തൃശൂര്‍പൂരം നിലവിലുളള എല്ലാവിധ ആചാരങ്ങളോടെയും ഇത്തവണയും തുടരുമെന്ന് സര്‍ക്കാര്‍

Posted on: February 22, 2017 11:39 am | Last updated: February 22, 2017 at 8:23 pm

തിരുവനന്തപുരം: തൃശൂര്‍പൂരം നിലവിലുളള എല്ലാവിധ ആചാരങ്ങളോടെയും ഇത്തവണയും തുടരുമെന്ന് സര്‍ക്കാര്‍. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഉത്സവ ആഘോഷങ്ങളിലെ വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തൃശൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇന്നലെ തീരുമാനിച്ചിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രിയില്‍ ഉഗ്രശബ്ദത്തോടെ വെടിക്കെട്ട് നടത്തുന്നത് പുറ്റിങ്ങല്‍ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി നിരോധിച്ചിരുന്നു. പകല്‍ സമയത്ത് കുറഞ്ഞ ശബ്ദത്തോടെ വെടിക്കെട്ട് നടത്താം. ഇത് 140 ഡെസിബലിനുള്ളില്‍ ആയിരിക്കണം. വൈകുന്നേരം ആറു മണി മുതല്‍ രാവിലെ ആറു വരെ ഉഗ്രശബ്ദത്തോടെയുള്ള വെടിക്കെട്ട് നടത്താന്‍ പാടില്ല. ഈ സമയത്ത്, ആകാശത്ത് വര്‍ണങ്ങള്‍ വിതറുന്ന തരത്തിലുള്ള പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍. കോടതിവിധിയെ തുടര്‍ന്ന് സാംപിള്‍ വെടിക്കെട്ട് നടത്താനായി ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു.