Connect with us

Eranakulam

നടിക്കെതിരായ ആക്രമണം: പ്രധാന പ്രതി ജയരാജന്റെ അയല്‍വാസിയും സിപിഐഎമ്മുകാരനുമാണെന്ന് എംടി രമേശ്‌

Published

|

Last Updated

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണങ്ങളുമായി ബിജെപി വീണ്ടും. സംഭവത്തിന് പിന്നില്‍ കണ്ണൂര്‍ ലോബിക്ക് പങ്കുണ്ടെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ ആരോപണം. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് രമേശ് പുതിയ ആരോപണങ്ങള്‍ നിരത്തുന്നത്. നടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന് ഇന്നലെ ബിജെപി നേതാവായ എംഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുതിയ ആരോപണങ്ങളുമായി ബിജെപി വീണ്ടും എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിവസം ചെല്ലുന്തോറും ദുരൂഹത കൂടിവരികയാണ്. ചുക്കു ചേരാത്ത കഷായമില്ല എന്നതു പോലെയാണ് കേരളത്തിലെ സിപിഎമ്മിന്റെ അവസ്ഥ. നിയമവിരുദ്ധമായ എന്തു കാര്യം കേരളത്തില്‍ ഉണ്ടായാലും അതിന്റെ ഒരു വശത്ത് ഭരണകക്ഷിയില്‍ പെട്ട പ്രമുഖ പാര്‍ട്ടിയുണ്ടെന്ന അവസ്ഥ ഭയാനകമാണ്. കൊച്ചി എപ്പിസോഡിലും കഥ വ്യത്യസ്തമല്ല. ക്വട്ടേഷന്‍ സംഘങ്ങളാണ് അരങ്ങില്‍ ഉണ്ടായിരുന്നതെങ്കില്‍ സംവിധാനവും തിരക്കഥയുമായി അണിയറയില്‍ ഉള്ളത് ഭരണകക്ഷിയിലെ പ്രമുഖന്‍മാര്‍ തന്നെയാണ്. വിശിഷ്യ കണ്ണൂര് ലോബി.സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി പി വിജീഷ് തലശ്ശേരി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയില്‍ സ്വദേശിയാണ്. അതായത് പി ജയരാജന്റെ അയല്‍വാസി. സിപിഎമ്മുകാരനാണെന്ന് പറയേണ്ടതില്ലല്ലോ. മാത്രവുമല്ല പാര്‍ട്ടിയുടെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാള്‍. ഇയാളുടെ സഹോദരന്‍ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗൂഡാലോചനാ കേസില്‍ പ്രതികൂടിയാണെന്ന് അറിയുമ്പോഴേ ഇയാള്‍ പാര്‍ട്ടിക്ക് എത്ര വേണ്ടപ്പെട്ടവനാണെന്ന് മനസ്സിലാകൂ. നാട് നീളെ വല വിരിച്ച് കാത്തിരിക്കുന്ന പൊലീസിന്റെ മൂക്കിന് കീഴെ എത്തി അഭിഭാഷകനെ കാണാനും സ്വര്‍ണ്ണം പണയം വെച്ച് പണം ശേഖരിക്കാനും ഇവര്‍ക്ക് കഴിഞ്ഞത് എങ്ങനെയെന്ന് തിരക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുണ്ടോ? മുഖ്യമന്ത്രിയെ സമാധാനമായി ഭരിക്കാന്‍ സമ്മതിക്കില്ലെന്ന് ശപഥമെടുത്തിരിക്കുന്നത് പ്രതിപക്ഷമല്ലെന്ന് പിണറായി തിരിച്ചറിഞ്ഞാല്‍ കൊള്ളാം. ഗുണ്ടകളെ ഒതുക്കുമെന്ന അങ്ങയുടെ വാഗ്ദാനം നിറവേറ്റാനുള്ള ആദ്യ പരിശ്രമം
തുടങ്ങേണ്ടത് മറ്റെങ്ങുനിന്നുമല്ല സ്വന്തം ജില്ലയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമാണ്.

 

---- facebook comment plugin here -----

Latest