നടിക്കെതിരായ ആക്രമണം: യുവനടന്റെ കാക്കനാട്ടെ ഫഌറ്റില്‍ നിന്നും ഒരാളെ പിടികൂടി

Posted on: February 22, 2017 10:41 am | Last updated: February 22, 2017 at 6:09 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൊച്ചിയിലെ ഒരു യുവ നടന്റെ വീട്ടില്‍ നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പള്‍സര്‍ സുനിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഇന്നലെ വൈകുന്നേരം പൊലീസ് കസ്റ്റഡിയിലെടുത്തത്.

പള്‍സര്‍ സുനിയുടെ കഴിഞ്ഞ മൂന്ന് മാസത്തെ കോള്‍ ലിസ്റ്റാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ നടിയെ തട്ടിക്കൊണ്ട് പോയ ദിവസം ഫോണ്‍ വിളിച്ച എല്ലാവരേയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വിളിച്ചവരില്‍ ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഈ പരിശോധനയെ തുടര്‍ന്നാണ് കാക്കനാട് നിന്ന് ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവം നടന്ന ദിവസം ഇയാള്‍ നിരന്തരം പള്‍സര്‍ സുനിയെ വിളിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് ഇയാളെ വിളിച്ചപ്പോഴാണ് കൊച്ചിയിലെ നടന്റെ വീട്ടിലാണെന്ന് മനസിലാക്കി പൊലീസ് കസ്റ്റഡിലെടുത്തത്. എന്നാല്‍ ഇതുവരെ ഇയാളെ കേസുമായി ബന്ധപ്പെടുത്താനുള്ള ഒരു തെളിലും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.