ഖത്വറിന്റെ ഗോളശാസ്ത്ര ഗവേഷണ മികവ് ഇസ്‌ലാമിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്ന്

Posted on: February 22, 2017 6:20 pm | Last updated: February 22, 2017 at 6:20 pm

ദോഹ: ഗോള ശാസ്ത്രരംഗത്തെ മികച്ച കണ്ടെത്തലുകള്‍ക്കും ഗവേഷണങ്ങള്‍ക്കും ഖത്വര്‍ ശാസ്ത്രജ്ഞര്‍ക്ക് വിഖ്യാത അമേരിക്കന്‍ ശാസ്ത്ര രചയിതാവ് ഷാനന്‍ സ്റ്റിറോണിന്റെ പ്രശംസ. സൗരയൂഥത്തിന് പുറത്ത് ഖത്വരി ജ്യോതി ശാസ്ത്രജ്ഞര്‍ മൂന്നു പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അവരുടെ പ്രതികരണം.
ഏഴുനൂറ്റാണ്ടുകള്‍ക്കിപ്പുറം ഗോള ശാസ്ത്രമേഖലയിലെ ഇസ്‌ലാമിക ലോകത്തിന്റെ നേട്ടങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഖത്വറിന് സാധിച്ചതായി അവര്‍ തന്റെ പുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ജ്യോതി ശാസ്ത്രരംഗത്ത് ഇസ്‌ലാമിക ലോകത്തിന് വലിയ ചരിത്ര പൈതൃകവുമുണ്ട്. ഖത്വറിന്റെ കണ്ടെത്തലിലൂടെ അതിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ആധുനിക ജ്യോതിശാസ്ത്രത്തില്‍ ഇസ്‌ലാമിക സ്‌കോളര്‍ഷിപ്പിനുള്ള പ്രാധാന്യവും പങ്കും തേടുകയാണ് അവരുടെ പുതിയ ലേഖനം.
ആധുനിക ജ്യോതിശാസ്ത്രം വളര്‍ച്ചയും വികാസവും പ്രാപിക്കുന്നതില്‍ ഇസ്‌ലാമിക ജ്യോതിശാസ്ത്രജ്ഞന്‍മാരുടെ പങ്കും ലേഖനം ചര്‍ച്ച ചെയ്യുന്നു. മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞന്‍മാരായ ഇബ്‌നു യൂനുസ്, അബ്ദുര്‍റഹ്മാന്‍ അല്‍ സൂഫി, ഇബ്‌നു അല്‍ ഹൈതാം, മറിയം അല്‍ അസ്തുറുലാബി എന്നിവരുള്‍പ്പടെയുള്ളവരുടെ നേട്ടങ്ങളും കണ്ടെത്തലുകളും വിശദീകരിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ ജ്യോതിശാസ്ത്രമേഖലയിലെ ഇസ്‌ലാമിക പങ്കാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നിടത്താണ് ഈ മേഖലയില്‍ ഇസ്‌ലാമിക പൈതൃകം പുനരുദ്ധരിക്കുന്നതില്‍ ഖത്വര്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നത്.
സൗരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ നക്ഷത്രത്തെ ചുറ്റുന്ന വ്യാഴത്തെക്കാള്‍ വലിയ മൂന്ന് ഗ്രഹങ്ങളെയാണ് ഖത്വരി ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയത്. ഖത്വര്‍ 3 ബി, ഖത്വര്‍ 4 ബി, ഖത്വര്‍ 5 ബി എന്നിങ്ങനെയാണ് ഇവക്ക് പേര് നല്‍കിയത്.
ഖത്വര്‍ ഫൗണ്ടേഷന്റെ പിന്തുണയോടെയുള്ള ഖത്വര്‍ എക്‌സോപ്ലാനെറ്റ് സര്‍വേയിലാണ് പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തിയത്. ഇതുവരെ അഞ്ചു ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനമാണ് ഖത്വറിനുള്ളത്.