Connect with us

Kuwait

കുവൈത്തില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ സ്വദേശി സംവരണം നിര്ബന്ധമില്ല മന്ത്രി

Published

|

Last Updated

കുവൈത്ത് സിറ്റി: സ്വദേശി സംവരണ നിയമത്തില്‍നിന്ന് ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒഴിവാക്കിയതായി കുവൈത്ത് തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ എല്ലാ തസ്തികകളിലും വിദേശികളെ നിയമിക്കാന്‍ അനുവദിക്കും. നവ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണീ നയം മാറ്റമെന്നും മന്ത്രി വ്യക്തമാക്കി.

25ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ മൊത്തം തസ്തികകളുടെ നിശ്ചിത ശതമാനം സ്വദേശി ഉദ്യോഗാര്‍ഥികളെ നിയമിക്കണമെന്നാണ് നിലവിലെ നിയമം. സംവരണനിബന്ധന പാലിക്കാത്ത കമ്പനികളുടെ ഇടപാടുകള്‍ മരവിപ്പിക്കാനും പിഴ ഈടാക്കാനും സ്വകാര്യ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഹിന്ദ് അസ്സബീഹ് പ്രത്യേക ഉത്തരവിലൂടെയാണ് ചെറുകിട ഇടത്തരം സംരംഭങ്ങളെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയത്. ഇതനുസരിച്ച് ഇത്തരം സംരംഭകര്‍ക്ക് മുഴുവന്‍ ഒഴിവുകളിലേക്കും വിദേശികളെ നിയമിക്കാന്‍ സാധിക്കും. യുവാക്കളെ ബിസിനസ് രംഗത്തേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് സംവരണ നിബന്ധനയില്‍ ഇളവ് പ്രഖ്യാപിച്ചത്. അതേസമയം, സ്ഥാപനം ഏതുമേഖലയിലാണോ പ്രവര്‍ത്തിക്കുന്നത് ആ മേഖലയില്‍ യോഗ്യരായ തൊഴിലാളികളെ മാത്രമാണ് നിയമിക്കാന്‍ അനുവദിക്കുകയുള്ളൂ മന്ത്രി വ്യക്തമാക്കി.
.

ജനസംഖ്യ സന്തുലനത്തിന്റെ ഭാഗമായുള്ള സ്വദേശിവത്കരണനടപടികള്‍ ഒരുഭാഗത്ത് പുരോഗമിക്കുന്നതിനിടെ വിദേശി തൊഴിലന്വേഷകര്‍ക്ക് ആശ്വാസമേകുന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. പൊതുമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇല്ലാതിരിക്കുകയും സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നതിന് സ്വദേശികള്‍ വൈമുഖ്യം കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വദേശികളെ തൊഴിലുടമകളാക്കുക എന്നതാണു പദ്ധതി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.
വ്യത്യസ്ത മേഖലയില്‍ ചെറുകിടഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്വദേശി യുവാക്കള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുന്ന പദ്ധതിയാണ് ഇത്. കൂടുതല്‍ യുവാക്കള്‍ തൊഴിലുടമകളാകുന്നതോടെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍

Latest