ഷാര്‍ജയില്‍ മലയാളീ കുടുംബത്തെ ആക്രമിച്ച് പണം കവര്‍ന്നു

Posted on: February 22, 2017 4:26 pm | Last updated: February 22, 2017 at 3:28 pm
SHARE

ഷാര്‍ജ: ഷോപ്പിംഗ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തെ ആക്രമിച്ച് പണവും വിലപ്പെട്ട രേഖകളും കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി അല്‍ വഹ്ദ സബ്‌വേക്കുള്ളിലാണ് സംഭവം.

തിരുവനന്തപുരം സ്വദേശി പ്രദീപും കുടുംബവുമാണ് കവര്‍ച്ചക്കിരയായത്. മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. 4,000 ദിര്‍ഹം, രണ്ട് എമിറേറ്റ്‌സ് ഐ ഡി, ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവയാണ് നഷ്ടപ്പെട്ടത്.
അബൂ ഷഗാറയിലാണ് പ്രദീപും താമസം. സമീപത്തെ പ്രമുഖ ഷോപ്പിംഗ് സെന്ററില്‍ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് രാത്രി 11.45ഓടെ താമസ സ്ഥലത്തേക്ക് സബ്‌വേയിലൂടെ നടന്നു വരുന്നതിനിടെയായിരുന്നു അക്രമം. ഭാര്യയും മൂന്ന് വയസുള്ള മകനുമായിരുന്നു പ്രമുഖ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന പ്രദീപിനോടൊപ്പമുണ്ടായിരുന്നത്.

സബ്‌വേക്കുള്ളിലെത്തിയപ്പോള്‍ രണ്ടു പേര്‍ പിറക് വശത്തുനിന്നും ഒരാള്‍ എതിര്‍വശത്തു നിന്നും ഇവരുടെ സമീപത്തെത്തി. ആഫ്രിക്കക്കാരായ സംഘം പെട്ടെന്ന് പ്രദീപിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി പാന്റ്‌സിന്റെ പോക്കറ്റില്‍ കൈയിട്ടതായി പറയുന്നു. ഇതിനിടെ കുട്ടിയെ പ്രദീപ് കൈയിലെടുത്തതോടെ സംഘം കത്തിയെടുത്ത് ഇയാളുടെ കഴുത്തില്‍ വെക്കുകയായിരുന്നു. അപകടം മനസിലാക്കിയ പ്രദീപിന്റെ ഭാര്യ തന്റെ കൈവശമുണ്ടായിരുന്ന വാനിറ്റി ബാഗ് പതുക്കെ നീക്കിയപ്പോള്‍ തട്ടിപ്പറിച്ച് ബാഗുമായി സംഘം ഓടിരക്ഷപ്പെടുകയായിരുന്നുവത്രെ. ഇതിനിടയില്‍ പ്രദീപിന്റെ കൈയില്‍ മുറിവേറ്റു. കുട്ടിക്കും നിസാര പരുക്കുണ്ട്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പ്രതീപ് കുവൈത്തി ആശുപത്രിയില്‍ ചികിത്സ തേടി.

കൈയിലെ മുറിവില്‍ ആറ് തുന്നലുകള്‍ നടത്തിയതായി പ്രദീപിന്റെ ഭാര്യ പറഞ്ഞു. സംഭവ സമയം സബ്‌വേക്കുള്ളില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച പോലീസ് പ്രദീപില്‍ നിന്നും ഭാര്യയില്‍ നിന്നും മൊഴിയെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here