അഫ്‌സ്പയില്‍ തൊട്ട് കോണ്‍ഗ്രസ്‌

Posted on: February 22, 2017 3:40 pm | Last updated: February 22, 2017 at 3:21 pm

ഇംഫാല്‍: വീണ്ടും അധികാരത്തിലേറ്റിയാല്‍ മണിപ്പൂരില്‍ അഫ്‌സ്പ പിന്‍വലിക്കാന്‍ പരിശ്രമിക്കുമെന്ന് ഒന്നര ദശാബ്ദത്തോളം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന്റെ വാഗ്ദാനം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലാണ് കോണ്‍ഗ്രസ് ഈ വാഗ്ദാനം മുന്നോട്ടുവെക്കുന്നത്.

സൈന്യത്തിന് സവിശേഷാധികാരം നല്‍കുന്ന അഫ്‌സ്പക്കെതിരെ ദീര്‍ഘകാലം നിരാഹാരമനുഷ്ഠിച്ച ഇറോം ശര്‍മിള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നതോടെ ഈ വിഷയം പ്രധാന ചര്‍ച്ചാ വിഷയമാകുകയാണെന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് പ്രകടന പത്രിക.
ഭരണഘടന നല്‍കുന്ന സംരക്ഷണം സംസ്ഥാനത്തിന് ഉറപ്പാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി ഒക്‌റാം ഇബൂബിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി പി ജോഷി യും ചേര്‍ന്ന് പുറത്തിറക്കിയ പ്രകടന പത്രിക പറയുന്നു. ക്രമസമാധാന നില സാധാരണ നിലയിലേക്ക് കൊണ്ടുവന്നാല്‍ സംസ്ഥാനത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും അഫ്‌സ്പ പിന്‍വലിക്കാനാകും. നേരത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ഈ നിയമം പിന്‍വലിച്ചിട്ടുണ്ടെന്നും പ്രകടന പത്രിക ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ വിമര്‍ശത്തിനും പ്രതിഷേധത്തിനും ഇടവരുത്തിയ പുതിയ ഏഴ് ജില്ലകളുടെ രൂപവത്കരണം നേട്ടമായാണ് മാനിഫെസ്റ്റോ വിലയിരുത്തുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ നൈപുണ്യ വികസനത്തിലൂടെ മൂന്ന് ലക്ഷം അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. 2022ഓടെ എല്ലാ വീടുകളിലും കുടിവെള്ളം, ഗ്രാമങ്ങള്‍ ബന്ധിപ്പിച്ച് റോഡുകള്‍, പാവപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നുണ്ട്.