Connect with us

Sports

ഇന്ത്യന്‍ മണ്ണിലെ ഓസീസ് ഹീറോയിസം

Published

|

Last Updated

ഡാമിയന്‍ മാര്‍ട്ടിന്‍

ഡീന്‍ ജോണ്‍സ് 210, ചെന്നൈ 1986

ഇന്ത്യയിലെ കടുത്ത ചൂടില്‍ ഡീന്‍ ജോണ്‍സ് ക്രീസില്‍ ചെലവഴിച്ചത് എട്ട് മണിക്കൂറിലേറെ. ഡേവിഡ് ബൂണിന്റെയും നായകന്‍ അലന്‍ ബോര്‍ഡറിന്റെയും സെഞ്ച്വറിക്ക് ശേഷമായിരുന്നു ഡീന്‍ ജോണ്‍സിന്റെ ഡബിള്‍ സെഞ്ച്വറി. ചൂട് സഹിക്കാനാകാതെ പല തവണ ഡീന്‍ ജോണ്‍സ് ഗ്രൗണ്ടില്‍ ഷര്‍ട്ടഴിച്ച് കിടന്നു. തലയിലൂടെ വെള്ളമൊഴിച്ചു. ഈ മത്സരം സമനിലയായി.

ആദം ഗില്‍ക്രിസ്റ്റ്‌

ആദം ഗില്‍ക്രിസ്റ്റ് 122, മുംബൈ 2001

സ്റ്റീവ് വോയുടെ ആസ്‌ത്രേലിയന്‍ ടീം പതിനഞ്ച് ടെസ്റ്റുകള്‍ തുടരെ ജയിച്ച് നില്‍ക്കുന്നു. പ്രതീക്ഷകള്‍ വാനോളം. തുടരെ പതിനാറാം ജയം എന്ന മധുരം നുണയാന്‍ ഓസീസ് തയ്യാറെടുത്തിരുന്നു. 2000-01 പരമ്പരയിലെ ആദ്യ മത്സരം മുംബൈയിലെ വാംഖഡെയില്‍. 99ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ഓസീസ് 176ന് ആള്‍ ഔട്ട്. രണ്ടാം ഇന്നിംഗ്‌സില്‍ ഗില്‍ക്രിസ്റ്റ് 84 പന്തില്‍ നേടിയ സെഞ്ച്വറി ചരിത്രമായി. ആസ്‌ത്രേലിയന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു. ഇന്ത്യക്കെതിരെ ആദ്യത്തെയും. മികച്ച ഫോമില്‍ പന്തെറിഞ്ഞ ഹര്‍ഭജന്‍ സിംഗിനെ സ്വീപ് ഷോട്ടുകളിലൂടെയും കട്ട്, ഇന്‍സൈഡ് ഔട്ട് ഡ്രൈവുകളിലെയും ആക്രമിച്ചായിരുന്നു 108 മിനുട്ടില്‍ ഗില്ലിയുടെ സെഞ്ച്വറി.

