നടിക്കെതിരെ അക്രമം നടന്ന സംഭവം രാഷ്ട്രീയമായി ഉപയോഗിക്കരുത്: കോടിയേരി

Posted on: February 22, 2017 8:21 pm | Last updated: February 23, 2017 at 8:31 am
SHARE

തിരുവനന്തപുരം: നടിക്കെതിരായി നടന്ന അക്രമത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം ഒളിവില്‍ കഴിയുന്ന വിപി വിജീഷ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് കോടിയേരി ആരോപിച്ചു. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയായാണ് കോടിയേരിയുടെ പ്രസ്താവന.

നടിയെ അക്രമിച്ചവരേയും അതിന് കൊട്ടേഷന്‍ കൊടുത്തവരേയും എത്രയും പെട്ടന്ന് പിടികൂടുമെന്നും കോടിയേരി വ്യക്തമാക്കി. പ്രതികളെ എത്രയും വേഗം തിരിച്ചറിയാനായത് പോലീസിന്റെ വിജയമാണെന്നും കോടിയേരി അവകാശപ്പെട്ടു.

നടിയെ ആക്രമിച്ച സംഭവത്തില്‍ കോടിയേരിയുടെ മകനും ചലച്ചിത്ര താരവുമായ ബിനീഷ് കോടിയേരിയുടെ പങ്കും അന്വേഷിക്കണമെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മകന്‍ ഉള്‍പ്പെട്ട കേസായതിനാലാണ് കോടിയേരി വിഷയത്തില്‍ തണുത്ത സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.