മകളുടെ മുന്നിലിട്ട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Posted on: February 22, 2017 11:22 am | Last updated: February 22, 2017 at 11:22 am

തൃശൂര്‍: മകളുടെ മുന്നിലിട്ട്് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുന്നംകുളം ആനായ്ക്കല്‍ പനങ്ങാട്ട് പ്രതീഷിന്റെ ഭാര്യ ജിഷ(33)ആണ് കൊല്ലപെട്ടത്. പ്രതി പ്രതീഷ്(മച്ചി-45) പോലീസില്‍ കീഴടങ്ങി.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രാത്രിയില്‍ മകളുമൊത്ത് ഇരുവരും ഒന്നിച്ചാണ് വീടിന്റെ ഹാളില്‍ കിടന്നുറങ്ങിയത്. ശബ്ദം കേട്ട് മകള്‍ സ്‌നേഹ ഉണര്‍ന്നപ്പോള്‍ അച്ഛന്‍ അമ്മയെ വെട്ടുന്നതാണ് കണ്ടത്. കുട്ടിയുടെ നിലവിളികേട്ട് മറ്റൊരു മുറിയില്‍ ഉറങ്ങിയിരുന്ന പ്രതിയുടെ അമ്മ സുഭദ്ര എഴുന്നേറ്റ് വന്നെങ്കിലും രക്ഷിക്കാനായില്ല. ഇറച്ചിവെട്ടാനുപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പതിനെട്ട് വെട്ടുകളും, നെഞ്ചിനോട് ചേര്‍ന്ന് കുത്തുകയും ചെയ്തിട്ടുണ്ട്. സംഭവം കണ്ട് സ്തംബ്ധയായ മകള്‍ ഫോണെടുത്ത് തൊട്ടടുത്തുള്ള ബന്ധുവിനെ വിളിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ പ്രതി പുറകിലെ വാതില്‍ വഴി പുറത്തേക്കിറങ്ങി. ബന്ധുക്കള്‍ എത്തി ജിഷയെ ഉടനെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പതിനഞ്ച് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രജീഷ് മൂന്ന് മാസം മുമ്പ്് ജോലി ഉപേക്ഷിച്ചാണ്് നാട്ടിലെത്തിയത്. ഇതിന് ശേഷം ഇവര്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച കുന്നംകുളം പെരുമ്പിലാവിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലം സ്വദേശിനിയായ ഹോം നഴ്‌സ് വര്‍ഷയെ(28) വെട്ടിക്കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് തൊട്ടടുത്ത ദിവസവും മറ്റൊരു കൊലപാതകം കുന്നംകുളത്ത് നടന്നത്. ജിഷയെ കൊലപ്പെടുത്തിയ വീട്ടില്‍ കുന്നംകുളം ഡി വൈ എസ് പി. പി വിശ്വംബരന്‍, സി ഐ. രാജേഷ് കെ മേനോന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. കെ കെ രവീന്ദ്രന്‍ എന്നിവരുെട നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തി. തൃത്താല ചിറ്റപുറം പട്ടിത്തറ കരിയില്‍ പരമേശ്വരന്റെ മകളാണ് ജിഷ. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ആനായക്കലില്‍ പൊതു ദര്‍ശനത്തിന് ശേഷം തൃത്താലയിലെ വീട്ടിലേക്ക് കൊണ്ടു പോയി. ചന്ദ്രികയാണ് ജിഷയുടെ മാതാവ്. സഹോദരങ്ങള്‍: പ്രസാദ്, ഷീജ.