ദമ്മാമിൽ മലയാളി കുടുംബത്തെ ബന്ദിയാക്കി കവർച്ച

Posted on: February 22, 2017 1:29 pm | Last updated: June 30, 2017 at 2:47 pm
ദമ്മാം: അദാമയിൽ മലയാളി കുടുംബത്തെ ബന്ദിയാക്കി വീട്‌ കവർച്ച നടത്തി. കൊല്ലം കരുനാഗപ്പള്ളി ആസിഫിന്റെ വീടാണ്‌ പാതി മുഖം മൂടിയ സ്വദേശി യുവാക്കളെന്ന് സംശയിക്കുന്ന നാലു പേർ കൊള്ളയടിച്ചത്‌. കോളിംഗ്‌ ബെല്ലടിച്ചപ്പോൾ വാതിൽ തുറക്കാത്തതിനാൽ ചവിട്ടിപ്പൊളിച്ചാണ്‌ അതിക്രമികൾ അകത്തു കടന്നത്‌. മോഷ്ടാക്കളിൽ ഒരാൾ ആസിഫിന്റെ കഴുത്തിൽ സ്ക്രൂഡ്രൈവർ വെച്ച്‌ ഭീഷണിപ്പെടുത്തിയാണ്‌ കർമ്മം നിർവ്വഹിച്ചത്‌. നാലാം ക്ലാസിൽ പഠിക്കുന്ന ആസിഫിന്റെ മകനു നേരെയും അക്രമികൾ തിരിഞ്ഞു. ഈ നിമിഷം സംഘത്തിലെ മറ്റുള്ള വീട്ടിലെ വിലപിടിപ്പുള്ള മുഴുവൻ സാധനങ്ങളും അരിച്ചു പെറുക്കി. സ്കൂൾ അധ്യാപിക കൂടിയായ ആസിഫിന്റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ, പണം, മൊബൈൽ ഫോൺ, ടാബ്‌ തുടങ്ങി എല്ലാം നഷ്ടപ്പെട്ടു. പോലീസ്‌ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ദമ്മാമിൽ സമാനമായ സംഭവങ്ങൾ പതിവായിരിക്കുന്നതായി പരിസരവാസികൾ പറയുന്നു. പിടിച്ചു പറിയും അക്രമ സംഭവങ്ങളും പരാതിപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നുമുണ്ടാകുന്നില്ല. അദാമയിൽ എംബസി സേവന കേന്ദ്രത്തിനു സമീപം, സ്വകാര്യ സ്കൂളിനു പരിസരം എന്നിവ അക്രമികളുടെ വിഹാര കേന്ദ്രമാണെന്ന് അനുഭവസ്ഥർ പറയുന്നു. സ്വകാര്യ ആവശ്യത്തിനായി നഗരത്തിലേക്കിറങ്ങിയ ദമ്പതികൾ വാഹനം പാർക്ക്‌ ചെയ്ത്‌ അതിൽ നിന്നിറങ്ങാൻ കഴിയാത്ത വിധം ബൈക്കിൽ അക്രമികൾ വട്ടം ചുറ്റി ഭീതി വിതച്ചതായി ഒരാൾ പറഞ്ഞു. മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തി കഷ്ടിച്ചാണ്‌ അവിടെ നിന്ന് രക്ഷപ്പെട്ടത്‌. സമാനമായ കേസുകൾ ആവർത്തിച്ചിട്ടും സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടും നടപടി എടുക്കാൻ കഴിയുന്നില്ല. കവർച്ചാ സംഭവങ്ങളുടെ രീതി ഒന്നു പോലെയായതിനാൽ‌ പിന്നിൽ ഒരു സംഘമായിരിക്കാനുള്ള സാധ്യതയും പോലീസ്‌ തള്ളിക്കളയുന്നില്ല. ഏതായാലും കയ്യിൽ കിട്ടിയതെല്ലാം എടുത്ത്‌ കടന്നു കളഞ്ഞ അക്രമികളെ പിടികൂടാനാവുമെന്ന വിശ്വാസത്തിലാണ് ‌ആസിഫിന്റെ കുടുംബം.