മൈക്കല്‍ ക്ലാര്‍ക്ക് 151 *, ബെംഗളുരു 2004

നീലക്കണ്ണുള്ള ഒരു യുവതാരം അരങ്ങേറുന്നു ഇന്ത്യന്‍ മണ്ണില്‍. ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ആ താരത്തിന്റെ പേര് മൈക്കല്‍ ക്ലാര്‍ക്ക്. ടീം സ്‌കോര്‍ നാലിന് 149 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ക്ലാര്‍ക്കിന്റെ വരവ്. സ്വന്തം സ്‌കോര്‍ 98 ല്‍ എത്തിയപ്പോള്‍ ക്ലാര്‍ക്ക് ഹെല്‍മറ്റ് മാറ്റി വിഖ്യാതമായ ബാഗി ഗ്രീന്‍ തൊപ്പിയണിഞ്ഞു. സെഞ്ച്വറി നേടിയ ഉടന്‍ അതില്‍ ചുംബിക്കാന്‍ വേണ്ടിയായിരുന്നു ഇത്. മൂന്നക്കം തികച്ചതിന്റെ ആവേശം തീര്‍ത്തത് അനില്‍കുംബ്ലെയെ മിഡ് വിക്കറ്റിന് മുകളിലൂടെ രണ്ട് സിക്‌സര്‍ പറത്തിക്കൊണ്ട്. ഓസീസിന്റെ ഭാവി ടെസ്റ്റ് നായകന്‍ എന്ന ലേബലോടെയായിരുന്നു ക്ലാര്‍ക്ക് ഇന്ത്യന്‍ പര്യടനത്തിന് എത്തിയത്. പരമ്പരയില്‍ മിന്നിയതോടെ ഓസീസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌പോണ്‍സര്‍ ഡീലില്‍ ക്ലാര്‍ക്ക് ഒപ്പുവെക്കുകയും ചെയ്തു.

ഡീന്‍ ജോണ്‍സ് തളര്‍ന്ന് ഗ്രൗണ്ടിലിരിക്കുന്നു

ഡാമിയന്‍ മാര്‍ട്ടിന്‍ 113 & 97, നാഗ്പുര്‍ 2004

റിക്കി പോണ്ടിംഗ് പരുക്കേറ്റ് പുറത്തായതോടെ ഗില്‍ക്രിസ്റ്റ് ഓസീസ് നിരയെ നയിക്കുന്നു. പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തുന്നത് 342 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ. മുപ്പത്തഞ്ച് വര്‍ഷത്തിനിടെ ഓസീസ് ഇന്ത്യന്‍ മണ്ണില്‍ പരമ്പര ജയം സ്വന്തമാക്കുന്നത് ഈ ഗംഭീര ജയത്തിന്റെ പിന്‍ബലത്തിലാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 113 റണ്‍സെടുക്കുകയും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് റണ്‍സിന് സെഞ്ച്വറി നഷ്ടമാവുകയും ചെയ്ത ഡാമിയന്‍ മാര്‍ട്ടിനായിരുന്നു ഓസീസ് നിരയിലെ സൂപ്പര്‍താരം. ഒന്നാം ഇന്നിംഗ്‌സില്‍ 165 പന്തിലായിരുന്നു 113. ഓസീസ് ടോട്ടല്‍ 398. രണ്ടാം ഇന്നിംഗ്‌സില്‍ ലീഡ് ഉയര്‍ത്തിയത് 184 പന്തില്‍ നേടിയ 97 റണ്‍സായിരുന്നു. സ്പിന്നിനെയും പേസിനെയും എങ്ങനെ വിദഗ്ധമായി നേരിടാം എന്നതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു മാര്‍ട്ടിന്റെ ഇന്നിംഗ്‌സ്. ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് പട്ടവും മാര്‍ട്ടിന്.

മൈക്കല്‍ കാസ്പറോവിച് 5/28, ബെംഗളുരു 1998

ആദ്യ രണ്ട് ടെസ്റ്റിലും ഓസീസ് തോറ്റു. ബെംഗളുരുവിലെ മൂന്നാം ടെസ്റ്റ് ജയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമായി പിന്നീട്. ആദ്യ ടെസ്റ്റ് 179 റണ്‍സിനും ഇന്നിംഗ്‌സിനും രണ്ടാം ടെസ്റ്റ് 219 റണ്‍സിനും തോറ്റ ഓസീസ് പ്രതീക്ഷയറ്റവരെ പോലെയായിരുന്നു. കൂടാതെ പ്രധാന കളിക്കാരുടെ പരുക്കും വലച്ചു. ബെംഗളുരുവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 424 ന് ആള്‍ ഔട്ട്. ഓസീസ് 400നും ആള്‍ ഔട്ട്. രണ്ടാം ഇന്നിംഗ്‌സില്‍ 28ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മൈക്കല്‍ കാസ്പറോവിച് ഇന്ത്യയെ തകര്‍ത്തു. ഓസീസ് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.