുറിച്ചും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെക്കുറിച്ചും അമേരിക്കയിലെ മാധ്യമങ്ങള്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്? ഇസ്‌ലാമിക് ഫോബിയ വ്യവസായത്തിന് അടിത്തറ ഒരുക്കുകയും കൃത്യമായ ലക്ഷ്യത്തോടെ മുസ്‌ലിംവിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്തതില്‍ ആരൊക്കെയാണ് സജീവമായി പങ്കെടുത്തത്? അമേരിക്കന്‍ പൊതുബോധത്തില്‍ മുസ്‌ലിംകള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്നും രാഷ്ട്രസുരക്ഷക്ക് ഭീഷണിയാണെന്നും ആരാണ് സ്ഥാപിച്ചെടുത്തത്? വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈ മാധ്യമപ്രചാരണ വേലകള്‍ ചരിത്രപ്രധാനമായ ഉത്തരവുകളിലേക്ക് യു എസ് സര്‍ക്കാറിനെ നയിച്ചതെങ്ങനെയാണ്?
പ്രൊഫഷണല്‍ സ്വഭാവത്തോടെ ഇസ്‌ലാമോഫോബിയ വ്യവസായത്തിന് അമേരിക്കന്‍ മാധ്യമരംഗത്ത് വ്യാപകമായ പ്രചാരണങ്ങള്‍ നല്‍കിയ പാം ഗല്ലര്‍, ഫ്രാങ്ക് ഗഫ്‌നി, സ്റ്റീവ് എമേഴ്‌സന്‍, ബ്രൈറ്റ്ബര്‍ട്ട്, ഇന്‍ഫോവര്‍ തുടങ്ങിയവരുടെ എഴുത്തുകളും സംഭാഷണങ്ങളും മീഡിയ മാനേജ്‌മെന്റ് സേവനങ്ങളും ഡൊണാള്‍ഡ് ട്രംപിനെ വ്യക്തിപരമായി സ്വാധീനിച്ചിരുന്നു. തീവ്രവലതുപക്ഷ നിലപാടുകള്‍ രൂപവത്കരിക്കാനും മുസ്‌ലിംവിരുദ്ധ തരംഗം രാജ്യത്തുടനീളം പ്രചരിപ്പിക്കാനും മാധ്യമസ്ഥാപനങ്ങള്‍ക്ക് ബൗദ്ധികമായ സേവനങ്ങള്‍ ചെയ്യാനും വര്‍ഷങ്ങള്‍ നീണ്ട ഓപ്പറേഷനാണ് ഇവരുടെ നേതൃത്വത്തില്‍ നടന്നത്. ഇതിന്റെ തുടര്‍ച്ചയായി അമേരിക്കന്‍ മാധ്യമരംഗത്ത് വന്ന പ്രധാന മാറ്റങ്ങളെ മാധ്യമ ഗവേഷകര്‍ മൂന്നായി തിരിക്കുന്നു. മുസ്‌ലിംകള്‍ക്ക് മാത്രം പൂര്‍ണമായ ഉത്തരവാദിത്വം നല്‍കി മാധ്യമങ്ങളില്‍ തീവ്രവാദം ലൈവായി നിലനിര്‍ത്തുക എന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത്, സ്വതന്ത്രനിരീശ്വരവാദത്തെ കൂടുതല്‍ പ്രമോട്ട് ചെയ്യുക. മൂന്ന്, ഐ എസ് വാര്‍ത്തകളുടെ സംപ്രേഷണം തുടര്‍ച്ച മുറിയാതെ പൊതുജനാഭിപ്രായങ്ങളായി കൊണ്ടുവരിക. ഈ മൂന്ന് മുന്‍കരുതലുകളും കൃത്യമായ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയും വികസിപ്പിക്കാന്‍ ട്രംപ് അനുകൂല, മുസ്‌ലിംവിരുദ്ധ പബ്ലിക് റിലേഷന്‍ കമ്പനികള്‍ക്ക് സാധിച്ചു എന്നും യു എസ് മാധ്യമഗവേഷകര്‍ വിലയിരുത്തുന്നു.
വര്‍ഷങ്ങളായി തീവ്രവലതുപക്ഷ താല്‍പര്യങ്ങളുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ തീവ്രവാദം എന്ന പദം അനര്‍ഹമാംവിധം വാര്‍ത്തകളില്‍ ഉപയോഗിച്ചുവരുന്നതായി ഫെയര്‍ മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട പഠനത്തില്‍ വ്യക്തമാക്കുന്നു. മുസ്‌ലിംകളെ അസ്ഥാനത്ത് പ്രതിക്കൂട്ടിലാക്കുന്ന പ്രവണതകളും സര്‍വസാധാരണമാണെന്ന് പ്രമുഖ അമേരിക്കന്‍ ജേര്‍ണലിസ്റ്റ് ആദം ജോണ്‍സണ്‍ എഴുതുന്നു. വാര്‍ ഓണ്‍ ടെറര്‍ (തീവ്രവാദത്തിനെതിരെയുള്ള യുദ്ധം) എന്ന മീഡിയ ഓപ്പറേഷന്‍ പതിനാറാം വര്‍ഷത്തിലേക്ക് കടന്നു എന്നും മുസ്‌ലിം സമുദായം മാത്രമാണ് ഈ ഓപ്പറേഷന്റെ ഏകലക്ഷ്യമെന്നും അദ്ദേഹം സമ്മതിക്കുന്നു. ഈ മുസ്‌ലിംവിരുദ്ധ അജന്‍ഡ നടപ്പിലാക്കാന്‍ മുന്നില്‍ നിന്നത് അമേരിക്കയിലെ ജനകീയ ചാനലായ എച്ച് ബി ഒ ആയിരുന്നു. ഈ ചാനലിലെ റിയല്‍ ടൈം എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ അവതാരകനായ ബില്‍ മഹര്‍ മുസ്‌ലിം വിരുദ്ധവാക്കുകള്‍ മാത്രം തിരഞ്ഞെടുക്കുന്നു എന്നത് അമേരിക്കയിലെഏതൊരു സാധാരണ പ്രേക്ഷകനും അറിയാവുന്ന കാര്യമാണ്.
തെറ്റായ കാരണങ്ങള്‍ക്ക് വേണ്ടി അമേരിക്കന്‍ ജനതയെ കൊന്നൊടുക്കാന്‍ ആശയപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന മതമാണ് ഇസ്‌ലാം, മുസ്‌ലിംകളുടെ ജീവിതത്തിന് ഐ എസുമായി നേരിട്ടുള്ള ബന്ധങ്ങള്‍ കാണാന്‍ കഴിയും, പടിഞ്ഞാറന്‍ സംസ്‌കാരത്തെ വോരോടെ പിഴുതെറിയാന്‍ മുസ്‌ലിംകള്‍ നീക്കങ്ങള്‍ നടത്തുന്നു, മുസ്‌ലിംകളെ വെറുക്കേണ്ടത് ഒരോ അമേരിക്കക്കാരന്റെയും കടമയാണ് തുടങ്ങിയ വംശീയവിദ്വേഷങ്ങളാണ് തന്റെ ഷോയില്‍ ബില്‍ മെഹര്‍ അവതരിപ്പിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കെതിരെയും ഫലസ്തീനെതിരെയും നിരന്തരം വ്യാജ വാര്‍ത്തകള്‍ പുറത്തുവിടാനും റിയല്‍ ടൈം സമയം കണ്ടെത്തി. യൂറോപ്പില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിനെയാണ് ഈ വിേദ്വഷപ്രചാരണങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് പ്രമുഖ മാധ്യമനിരീക്ഷകന്‍ സാം ഹാരിസ് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി മറ്റേത് ആശയത്തെക്കാളും ഇസ്‌ലാമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അടിവരയിടുന്നു. ഈ വളര്‍ച്ച തടയുക എന്നതാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയവിദ്വേഷത്തിന്റെ ലക്ഷ്യമെന്നും ട്രംപിന്റെ മുസ്‌ലിം വിരുദ്ധനീക്കത്തിന്റെ പ്രഥമലക്ഷ്യം അതാണെന്നും സാം ഹാരിസ് അഭിപ്രായപ്പെടുന്നു.
അമേരിക്കയിലെ കേബിള്‍ ടിവി ഓപ്പറേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു ദിവസം സംപ്രേഷണം ചെയ്യുന്ന ടിവി ഷോകളില്‍ എഴുപത് ശതമാനത്തിലധികം ഉള്ളടക്കം ഇസ്‌ലാം ഭീതി പരത്തുന്നതാണ്. അമേരിക്കക്കാര്‍ വീക്ഷിക്കുന്ന തീവ്രവാദ വാര്‍ത്തകളില്‍ വലിയൊരളവോളം യഥാര്‍ഥ തീവ്രവാദപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയിട്ടുള്ളതല്ല. ഐ എസ് ഭീഷണി പ്രചരിപ്പിക്കുക എന്നത് ചില സുപ്രധാന യു എസ് മാധ്യമങ്ങള്‍ ഏറ്റെടുത്ത ദിനചര്യയാണ്. ഐ എസ് വാര്‍ത്തകള്‍ ഒന്നുമില്ലാത്ത ദിവസങ്ങളില്‍ പോലും ലോസ് ഏഞ്ചല്‍സ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച സുപ്രധാനവാര്‍ത്ത ഐ എസ് അമേരിക്കയുടെ ഉറക്കം കെടുത്തുന്നു എന്നാണ്. (21.12.2015). അതുപോലെ ഐ എസ് താവളങ്ങള്‍ എന്ന പേരില്‍ പുറത്തുവിടുന്ന ദൃശ്യങ്ങള്‍ പലതും അമേരിക്കയുടെ എഫ് ബി ഐ മാധ്യമങ്ങള്‍ക്ക് സര്‍ക്കുലേറ്റ് ചെയ്യുന്നതാണ്. ഇടക്കിടെ വാര്‍ത്താചാനലുകള്‍ അവതരിപ്പിക്കുന്ന തീവ്രവാദഭീഷണികളും ടെറര്‍ അലര്‍ട്ടുകളും ഡി എച്ച് എസ് പോലുള്ള യു എസ് സര്‍ക്കാര്‍ സെക്യൂരിറ്റി ഏജന്‍സികള്‍ സര്‍ക്കുലേറ്റ് ചെയ്യുന്ന മുന്നറിയിപ്പുകളാണ്. മിക്കതും വ്യാജ ഐ എസ് വാര്‍ത്തകള്‍. ഇത്തരം നീക്കങ്ങളിലൂടെ അമേരിക്കന്‍ ജനതയെ ഭീതിയുടെ നിഴലില്‍ നിര്‍ത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കുക എന്നതും മുസ്‌ലിംവിരുദ്ധ തരംഗം നിലനിര്‍ത്തി സാമ്രാജ്യത്വ അജന്‍ഡകള്‍ നടപ്പിലാക്കുക എന്നതുമാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ ലക്ഷ്യം.
2014 മധ്യത്തോടെ ഐ എസ് വാര്‍ത്തകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അമേരിക്കന്‍ മാധ്യമങ്ങളില്‍ തീവ്രവാദവാര്‍ത്തകളും കുറഞ്ഞുവന്നു. ആ സമയത്താണ് മെക്‌സിക്കോയില്‍ ഐ എസ് തീവ്രവാദ ക്യാമ്പുകള്‍ നിര്‍മിക്കുന്നു എന്ന പുതിയ സ്റ്റോറി ഫോക്‌സ് ന്യൂസ് പുറത്തുവിട്ടത്. ഒപ്പം ഐ എസ് ഖിലാഫത്തിന്റെ ഭൂപടം വിശദീകരിച്ചുകൊണ്ട് എ ബി സി ന്യൂസില്‍ ഭയാനകമായ മറ്റൊരു വാര്‍ത്തയും. അല്‍പം എരിവ് കൂട്ടാന്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന ഐ എസ് വാര്‍ത്ത ചില അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റുകളും പ്രസിദ്ധീകരിച്ചു. ഒരു തീവ്രവാദവാര്‍ത്ത പോലും സംപ്രേഷണം ചെയ്യാനില്ലാതിരുന്നിട്ടും ഇത്തരം ഭീകരവാര്‍ത്തകള്‍ അമേരിക്കന്‍ മീഡിയയില്‍ നിറഞ്ഞുനിന്നത് യാദൃശ്ചികമായിരുന്നില്ല എന്ന് ചുരുക്കം.
ഇസ്‌ലാമോഫോബിയയുടെ ഇതേ മാധ്യമരീതികള്‍ പിന്തുടരുന്ന നിരവധി വാര്‍ത്തകള്‍ വേറെയും വന്നു. നൂറിലധികം അമേരിക്കക്കാര്‍ സിറിയന്‍ റിബലുകളോടൊപ്പം എന്ന് സി എന്‍ എന്‍ ഒന്നാം പേജില്‍ ലീഡ് കൊടുത്തപ്പോള്‍ (27.8.2014) ഐ എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അല്‍-ഖാഇദ നൂറ് കണക്കിന് ചെറുപ്പക്കാര്‍ക്ക് ട്രൈനിംഗ് നല്‍കുന്നു എന്ന് ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസും (19.6.2014) വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത ദിവസം യു എസ് സുരക്ഷാമേധാവി ജെയിംസ് കോമി ഈ വാര്‍ത്തകള്‍ നിഷേധിച്ച് മുന്നോട്ടുവന്നു. അതുകൊണ്ടൊന്നും തീവ്രവാദവാര്‍ത്തകള്‍ അവസാനിച്ചില്ല. മുസ്‌ലിം വിദ്വേഷപ്രചാരണ വാര്‍ത്തകള്‍ അഭംഗുരം തുടര്‍ന്നു. ഐ എസ് താവളങ്ങള്‍ എന്ന പേരില്‍ അമേരിക്കന്‍ വാര്‍ത്താചാനലുകള്‍ കാണിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ തീര്‍ത്തും വ്യാജമാണെന്ന് രഹസ്യാന്വേഷണ വിഭാഗമായ സി ഐ എയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കല്‍ മോര്‍ 2015 ജൂണില്‍ വെളിപ്പെടുത്തിയിരുന്നു. ന്യൂക്ലിയര്‍ ആയുധങ്ങള്‍ കൈവശമില്ലാത്ത ഐ എസിന്റെ ന്യൂക്ലിയര്‍ ആയുധശേഖര ദൃശ്യങ്ങള്‍ പുറത്തുവിട്ട സി ബി എസ് എന്‍ പോലുള്ള മാധ്യമങ്ങളെയും അദ്ദേഹം തള്ളിക്കളയുന്നു. ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന കൂട്ടക്കൊലകളും വീഡിയോ ദൃശ്യങ്ങളും സംശയാസ്പദമാണെന്നും മൈക്കല്‍ മോര്‍ അഭിപ്രായപ്പെടുന്നു. ഒറ്റപ്പെട്ട ഇത്തരം വെളിപ്പെടുത്തലുകള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചതേയില്ല. ഏത് വാര്‍ത്തയും മുസ്‌ലിംവിരുദ്ധമാക്കാനുള്ള അമേരിക്കന്‍ മാധ്യമധര്‍മം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇത്തരത്തില്‍ തീവ്രവലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ അമേരിക്കന്‍ ജനസാമാന്യത്തിന്റെ അഭിപ്രായരൂപീകരണത്തെ വലിയ തോതിലാണ് സ്വാധീനിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാക്കളെയും അക്കാദമിക ബുദ്ധിജീവികളെയും കൈയിലെടുക്കാന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചു. ഈ അജന്‍ഡയുടെ ഭാഗമായാണ് ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശനാനുമതി നിരസിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറിനെയും കാണേണ്ടത്. ട്രംപ് സര്‍ക്കാറിന്റെ നയരൂപവത്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെല്ലാം തീവ്രവലതുപക്ഷനിലപാടുള്ളവരാണ് എന്നതും സുപ്രധാനമാധ്യമങ്ങളുമായി അടുപ്പമുള്ളവരാണ് എന്നതും അമേരിക്കന്‍ മാധ്യമനിരീക്ഷകരുടെ ഈ വിലയിരുത്തല്‍ ശരിവെക്കുന്നു. അന്താരാഷ്ട്ര രംഗത്ത് മുസ്‌ലിംകളെ ലക്ഷ്യം വെക്കാന്‍ അമേരിക്കയുടെ സുരക്ഷ മുന്നില്‍ വെക്കുക എന്ന രാഷ്ട്രീയതന്ത്രം മാത്രമാണ് ഈ ഉത്തരവിലൂടെ ട്രംപ് പ്രയോഗിച്ചത്. വര്‍ഷങ്ങളായി അമേരിക്കന്‍ മാധ്യമങ്ങള്‍ തുടര്‍ന്നുവരുന്ന മുസ്‌ലിം വിരുദ്ധനീക്കങ്ങളാണ് മറ്റെന്തിനേക്കാളും ഇക്കാര്യത്തില്‍ യു എസ് പ്രസിഡന്റിന് തുണയായിട്ടുണ്ടാവുക.

---- facebook comment plugin here -----

Latest