കുവൈത്തില്‍ നേഴ്‌സ് അക്രമിക്കപെട്ടതില്‍ മന്ത്രി സുഷമയുടെ ഇടപെടല്‍

Posted on: February 22, 2017 2:22 pm | Last updated: February 22, 2017 at 2:22 pm

കുവൈത്ത് സിറ്റി: ഇന്നലെ കുവൈത്തിലെ അബ്ബാസിയയില്‍ ഗോപികാ ഷാജികുമാര്‍ എന്ന മലയാളി നേഴ്‌സിനു കുത്തേറ്റ സംഭവത്തില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടു. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയോട് സംഭവത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

ഇന്നലെ കാലത്ത് രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥാലത്തേക്കു പോകവേ ഫഌറ്റിന് മുന്നില്‍ വെച്ചാണ് ഗോപികക്ക് അക്രമിയുടെ കുത്തേറ്റത്. വയറിനും കാലിനും കുത്തേറ്റ ഗോപിക ഫര്‍വാനിയ ഹോസ്പിറ്റലില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിദേയയായി, ഇപ്പോള്‍ അപകട ഘട്ടം തരണം ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അബ്ബാസിയ മേഖലയില്‍ നിരന്തരമായി നടക്കുന്ന പിടിച്ച് പറിയും അക്രമവും വിദേശികളുടെ സ്വൈരജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

അബ്ബാസിയയില്‍ ഇന്ത്യക്കാര്‍ക്ക് സമാധാന ജീവിതം ഉറപ്പ് വരുത്താന്‍ ഇന്ത്യന്‍ എംബസ്സി, കുവൈത്ത് അധികാരികളുമായി അടിയന്തിരമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഐ സി എഫ് കുവൈത്ത് കമ്മറ്റി ആവശ്യപ്പെട്ടു. തുടര്‍ച്ചയായി വിദേശികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ അക്രമത്തിനും പിടിച്ചുപറിക്കും വിധേയമായിട്ടും, ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. ഐ സി എഫ് നേതാക്കളായ അബ്ദുല്‍ ഹകീം ദാരിമി, അഡ്വ. തന്‍വീര്‍ എന്നിവര്‍ വ്യക്തമാക്കി.