കൊച്ചി സംഭവവും പ്രതിഷേധ കോലാഹലവും

Posted on: February 23, 2017 6:23 am | Last updated: February 22, 2017 at 9:31 pm

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ്ചലച്ചിത്രമേഖലയില്‍ നിന്ന് ഉയര്‍ന്നത്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ വരെ മേഖലയിലെ ഒന്നടങ്കം പേരും സസ്ഥാനത്തെ സ്ത്രീ സുരക്ഷ അപകടത്തിലാണെന്ന് വിളിച്ചുപറഞ്ഞു. സമൂഹം ധാര്‍മികമായി ഉയരേണ്ടതിന്റെ അനിവാര്യതയും ചൂണ്ടിക്കാട്ടുന്നു പലരും. ചില സാമൂഹിക വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത് പോലെ തങ്ങളുടെ സഹപ്രവര്‍ത്തകയായ ഒരു നടി ആക്രമിക്കപ്പെട്ടപ്പോഴെങ്കിലും സ്ത്രീ സുരക്ഷയെയും പെരുകുന്ന ആക്രമണ ത്വരയെയും കുറിച്ചു പൊതുസമൂഹത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ ഏതാണ്ടെല്ലാ സിനിമാ കലാകാരന്മാരും മുന്നോട്ട് വന്നല്ലോ. എന്നാല്‍, സ്ത്രീക്ക് നേരെയുള്ള കൈയേറ്റം ഇതാദ്യത്തേതല്ല. മുമ്പും കേരളത്തില്‍ ഒട്ടേറെ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അവരില്‍ പലരും സാധാരണക്കാരോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ പെട്ടവരോ ആയിരുന്നുവെന്ന് മാത്രമല്ല, ഏറെ പേര്‍ക്കും ഇപ്പോഴും നീതി ലഭിച്ചിട്ടുമില്ല. ഫലപ്രദമായ അന്വേഷണങ്ങളും നടക്കുന്നില്ല. അവര്‍ക്കായി ശബ്ദിക്കാനും പ്രതിഷേധിക്കാനും ആളുകളില്ല.
രാജ്യത്ത് അക്രമവും ഗുണ്ടായിസവും വര്‍ധിക്കാനും സ്ത്രീകള്‍ക്ക് ധൈര്യപൂര്‍വം പുറത്തിറങ്ങി സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യം സംജാതമാകാനും പ്രധാന കാരണം സിനിമകളും സീരിയലുകളുമാണെന്ന വസ്തുത നടിക്ക് വേണ്ടി രംഗത്തുവന്നവര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്. ബലാത്സംഗം, വ്യഭിചാരം, കൊലപാതകം, ബാലപീഡനം, മദ്യപാനം. അസഭ്യ പദപ്രയോഗങ്ങള്‍, ഗുണ്ടാ യ്രിസം, സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ എന്നിവയെല്ലാം സിനിമയിലെ പതിവു ചേരുവകളാണ്. പുരുഷ പക്ഷപാതവും സ്ത്രീവിരുദ്ധവുമാണ് സിനിമകളിലേറെയും. ക്യാമറമാന്‍ അതില്‍ പുരുഷന്റെ കണ്ണായി മാത്രമാണ് വര്‍ത്തിക്കുന്നത്. ഏത് വിധേനയും പ്രേക്ഷകനെ പിടിച്ചിരുത്തി പണം വാരുക മാത്രമാണ് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ താല്‍പര്യം. അവിടെ ധാര്‍മികതയുടെയോ അധാര്‍മികതയുടെയോ, സഭ്യതയുടെയോ അസഭ്യതയുടെയോ സീമകളില്ല. സിനിമ പോലുള്ള ഒരു ജനപ്രിയ ആസ്വാദന കലയിലെ സ്ഥിരം പ്രമേയം ഈ തരത്തിലേക്ക് തരം താഴുകയും, അതിനുമപ്പുറം ഇത്തരം ജീര്‍ണതകളെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇതൊന്നും അത്ര വലിയ തെറ്റുകളല്ലെന്ന ചിന്താഗതി വളരാന്‍ ഇടയാകുന്നത് സ്വാഭാവികമാണ്. സിനിമകളിലെ കുറ്റബോധമില്ലായ്മയും ലൈംഗിക അരാജകത്വവും ഗുണ്ടായിസവും അവിഹിത ബന്ധങ്ങളും യുവമനസ്സുകളില്‍ ആഴത്തില്‍ തന്നെ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സിനിമകളിലെ രംഗങ്ങളും പശ്ചാത്തലങ്ങളും ശൈലികളും ഭാഷകള്‍ പോലും പുരുഷന്മാരെ സ്വാധീനിക്കുന്നുവെന്നും ഇത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പ്രചോദനമാകുന്നുവെന്നും യുവ സംവിധായകന്‍ ആഷിക് അബു തന്നെ അഭിപ്രായപ്പെടുകയുണ്ടായി. സമൂഹത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയിലെ അശ്ലീലതയും വഷളത്തരവും വ്യംഗ്യാര്‍ഥ പ്രയോഗങ്ങളും. വെള്ളിത്തിരയില്‍ കണ്ട ബേങ്ക് കൊള്ളയെ അനുകരിച്ചാണല്ലോ ചേലേമ്പ്ര ബേങ്ക് കൊള്ള നടന്നത്. നായിക ഒളിച്ചോടുന്ന രംഗത്തില്‍ ആകൃഷ്ടയായി പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ നടിക്ക് നേരെ നടന്നത് പോലെ വില്ലന്‍ കഥാപാത്രങ്ങള്‍ നായികയെ വേട്ടയാടുന്നതും അക്രമിക്കുന്നതും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും പതിവ് ചേരുവകളാണ്.
