ബയോമെട്രിക് കുറ്റാന്വേഷണം; സ്മാര്‍ടായി ദുബൈ പോലീസ്

Posted on: February 22, 2017 3:55 pm | Last updated: February 22, 2017 at 3:25 pm

ദുബൈ: ദുബൈ പോലീസ് കുറ്റാന്വേഷണങ്ങള്‍ക്ക് കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തുന്നു.
കുറ്റവാളികളുടെ മുഖം സൂക്ഷ്മമായി നിരീക്ഷിച്ചു സി ഐ ഡി വിഭാഗത്തിനെ കുറ്റാന്വേഷണത്തില്‍ സഹായിക്കുന്ന പ്രത്യേക ബയോമെട്രിക് സോഫ്റ്റ്‌വെയര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇതനുസരിച്ചു ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാമറകളിലൂടെ ജനങ്ങളുടെ നീക്കങ്ങളെയും കുറ്റവാളികളെയും നിരീക്ഷണ വിധേയമാക്കുന്നതിന് കഴിയുന്നു. ടോം ക്രൂസ് സിനിമക്ക് സമാനമായി കുറ്റവാളികളെ കൈകാര്യം ചെയ്യാന്‍ പൊലീസിന് സാധിക്കുമെന്ന അവകാശവാദമില്ല. കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ജോലികള്‍ ആയാസകരമാക്കും. ദുബൈ പോലീസ് ഓപറേഷന്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ കാമില്‍ ബുതി അല്‍ സുവൈദി പറഞ്ഞു.

കുറ്റവാളികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ വ്യവഹാരങ്ങളില്‍ ഏര്‍പെടുന്നത് നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ സസൂക്ഷ്മം നിരീക്ഷിച്ചു അവരുടെ ചിത്രങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്കയക്കും. ഇത്തരം ചിത്രങ്ങള്‍ ഓപറേഷന്‍ റൂമിലെ പ്രത്യേകം സംവിധാനിച്ചിട്ടുള്ള സോഫ്റ്റ്‌വെയര്‍ സഹായത്തോടെ കൂടുതല്‍ സ്ഥിരീകരണങ്ങള്‍ക്ക് വിധേയമാക്കുകയും അന്താരാഷ്ട്ര കുറ്റവാളികളുടെ മുന്‍ വിവരങ്ങളോട് താരതമ്യം ചെയ്യുന്നു. ഇത്തരത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ മറ്റു രാജ്യങ്ങള്‍ തിരയുന്ന കുറ്റവാളികളെയും രാജ്യത്തിനകത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടിരുന്നവരെയും പിടികൂടുന്നതിനും സാധിക്കുന്നുവെന്ന് ബ്രിഗേഡിയര്‍ ബുതി പറഞ്ഞു.
കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലത്തെ നിരീക്ഷണ വിധേയമാക്കിയും മുന്‍ വിവരങ്ങളെ വിശകലനം ചെയ്തു കുറ്റ കൃത്യങ്ങള്‍ നടക്കാനിടയുള്ള പ്രദേശത്തിന്റെ സവിശേഷതകളെ കുറിച്ച അന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ കൈമാറും, അദ്ദേഹം വിശദീകരിച്ചു.