Connect with us

National

കേന്ദ്ര മിത്രം ബി ജെ പിക്ക് സംസ്ഥാന ശത്രു

Published

|

Last Updated

ഇംഫാല്‍: കേന്ദ്ര സര്‍ക്കാറില്‍ സഖ്യകക്ഷികളായിട്ടും സംസ്ഥാനത്ത് അവരാരും തങ്ങളെ അടുപ്പിക്കുന്നില്ലെന്ന ധര്‍മസങ്കടത്തിലാണ് മണിപ്പൂരില്‍ ബി ജെ പി. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് അസാമില്‍ അധികാരത്തിലേറാനായതിന്റെ ആത്മവിശ്വാസം കൈയിലുണ്ടെങ്കിലും അത്രത്തോളം തന്നെ കോണ്‍ഗ്രസിനൊപ്പം നിന്ന മണിപ്പൂരില്‍ ഒന്നും വിലപ്പോകുന്നില്ലെന്നതാണ് ബി ജെ പിയുടെ വിഷമം.

എന്‍ ഡി എയിലെ മ ണിപ്പൂരില്‍ നിന്നുള്ള പ്രധാന കക്ഷിയാണ് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി). പക്ഷേ, സംസ്ഥാനത്തെത്തുമ്പോള്‍ അവര്‍ ചുവടുമാറ്റി. ആകെയുള്ള 60 നിയോജക മണ്ഡലത്തില്‍ 21ലും അവര്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനമെടുത്തു. കാര്യം എന്‍ ഡി എയിലെ ഘടകകക്ഷിയാണെങ്കിലും പ്രാദേശികമായി പാര്‍ട്ടിക്ക് അതിന്റേതായ ആഗ്രഹങ്ങളും ആശയങ്ങളും ഉണ്ടെന്നാണ് എന്‍ പി പി മേധാവി വിവേക് രാജ് വാങ്ഖം പറയുന്നത്.
കേന്ദ്രത്തിലും അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡിലും ബി ജെ പിക്കൊപ്പം നിന്ന് മത്സരിച്ച നാഗാ പീപ്പിള്‍സ് ഫ്രണ്ടിനും (എന്‍ പി എഫ്) എന്‍ പി പിയുടെ നിലപാടുതന്നെയാണ്. 15 സീറ്റിലാണ് അവര്‍ മത്സരിക്കുന്നത്. അതില്‍ ഏഴിലും ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്യും. മണിപ്പൂരില്‍ തങ്ങളുടെയും ബി ജെ പിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ തികച്ചും വിഭിന്നമാണെന്നാണ് എന്‍ പി എഫ് ജനറല്‍ സെക്രട്ടറി ഹിന്റീകഖുയ് കഷൂങ് പറയുന്നത്. നാഗാ പാര്‍ട്ടിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായമായ മെയ്തികളെ പിണക്കാന്‍ ബി ജെ പി തയ്യാറാകുന്നില്ല എന്നതു തന്നെയാണ് അവര്‍ തമ്മിലുള്ള പ്രത്യയശാസ്ത്ര വ്യത്യാസം.

കൂടെ നിര്‍ത്തണമെന്ന് ആഗ്രഹിക്കുമ്പോഴും സംസ്ഥാനത്തെ ബി ജെ പിക്കുമുണ്ട് എന്‍ പി എഫുമായി അഭിപ്രായ ഭിന്നത. സംസ്ഥാനത്തെ നാഗാ ഭൂരിപക്ഷ മേഖലയായ വടക്കുകിഴക്കന്‍ ഭാഗങ്ങളെ ഒരു ഭരണകൂടത്തിന്‍കീഴില്‍ കൊണ്ടുവരണമെന്ന സ്വപ്‌നവുമായാണ് എന്‍ പി എഫിന്റെ നീക്കം. ഭൂരിപക്ഷം മണിപ്പൂരികളുടെയും പ്രതിഷേധം ക്ഷണിച്ചുവരുത്താന്‍ തങ്ങള്‍ തയ്യാറല്ലെന്ന് സംസ്ഥാനത്തെ ബി ജെ പി വക്താവ് എന്‍ ബൈറന്‍ സിംഗ് നയം വ്യക്തമാക്കുന്നു. എന്നാല്‍, ബി ജെ പി ദുര്‍ബലമായ ഹൈറേഞ്ചുകളില്‍ അവര്‍ എന്‍ പി എഫുമായി നല്ല ധാരണയില്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
സമതല മേഖലയില്‍ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വന്റെ എല്‍ ജെ പിയും മുന്നണി വിട്ട് 11 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി പൊതുവെ ശക്തമായ മണ്ഡലങ്ങളാണ് ഇവയെന്നത് ബി ജെ പിയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.

---- facebook comment plugin here -----

Latest