പെണ്ണ് ഭീഷണിപ്പെടുത്താനും എളുപ്പത്തില്‍ കീഴ്‌പ്പെടുത്താനും പറ്റുന്ന ഒരു ദുര്‍ബല ശരീരം മാത്രമാണെന്ന് സിനിമകള്‍ സൃഷ്ടിച്ച സന്ദേശമല്ലേ കൊച്ചിയില്‍ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന് പ്രചോദനം നല്‍കിയത്. സ്ത്രീ ശരീരത്തിന്റെ നഗ്നത ഏറെ വില്‍പന മൂല്യമുള്ളതു മാത്രമല്ല, വിലപേശലിനുകൂടി സാധ്യതയുള്ളതു കൂടിയാണ് ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും, സ്ത്രീ ശരീരത്തെ അത്രമേല്‍ കച്ചവടവത്കരിച്ചു കഴിഞ്ഞിട്ടുണ്ട് സിനിമകളും സീരിയലുകളും മറ്റു വാണിജ്യ മാധ്യമങ്ങളും.
മാത്രമല്ല, വെള്ളിത്തിരയില്‍ താരങ്ങള്‍ അഭിനയിച്ചു കാണിക്കുന്ന ഗുണ്ടായിസവും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും സിനിമാ കലാകാരന്മാര്‍ക്കിടയില്‍ ഇപ്പോള്‍ ഒരു പച്ച യാഥാര്‍ഥ്യമാണെന്നും മേഖലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായും സംവിധായകന്‍ കമല്‍, നടനും എം എല്‍ എയുമായ ഗണേഷ് കുമാര്‍ തുടങ്ങി ആ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ തുറന്നുപറയുകയുണ്ടായി. മലയാള സിനിമയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളാണ്. മലയാളത്തിലെ ചില താരങ്ങളെ കേന്ദ്രീകരിച്ചു അധോലോക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഗണേഷ് കുമാര്‍ വെളിപ്പെടുത്തിയത്. ഒരു ചലച്ചിത്രപ്രവര്‍ത്തകന്‍ കഞ്ചാവ് അടിച്ച് ലഹരി മൂത്തപ്പോള്‍ നഗ്നനായി തൊട്ടടുത്ത ഫഌറ്റില്‍ കയറി വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചതും ലഹരിമരുന്ന് റെയ്ഡിനെത്തുടര്‍ന്ന് കൊച്ചിയില്‍ യുവനടനും ഏതാനും മോഡലുകളും പിടിയിലായതും ഹവാല തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു യുവനടന്‍ അറസ്റ്റിലായതും ഏറെ പഴക്കമുള്ള വാര്‍ത്തകളല്ല. നടിയെ അക്രമിച്ച കേസിന്റെ അന്വേഷണം സിനിമാ പ്രവര്‍ത്തകരിലേക്കും നീളുന്നതായും മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപ്പെടാന്‍ കാരണം പ്രമുഖ നിര്‍മാതാവിന്റെ ഫോണ്‍ കോളാണെന്ന നിഗമനത്തിലാണ് പോലീസെന്നുമുള്ള വാര്‍ത്തയും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തിലെ ആക്രമണ ത്വരക്കെതിരെ സിനിമാ കലാകാരന്മാര്‍ പ്രകടിപ്പിച്ച പ്രതികരണങ്ങള്‍ ആത്മാര്‍ഥമാണെങ്കില്‍ ആദ്യമായി കാര്യങ്ങള്‍ അവര്‍ വിമര്‍ശനാത്മകമായി വിലയിരുത്തുകയും പുനര്‍വിചിന്തനത്തിന് സന്നദ്ധമാവുകയും ചെയ്യട്ടെ.