റോട്ടയുടെ യുവ ശാക്തീകരണ സമ്മേളനം പ്രഖ്യാപിച്ചു

Posted on: February 22, 2017 6:17 pm | Last updated: February 22, 2017 at 6:17 pm

ദോഹ: റോട്ട (റീച്ച് ഔട്ട് ടു ഏഷ്യ) സംഘടിപ്പിക്കുന്ന വാര്‍ഷിക യുവജന ശാക്തീകരണ സമ്മേളനം (എംപവര്‍ 2017) മാര്‍ച്ച് രണ്ടു മുതല്‍ നാലു വരെ എജുക്കേഷന്‍ സിറ്റി ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ് സെന്ററില്‍ നടക്കും. 17നും 30നുമിടയില്‍ പ്രായമുള്ള 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ‘വികസനത്തിന് സുസ്ഥിര വിനോദ സഞ്ചാരം യുവജന കാഴ്ചപ്പാട്’ എന്ന ആശയത്തിലാണ് സമ്മേളനം നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യം, ഖത്വറിന്റെ സുസ്ഥിരതാ ദര്‍ശനം എന്നിവയുടെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക വിഭവങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള വിനോദ സഞ്ചാര വികസനം സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സമ്മേളന പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തും. നാളെയുടെ ലീഡര്‍മാര്‍ക്കു വേണ്ടി നിക്ഷേപം നടത്തുന്നതിലും യുവജന ശാക്തീകരണത്തിലും നേതൃ വളര്‍ച്ചിയിലും പ്രതീക്ഷ പുലര്‍ത്തുന്ന പ്രസ്ഥാനമാണ് റോട്ടയെന്ന് നാഷനല്‍ പ്രോഗ്രാം ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല സാലിഹ് പറഞ്ഞു. വിഭവ വികസനനം, വിദ്യാഭ്യാസം, യുവജന വളര്‍ച്ച ലക്ഷ്യംവെച്ചുള്ള നിക്ഷേപം എന്നിവ ദൗത്യമായി പ്രവര്‍ത്തിക്കുന്ന റോട്ട യുവാക്കളുടെ കഴിവുകള്‍ വിജയത്തിനും സ്വാതന്ത്ര്യത്തിനുമായി ഉപയോഗിക്കുക എന്ന ആശയത്തിലാണ് ഈ വര്‍ഷം സുസ്ഥിര ടൂറിസം വികസനം എന്ന വിഷയം സമ്മേളന പ്രമേയമായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര ടൂറിസം വികസനത്തില്‍ യുവാക്കള്‍ക്ക് നിര്‍വഹിക്കാവുന്ന പങ്ക് സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചയാകും. സുസ്ഥിരമായ ഭാവിക്കു വേണ്ടിയുള്ള ആശയങ്ങളും മാര്‍ഗങ്ങളും വികസിപ്പിക്കുന്നതില്‍ യുവാക്കള്‍ നിര്‍ണായകമാകുന്നതു സംബന്ധിച്ചും ചര്‍ച്ചകളും സിംപോസിയങ്ങളും നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം സുസ്ഥിര ടൂറിസം വികസന വര്‍ഷമായി ആചരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം തിരഞ്ഞെടുത്തത്.
സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍, സഞ്ചാരം, ഗ്രൂപ്പ് വര്‍ക്ക്‌ഷോപ്പ് എന്നിവ നടക്കും. ടൂറിസവും സോഷ്യല്‍ മീഡിയയും, ദേശീയതയുടെ മാര്‍ക്കറ്റിംഗും ബ്രാന്‍ഡിംഗും, കല സുസ്ഥിര ടൂറിസത്തിനു വേണ്ടി തുടങ്ങിയ വിവിധ വിഷയങ്ങള്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് വിഷയമാകും. സമ്മേളനത്തില്‍ റോട്ട എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഈസ അല്‍ മന്നായി പങ്കെടുക്കും. കതാറ കള്‍ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് അല്‍ സുലൈത്വി ആമുഖ പ്രഭാഷണം നടത്തും.
ഇന്‍ജാസ് ഖത്വര്‍, ഖത്വര്‍ ടൂറിസം അതോറിറ്റി, അസ്പയര്‍ ലൊജിസ്റ്റിക്, നഗരസഭാ പരിസ്ഥിതി മന്ത്രാലയം, ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്വര്‍ മ്യൂസിയംസ്, കതാറ, ഖത്വര്‍ ഡവലപ്‌മെന്റ് ബേങ്ക്, വിര്‍ജിന കോമണ്‍വെല്‍ത്ത് യൂനിവേഴ്‌സിറ്റി, ഖത്വര്‍ ലീഡര്‍ഷിപ്പ് അക്കാദമി, ഇല്ലാഫ് ട്രൈന്‍ സെന്റര്‍, സിലടെക്, ഖത്വര്‍ ഫോണ്ടേഷന്‍, കള്‍ചര്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് മന്ത്രാലയം, മിശൈരിബ് പ്രോപ്പര്‍ട്ടീസ് എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.